പൈതൃകം
മേടമാസത്തിലെ ശനിപ്രദോഷത്തിന് ഏറെ പ്രത്യേകതകള്‍; വ്രതമെടുത്താല്‍

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്ന പാമ്പ് അവിടെ വച്ച് വിഷം ഛര്‍ദ്ദിച്ചപ്പോള്‍, ഭൂമിയില്‍ വീണാല്‍ ഇത് സര്‍വനാശത്തിന് കാരണമാകും എന്നതിനാല്‍ അത് ശിവഭഗവാന്‍ കുടിക്കുകയും അത് ഇറങ്ങി പോകാതിരിക്കാന്‍ പാര്‍വ്വതി ദേവി കഴുത്തില്‍ തൊടുകയും കഴുത്ത് നീലനിറമാകുകയും ചെയ്തു. ഇത് നടന്നത് പ്രദോഷസമയത്ത് ആണെന്നും അതിനാല്‍ ഈ സമയത്ത് ശിവഭഗവാന്‍ ഏറെ ഉദാരമനസ്‌കനായിരിക്കും എന്നാണ് വിശ്വാസം.

ഒരുമാസം രണ്ടു പ്രദോഷമുണ്ട്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും. ഇതില്‍ കറുത്ത പക്ഷത്തെ പ്രദോഷമാണ് പ്രധാനം. ഇത്തവണത്തെ പ്രദോഷം കറുത്തപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ 24 ശനിയാഴ്ചയുള്ള
പ്രദോഷം ഏറെ പ്രാധാന്യമുള്ളതാണ്. സാധാരണ പ്രദോഷങ്ങളേക്കാള്‍ ഇരട്ടിഫലം തരുന്നതാണ് ഇത്തവണത്തേത്.

ശിവ ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സമയമായ പ്രദോഷ സമയത്തുള്ള പൂജാകര്‍മ്മങ്ങള്‍, അഭിഷേകങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍ ഭജനകള്‍ തുടങ്ങിയവ വളരെ വിശേഷപ്പെട്ടതാണ് . സൂര്യാസ്തമയത്തോട് അടുത്തുള്ള സമയമാണ് പ്രദോഷം. അസ്തമത്തിന് മുന്‍പ് 90 മിനിട്ടും അത് കഴിഞ്ഞ് 30 മിനിറ്റുമാണ്.

വീട്ടില്‍ പൂജചെയ്യുന്നത് നല്ലതാണെങ്കിലും, ഈ സമയത്ത് ശിവക്ഷേത്ര ദര്‍ശനം ഏറെ ഫലപ്രദവും ഐശ്വര്യദായകവുമാണ്. ശിവഭഗവാന് ഏറെ പ്രിയപ്പെട്ട ഈ സമയത്ത് ചെയ്യുന്ന പൂജാവിധികളുടെ ഫലസിദ്ധി വളരെ വിശേഷപ്പെട്ടത് ആണെന്നാണ് വിശ്വാസം. കൂവളത്തില കൊണ്ടുള്ള പൂജയും അര്‍ച്ചനകളും വളരെ പ്രധാനമാണ്.

രണ്ട് തരത്തിലാണ് പ്രദോഷദിനത്തില്‍ സാധാരണ ഉപവാസം അനുഷ്ഠിച്ച് വരുന്നത്. കഠിന ഉപവാസവും ലഘു ഉപവാസവും അനുഷ്ഠിക്കുന്ന ഭക്തരുണ്ട്. കഠിന ഉപവാസം എന്നത് പ്രദോഷദിവസം രാവിലെ മുതല്‍ പിറ്റേ ദിവസം രാവിലെ വരെ ഭക്ഷണം കഴിക്കാതെ, രണ്ടാമത്തെ ദിവസം ശിവ പൂജക്ക് ശേഷം മാത്രം ഭക്ഷണം കഴിക്കുകയാണ് ഈ ഉപവാസ രീതി. എന്നാല്‍ ലഘു ഉപവാസങ്ങളില്‍, പാലും പഴങ്ങളും കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതുമാണ്.

ശിവ പുരാണമനുസരിച്ച്, പ്രദോഷ വ്രതത്തിന് പല ഗുണങ്ങള്‍ ഉണ്ടെന്നാണ് അറിവ്. പ്രദോഷ ഉപവാസമെടുക്കുന്ന ആളുടെ കുടുംബത്തിന് ഐശ്വര്യം, സമൃദ്ധി, സന്താനലബ്ധി, സമാധാനം തുടങ്ങിയവ വന്നുചേരും. സ്ഥിരമായി വ്രതമെടുക്കുന്ന സ്ത്രികള്‍ക്ക് സന്താനലബ്ധി ഉണ്ടാകുമെന്ന് വിശ്വാസ്സം. മാത്രവുമല്ല ഈ വ്രതമെടുക്കുന്ന ആളുകളുടെ എല്ലാ പാപങ്ങളും നശിക്കുകയും മോക്ഷപാത എളുപ്പമാകുകയും ചെയ്യും.

പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ അന്നേദിവസം ശിവക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ഥിച്ചാലും അതിവിഷ്ടമാണ്.

Related Posts