
അത്യപൂര്‍വ ശനി പ്രദോഷം; ശിവ പ്രീതിക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കല്ലേ
ശിവപ്രീതിക്കായി ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണ് പ്രദോഷവ്രതം. ദുരിതങ്ങളും സങ്കടങ്ങളും അകലാനും പ്രദോഷ വ്രതം ഉത്തമം. പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ടാകുന്ന വേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. സൂര്യാസ്തമയവുമായി ബന്ധപ്പെട്ട മുഹൂര്‍ത്തത്തിലാണ് പ്രദോഷം വരുന്നത്. അതിനാല്‍ ഈ വ്രതത്തിലെ ഏറ്റവും ശ്രേഷ്ഠ സമയം വൈകുന്നേരമാണ്.
മെയ് 24 ശനിയാഴ്ച അത്യപൂര്‍വമായ ശനി പ്രദോഷമാണ്. ഇടവമാസത്തിലെ പ്രദോഷമാണിത്.
സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടി ഫലം ലഭിക്കുന്ന ദിനമാണ് ശനിപ്രദോഷം. 12 പ്രദോഷവ്രതമെടുത്ത ഫലം ഒറ്റ ശനിപ്രദോഷവ്രതമെടുത്താല്‍ ലഭിക്കുമെന്നാണ് വിശ്വാസം.
പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതാനുഷ്ഠാനം സകല പാപങ്ങളെയും നശിപ്പിക്കും. ക്ഷിപ്ര പ്രസാദിയല്ലെങ്കിലും മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ക്ക് ഭഗവാന്‍ ഒരു കുറവും വരുത്തുകയില്ല എന്നാണ് വിശ്വാസം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ഇത്.പ്രദോഷ ദിനത്തില്‍ രാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ മന്ത്രവും ശിവപഞ്ചാക്ഷരി സ്തോത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷ ദിനം മുഴുവന്‍ ശിവ ഭഗവാനെ ഭജിക്കണം.
പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും ശിവ ഭഗവാന് കൂവളമാലയും എണ്ണയും സമര്‍പ്പിക്കുന്നതും ജലധാര നടത്തുന്നതും ഉത്തമം. പകല്‍ മുഴുവന്‍ ഉപവസിക്കുന്നത് തന്നെയാണ് നല്ലത് എങ്കിലും അതിന് സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നേദ്യ ചോര്‍ കഴിക്കാം.
പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ദശാ ദോഷവും ജാതകദോഷം മൂലം ഉണ്ടാകുന്ന ദോഷകാഠിന്യവും കുറയുമെന്നാണ് വിശ്വാസം. കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനുമായി രവിപ്രദോഷ നാളില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ നെയ്യ് വിളക്കും എണ്ണവിളക്കും തെളിയിക്കാം.
പ്രദോഷവ്രത സമയത്ത് നന്ദികേശന് പ്രത്യേക വഴിപാട് നടത്തുന്നത് ശിവനെ സംതൃപ്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇതിനായി പ്രദോഷവ്രതം എടുക്കുന്നവര്‍ ഒരു കൈപിടി കറുക, വഹ്നി ഇല, ഒരു പിടി അരി, ശര്‍ക്കര, എന്നിവ നന്ദീദേവന് സമര്‍പ്പിച്ച് നെയ്‌വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശനി ദോഷത്തിന്റെ ഉഗ്രത കുറയുമെന്നാണ് വിശ്വാസം.
വ്രതരീതികള്‍ എല്ലാം സാധാരണ വ്രതങ്ങളെപ്പോലെ തന്നെ. പ്രദോഷ വ്രതവും ഫലങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാന്‍ വീഡിയൊ കാണൂ.