ഈ സൂക്തം ഒന്‍പതു ദിവസം ജപിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസങ്ങള്‍ ശക്തിസ്വരൂപിണിയായ ദേവിയെ ദുര്‍ഗാദേവിയായാണ് ആരാധിക്കുന്നത്. കൂടാതെ നവരാത്രിയിലെ എട്ടാംദിവസം ദുര്‍ഗാഷ്ടമിയായി കണക്കാക്കുകയും ചെയ്യുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഒരുപോലെ കടന്നുവരുന്ന സൂക്തമാണ് ദേവീസൂക്തം.
വാക്കാണ് ഈ സൂക്തത്തിന്റെ ദേവത. ഈ മന്ത്രങ്ങള്‍ ലഭിച്ചതാകട്ടെ വാക് അംഭൃണി എന്ന ഋഷിക (ഋഷി എന്നതിന്റെ സ്ത്രീലിംഗം) യ്ക്കാണ്. ഈശ്വരന്റെ ഭഗവതീശക്തിയെ അതീവഹൃദ്യമായി വര്‍ണിക്കുകയാണ് ഈ സൂക്തത്തില്‍. ആയുധപൂജ, അക്ഷരങ്ങളുടെ ഹരിശ്രീ കുറിയ്ക്കല്‍, നൃത്തവാദ്യങ്ങളുടെ ആരംഭം കുറിക്കല്‍ എന്നിവയൊക്കെ നവരാത്രികാലത്ത് എങ്ങനെ കടന്നുവന്നുവെന്നറിയാന്‍ ഈ ദേവീസൂക്തം പഠിക്കണം.
ദുര്‍ഗയായി ദേവിയെ ഉപാസിക്കുന്ന ചിന്തയുടെ തുടക്കം ഈ സൂക്തമായിരിക്കുമെന്നു കരുതപ്പെടുന്നു. മാര്‍ക്കാണ്ഡേയ പുരാണത്തിന്റെ ഭാഗമായ ‘ദുര്‍ഗാസപ്തശതി’യുടെ ഒടുവില്‍ ഈ സൂക്തം പാരായണം ചെയ്യുന്ന പതിവുണ്ട്.
ദുര്‍ഗാദേവി സകല ദേവന്മാരുടെയും ആയുധങ്ങള്‍ നേടി മഹിഷാസുരനെ വധിച്ചതിന്റെ വൈദികവീക്ഷണം ദേവീസൂക്തത്തിലുണ്ട്. ഋഗ്വേദത്തില്‍ നിന്നുള്ള ദേവീസൂക്തം നവരാത്രിക്കാലത്ത് ജപിക്കുന്നത് ശ്രേഷ്ഠമായ ഫലങ്ങള്‍ നല്‍കും.
ദേവീസൂക്തം
അഹം രുദ്രേഭിര്‍വ്വസുഭിശ്ചരാ
മ്യഹമാദിത്യൈരുത വിശ്വദേവൈഃ
അഹമിത്രാവരുണോഭാബിഭാ
ര്‍മ്മ്യഹമിന്ദ്രാഗ്‌നീ അഹമശ്വിനോഭാ 1
ഈ സൂക്തത്തിന്റെ ഋഷി അംഭൃണന്‍ എന്ന മഹര്‍ഷിയുടെ പുത്രിയും ബ്രഹ്മവിദുഷിയും വാക് എന്ന നാമമുള്ളവളുമായ ഒരു സ്ത്രീ രത്‌നമാണ്. സച്ചിദാനന്ദസ്വരൂപനും സര്‍വ്വവ്യാപിയുമായ പരമാത്മാവു തന്നെയാണ് ഇതിലെ പ്രതിപാദ്യവിഷയം. പരമാത്മാവ് സ്വാഭിന്നനാകയാല്‍ ഈ ബ്രഹ്മവാദിനീ ബ്രഹ്മതാദാത്മം പ്രാപിച്ച് സ്വാത്മാവിനെ ബ്രഹ്മത്വേന സ്തുതിക്കുന്നു. ഈ സൂക്തദൃഷ്ടിയായ അംഭൃണീവാക് എന്ന ഞാന്‍ ജഗല്‍കാരണമായ ബ്രഹ്മത്തോട് ഐക്യം പ്രാപിച്ച് ഏകദേശ രുദ്രരൂപിണിയായി ചരിക്കുന്നു. അതു പോലെ വസുക്കളും വിശ്വദേവന്മാരും ഞാന്‍ തന്നെയാണ്. അത്രയുമല്ല മിത്രവരുണന്മാരെയും ഇദ്രാഗ്‌നികളേയും അശ്വനിദേവന്മാരേയും ഞാന്‍ നിലനിര്‍ത്തുന്നു.
അഹം സോമമാഹനസം ബിഭ
ര്‍മ്മ്യം ത്വഷ്ടാരമുതേപൂഷണ ഭഗം
അഹന്ദധാമി ദ്രവിണം ഹവിഷ്മതേ
സുപ്രവ്യേ യജമാനായ സുന്വതേ 2
ശത്രുക്കളെ ഹനിക്കുന്നവനും, ദേവതാത്മവുമായ സോമനെ ഞാന്‍ പോഷിപ്പിക്കുന്നു. അതുപോലെ ത്വഷ്ടാവിനേയും പുഷാവിനേയും ഭഗദേവനേയും ഞാന്‍ തന്നെയാണ് നിലനിര്‍ത്തുന്നത്. അപ്രകാരം തന്നെ സോമാഭിഷവം ചെയ്യുന്നവരും ദേവന്മാര്‍ക്ക് ഹവിര്‍ദ്ദാനം ചെയ്തു അവരെ തൃപ്തിപ്പെടുത്തുന്നവനുമായ യഷ്ടാവിന് യാഗഫലരൂപമായ ധനം ഞാന്‍ തന്നെ കൊടുക്കുന്നു.
അഹം രാഷ്ടീ സംഗമനീ വസൂനാം,
ചികിതുഷി പ്രഥമാ യജ്ഞിയാനാം;
താമ്മാ ദേവാ വ്യദധുഃ പുരുത്രാ
ഭൂരിസ്ഥാത്രാം ഭൂര്‍യ്യാവേശയന്തീം. 3
ഞാന്‍ ചരാചരാത്മകമായ ജഗത്തിന്റെ ഈശ്വരിയും ഉപാസകന്മര്‍ക്ക് ധാനദികളായ അഭിഷ്ട്ങ്ങള്‍ ലഭിപ്പിക്കുന്നവളും ആണ്. എനിക്ക് ബ്രഹ്മസാക്ഷാല്‍ക്കരം സിദ്ധിച്ചിരിക്കുന്നു. അതുപോലെ തന്നെ പൂജാര്‍ഹന്മാരില്‍ ഞാന്‍ ഉത്തമയാണ്. അത്രയുമല്ല ലോകത്തിലെ എല്ലാ വസ്തുക്കളിലും ഞാന്‍ നിറഞ്ഞിരിക്കുന്നു. എല്ലാ ജീവജാലങ്ങളിലും പ്രാണരൂപത്തില്‍ പ്രവേശിച്ചിരിക്കുന്നു. ഇപ്രകാരം ഗുണവിശിഷ്ടയും ശക്തിസ്വരൂപിണിയുമായ എന്നെ ദേവന്മാരും മനുഷ്യന്മാരും ബഹുരൂപത്തില്‍ പല സ്ഥലങ്ങളിലും പ്രതിഷ്ടിച്ച് ഉപാസിക്കുന്നു.
മായാസോ അന്നമത്തിയോ വിപിശ്യതി,
യഃ പ്രണിതിയ ഈം ശൃണോത്യുക്തം:
അമന്തവോമാന്ത ഉപക്ഷിയന്തി,
ശ്രുതി ശ്രുത ശ്രദ്ധിവന്തേ വദാമി. 4
യാതൊരാള്‍ ഭോജ്യവസ്തുക്കളെ ഭുജിക്കുന്നുവോ, യാതൊരാള്‍ ദൃശ്യവസ്തുക്കളെ ദൃശിക്കുന്നുവോ, യാതൊരാള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നുവോ, യതൊരാള്‍ ശ്രവിക്കുന്നുവോ, അവരെല്ലാം എന്റെ പ്രേരണകൊണ്ടാണ് ഈ വ്യപാരങ്ങള്‍ ചെയ്യുന്നത്. എന്റെ ഈ അതീന്ദ്രീയശക്തിയെ അറിയാത്തവര്‍ കേവലം അജ്ഞന്മരാണ്. അവര്‍ സ്വയം നശിക്കുന്നു. ഹേ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ശ്രോതവ്യമായ ആ വസ്തു ശ്രദ്ധകൊണ്ടും പ്രയത്‌നം കൊണ്ടും ലഭിക്കേണ്ടതായ ബ്രഹ്മജ്ഞാനമാണ്. ആ ഉല്‍കൃഷ്ടജ്ഞാനത്തെ ഞാന്‍ ഉപദേശിക്കാം, പരബ്രഹ്മം തന്നെ ഈ ബ്രഹ്മാനുഭൂതി ശ്രദ്ധകൊണ്ടു മാത്രം ലഭ്യമായ ഒരു അനുഭവമാണ്. ആ സ്വരൂപത്തെ ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം.
അഹമേവ സ്വയമിദം വദാമി,
ജൂഷ്ടന്ദേവേഭിരുതമാനുഷേഭിഃ;
യംകാമയേ തന്തമുഗ്രങ്കൃണോമി,
തം ബ്രഹ്മാണന്തമൃഷിന്തം സുമേധാം. 5
ബ്രഹ്മാത്മകമായ ഈ ഉല്‍കൃഷ്ടവസ്തുവിനെ ഞാനിതാ ഉപദേശിക്കുന്നു. ഇന്ദ്രാദി ദേവന്മാരാലും മനുഷ്യരാലും സേവിക്കപ്പെടുന്ന യാതൊരു ബ്രഹ്മാത്മകവസ്തു ഉണ്ടോ, തദ്രൂപിണിയായ ഞാന്‍ ആരെയെല്ലാം അനുഗ്രഹിക്കുവാന്‍ ഇച്ഛിക്കുന്നുവോ അവരെയെല്ലാം ഉത്തമപുരുഷന്മാരാക്കി ചെയ്യുന്നു. അതുപോലെ തന്നെ ഞാന്‍ ബ്രഹ്മവിനെ ജഗല്‍സ്രഷ്ടാവാക്കുന്നു. ഋഷികളെ അതീന്ദ്രീയജ്ഞാനമുള്ളവരാക്കുന്നു. അവര്‍ക്ക് ശോഭനമായ ബുദ്ധിയെ കൊടുക്കുന്നു. അതായത് ബ്രഹ്മാവിന് ജഗല്‍സൃഷ്ടി സാമര്‍ത്ഥ്യവും , ഋഷിമാര്‍ക്ക് അതീന്ദ്രീയജ്ഞാനവും ഞാനാണ് നല്‍ക്കുന്നത്.
അഹം രുദ്രായ ധനുരാതനോമി,
ബ്രഹ്മദ്വിഷേ ശരവേ ഹന്തവാ ഉ;
അഹഞ്ജനായ സമദങ്കൃണോ
മ്യഹന്ദ്യാവാപൃഥിവീ ആവിവേശ. 6
പണ്ട് മഹാദേവന് ത്രിപുരസംഹാരത്തിന്നു വേണ്ടി ആ പ്രസിദ്ധമായ ധനുസ്സ് ഞാനാണ് നിര്‍മ്മിച്ചത്. എന്തിനാണ് അത് നിര്‍മ്മിച്ചത് ? ബ്രഹ്മജ്ഞന്മാരായവരെ ദ്വേഷിക്കുന്ന ശത്രുക്കളെ നശിപ്പിക്കുവാന്‍ വേണ്ടിയാണ് ഇത് ഉണ്ടാക്കിയത് . സജ്ജനങ്ങളെ രക്ഷിക്കുവാന്‍ ഞാന്‍ ദുര്‍ജ്ജനങ്ങളോട് യുദ്ധം ചെയ്യുന്നു. അപ്രകാരം തന്നെ ഭൂമിയേയും ഭൂലോകത്തേയും ഞാന്‍ അന്തര്‍യ്യാമിയായി ആവേശിച്ചിരിക്കുന്നു.
അഹം സുവേ പിതരമസ്യ മൂര്‍ദ്ധന്‍,
മമയോനിരപ്‌സ്വന്തസ്സമുദ്രേ;
തതോവിതിഷ്‌ഠേ ഭുവനാനുവി
ശ്വേതാമൂന്ദ്യാം വര്‍ഷ്മണോപസ്പൃശാമി. 7
ഈ ഭൂലോകത്തിന്റെ ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്നതും പിതൃസ്ഥാനീയവുമായ ദ്യുലോകത്തെ ആകാശത്തെ ഞാന്‍ ഉല്‍പാദിപ്പിച്ചു . പരമാത്മാവില്‍ ബുദ്ധിവൃത്തികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ യതൊരു ചൈതന്യവിശേഷം ഉളവാകുന്നുവോ അതാണ് എന്റെ ഉല്‍പ്പത്തികാരണം . ഇപ്രകാരം ഇരിക്കുന്ന ഞാന്‍ എല്ലാവസ്തുക്കളിലും പ്രവേശിച്ച് സ്ഥിതിചെയ്യുന്നു. അത്രയുമല്ല വിദൂരത്തില്‍ സ്ഥിതിചെയ്യുന്ന സ്വര്‍ഗ്ഗം മുതലായ എല്ലാ വസ്തുക്കളെയും മായാമവും ആദികാരണവുമായ എന്റെ ശരീരം കൊണ്ട് സ്പര്‍ശിക്കുന്നു. എന്റെ ഉപാദാനകാരണം പരബ്രഹ്മമാണ്. എല്ലാ വസ്തുക്കളിലും ഞാന്‍ പ്രകൃതിരൂപേണ വ്യാപിച്ച് സ്ഥിതി ചെയ്യുന്നു.
അഹമേവ വാത ഇവ പ്രവാ
മ്യാരഭമണോ ഭുവാനാനീ വിശ്വാ;
പരോദിവാപര ഏനാ പൃഥി
വ്യൈതാവതീ മഹിനാ സംബഭൂവ. 8
ദൃഗ്യാദൃശ്യങ്ങളും ചരാചരങ്ങളുമായ സകല വസ്തുക്കളുടെയും ഉല്‍ഭവത്തിന് കാരണഭൂതനായ ഞാന്‍ സ്വയമേവ പരാജ്ഞയ്ക്ക് വശംവദയല്ലാതെ പ്രവര്‍ത്തിക്കുന്നു. വായു ഏതു പ്രകാരമാണോ അന്യന്റെ പ്രേരണകൂടാതെ വീശുന്നത്, അപ്രകാരം . ഈ പറഞ്ഞതിനെ ഒന്നുകൂടി വിവരിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും ഉപരിതലത്തില്‍ ഞാന്‍ സ്ഥിതിചെയ്യുന്നു. ഈ പ്രപഞ്ചവസ്തുക്കളോട് എനിക്ക് ബന്ധമില്ല. എല്ലാം നിയന്ത്രിക്കുന്ന ബ്രഹ്മരൂപിണിയായ ഞാന്‍ എന്റെ അചിന്ത്യശക്തിയോടുകൂടി പരിലസിക്കുന്നു. ‘ശിവശ്ശക്ത്യായുക്തഃ’ എന്നതിലെ പരാശക്തി തന്നെയാണ്, ഈ സൂക്തത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ളത്’.