നക്ഷത്രവിചാരം
ലാഭം കൊയ്യുന്ന നക്ഷത്രക്കാര്‍

പൊതുവേ വിശാലഹൃദയരും മനോശുദ്ധിയും, വിദ്യാസമ്പന്നതയും ഉള്ളവരുമാകും പൂരാടം നക്ഷത്രക്കാര്‍. പെരുമാറ്റരീതികളില്‍ മാനംമര്യാദകള്‍ പാലിക്കും. സ്വതന്ത്ര ചിന്താഗതിക്കാരായ ഇവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ മടികാണിച്ചേക്കും. പ്രതിയോഗിയെ കീഴ്‌പ്പെടുത്താന്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. എന്തിനെയും എതിര്‍ക്കാനും പരാജയപ്പെടുത്താനും അപാരമായ കഴിവുണ്ടായിരിക്കും. കലാപരമായ കഴിവുകളുള്ള ഇവര്‍ ആഢംബര വസ്തുക്കളോട് കമ്പക്കാരുമാകും. മാതൃഭക്തിയും ബുദ്ധിവൈഭവവും പ്രകടിപ്പിക്കും.

താത്വികപ്രസംഗം നടത്തുകയും അതിനു വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് ഇക്കൂട്ടരുടെ ദോഷം. അധികം മുതല്‍മുടക്കില്ലാതെ ധാരാളം ലാഭം കൊയ്‌തെടുക്കാന്‍ കഴിവുപ്രകടിപ്പിക്കും. ആ നേട്ടങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ മറ്റൊരാളുടെ സഹായം ഇവര്‍ക്കു വേണ്ടിവന്നേക്കും. പൊതുജനങ്ങള്‍ക്കിടയിലും മേലധികാരികളിലും സല്‍പ്പേരുനേടും. ആരേയും മനസുതുറന്ന് വിശ്വസിച്ചില്ലെന്ന് വന്നേക്കാം. കേസുകള്‍, വ്യവഹാരങ്ങള്‍ എന്നിവ നടത്തുന്നതില്‍ താത്പര്യം പ്രകടിപ്പിക്കും. മിക്കവാറും പേര്‍ സ്ത്രീലമ്പടന്മാരാകാനും സാധ്യതയുണ്ട്.

സ്ത്രീകള്‍ സുന്ദരികളും ദുരഭിമാനികളും ചഞ്ചലമതികളുമായിരിക്കും. അവിചാരിതമായ വിവാഹബന്ധങ്ങളില്‍ ചെന്നുപെട്ടേക്കാം. ജീവിതത്തില്‍ അലോസരങ്ങളും അലങ്കോലങ്ങളും ഉണ്ടാകാനും ഇടയുണ്ട്. പൊതുപ്രവര്‍ത്തനം, ബാങ്കിംഗ്, നിയമം, ഹോട്ടല്‍ വ്യവസായം, ഫൈനാന്‍സ് മേഖലകളില്‍ ശോഭിക്കും. രക്തദൂഷ്യം, വീക്കം, കാല്‍കുഴച്ചില്‍, മുതുകുവേദന എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.

രണ്ടു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് പൂരാടം നക്ഷത്രം. മുറമോ, വിശറിയോ ആണ് അടയാളം. ഇതൊരു അധോമുഖ നക്ഷത്രമാണ്. ശുഭകാര്യങ്ങള്‍ക്ക് ചേരില്ല. നിഗൂഢപ്രവര്‍ത്തികള്‍ക്കും കുഴിക്കല്‍, മുറിക്കല്‍ എന്നിവയ്ക്ക് അനുയോജ്യം. ഉഗ്രനക്ഷത്രമായതിനാല്‍ ഉച്ചാടനകര്‍മങ്ങള്‍ക്കും വധബന്ധനാദികള്‍ക്കും യോഗ്യം. പാദദോഷങ്ങളുള്ളതിനാല്‍, കുഞ്ഞ് ജനിച്ചാല്‍ നാലുപാദങ്ങളിലും(15 നാഴിക വീതം) യഥാക്രമം മാതാവ്, പിതാവ്, മാതുലന്‍, ജനിക്കുന്ന കുഞ്ഞിനു തന്നെയും ദോഷകരമായേക്കാം. ഒരു ദോഷം കൂടാതെയും കുഞ്ഞ് പിറന്നേക്കാം.
ദേവത-ജലം, ഗണം-മാനുഷം, യോനി-പുരുഷന്‍, ഭൂതം-വായു, മൃഗം-കുരങ്ങ്, പക്ഷി-കോഴി, വൃക്ഷം-വഞ്ചി.

Related Posts