ക്ഷേത്ര വാർത്തകൾ
പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ; വിദ്യാരംഭം ഒക്ടോബര്‍ 21-ന്

കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സ്വയംവര പാര്‍വ്വതിയായ പാവക്കുളത്തമ്മയുടെ സന്നിധിയില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, കളമെഴുത്തും പാട്ടും, നവകുമാരി പൂജ, ദേവീഭാഗവത പാരായണം, സാംസ്‌കാരിക കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത ധൂളിചിത്രകാരന്‍ പുരളിപ്പുരം നാരായണന്‍ നമ്പൂതിരി ഒമ്പത് ദിവസങ്ങളിലായി വരയ്ക്കുന്ന നവദുര്‍ഗ്ഗ പത്മങ്ങളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ പ്രശാന്ത് നമ്പൂതിരിപ്പാട്, മുന്‍ ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി കൂടിയായ ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.

പൂജവയ്പ്പും വിദ്യാരംഭവും

ഒക്ടോബര്‍ 18 ഞായറാഴ്ച വൈകിട്ട് 5.30-നാണ് പൂജവയ്പ്പ്. പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കാന്‍ താല്പര്യമുള്ളവര്‍ അന്ന് വൈകിട്ട് 5 മണി മുതല്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തി ക്ഷേത്രത്തില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ 7-ന് സരസ്വതി പൂജയും തുടര്‍ന്ന് 7.30-ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്കൊപ്പം ഒമ്പത് ദിവസം പൂജിച്ച വിശേഷാല്‍ സാരസ്വതഘൃത വിതരണവും ഉണ്ടായിരിക്കും.

നവകുമാരി പൂജ

ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് വൈകിട്ട് 6 മണി മുതല്‍ 2 മുതല്‍ 6 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയും, മഹാനവമി ദിനമായ ഒക്ടോബര്‍ 20-ന് വൈകിട്ട് 6 മുതല്‍ 7 മുതല്‍ 10 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയും ദേവീഭാവത്തില്‍ സങ്കല്‍പ്പിച്ച് നവകുമാരി പൂജ നടത്തും. പൂജയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികളുടെ വിവരങ്ങള്‍ ക്ഷേത്രം ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

നിത്യേനയുള്ള ചടങ്ങുകളും കലാപരിപാടികളും

ഉത്സവ ദിവസങ്ങളില്‍ ദിവസേന രാവിലെ 5-ന് ഗണപതി ഹോമം, 7 മണി മുതല്‍ ഗൗരീശങ്കര നാരായണീയ സമിതിയുടെ ദേവീഭാഗവത പാരായണം എന്നിവ നടക്കും. വൈകിട്ട് 5 മണിക്ക് വിശേഷാല്‍ ഹോമങ്ങളും ദേവിയുടെ വിവിധ ഭാവങ്ങളിലുള്ള കളംവരയ്ക്കലും വിശേഷാല്‍ ദീപാരാധനയും ഉണ്ടായിരിക്കും. തുടര്‍ന്ന് രാത്രി 8 മണി മുതല്‍ തിരുവാതിര, സംഗീതക്കച്ചേരി, കഥക്, ക്ലാസിക്കല്‍ നൃത്തങ്ങള്‍, ഭക്തിഗാനമേള, പ്രഭാഷണങ്ങള്‍ എന്നിവ അരങ്ങേറും. വിശേഷാല്‍ നിറപറ സമര്‍പ്പണം, നവരാത്രി പൂജകള്‍, അലങ്കാരങ്ങള്‍ എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ക്ഷേത്രം ഓഫീസുമായോ (ഫോണ്‍: 0484 2401770, 97783 61574) www.pavakkulamtemple.in എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേത്ര സമിതി സെക്രട്ടറി അറിയിച്ചു.

 

Related Posts