ക്ഷേത്ര വാർത്തകൾ
പരവൂര്‍ കോട്ടപ്പുറം വലിയവീട് ദേവീക്ഷേത്രത്തില്‍ കുംഭ തിരുവാതിര മഹോത്സവം 25 മുതല്‍

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

പരവൂര്‍: കോട്ടപ്പുറം വലിയവീട് ദേവീക്ഷേത്രത്തിലെ 2026-ലെ കുംഭ തിരുവാതിര മഹോത്സവം ഫെബ്രുവരി 25 മുതല്‍ 27 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെയും കലാപരിപാടികളോടെയും ആഘോഷിക്കും. ഉത്സവത്തിന് മുന്നോടിയായി ഫെബ്രുവരി 20 വെള്ളിയാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം വിപുലമായി ആചരിക്കും. അന്നേദിവസം രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഇളനീര്‍ അഭിഷേകം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, ശ്രീമദ് ദേവീഭാഗവത പാരായണം, ഉഷഃപൂജ, പ്രസാദമൂട്ട് എന്നിവയും വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, അത്താഴപ്പൂജ എന്നിവയും ഉണ്ടായിരിക്കും.

ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഇളനീര്‍ അഭിഷേകം, ഗണപതിഹോമം, ദേവീഭാഗവത പാരായണം, ഉഷഃപൂജ എന്നിവയും വൈകിട്ട് ദീപാരാധനയും അത്താഴപ്പൂജയും നടക്കും. രണ്ടാം ദിവസമായ ഫെബ്രുവരി 26 വ്യാഴാഴ്ച പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 9.30-ന് മഹാമൃത്യുഞ്ജയ ഹോമവും ഉച്ചയ്ക്ക് പ്രസാദമൂട്ടും നടക്കും. അന്ന് വൈകിട്ട് 6.45-ന് വിശേഷാല്‍ ഭഗവതി സേവയും ഉണ്ടായിരിക്കുന്നതാണ്.

ഉത്സവത്തിന്റെ പ്രധാന ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ച തിരുവാതിര മഹോത്സവം കൊണ്ടാടും. അന്ന് രാവിലെ 5.45-ന് നിര്‍മ്മാല്യ ദര്‍ശനവും തുടര്‍ന്ന് ഇളനീര്‍ അഭിഷേകം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, ശ്രീമദ് ദേവീഭാഗവത പാരായണം എന്നിവ നടക്കും. രാവിലെ 7.30-ന് സമൂഹപൊങ്കാല ആരംഭിക്കും. തുടര്‍ന്ന് 8.30-ന് പൊങ്കാല നിവേദ്യവും പ്രഭാതഭക്ഷണവും നടക്കും. 9 മണിക്ക് കലശം, നവകം, പഞ്ചഗവ്യം എന്നിവയും 10 മണിക്ക് കലശാഭിഷേകവും നടക്കും. രാവിലെ 11 മണിക്ക് സര്‍പ്പക്കാവില്‍ നൂറും പാലും ഊട്ടും ഉച്ചയ്ക്ക് 12.30-ന് അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന ഊരുചൂറ്റ് ഘോഷയാത്ര 27-ന് വൈകിട്ട് 4 മണിക്ക് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ദേവീചൈതന്യം ആവാഹിച്ച് വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് മങ്ങാടിമൂട്, ഇക്കരക്കുഴി വഴി ശ്രീ മൂകാംബിക ദേവീക്ഷേത്ര സന്നിധിയിലും കൊച്ചുവീട് ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി, ബാലികമാരുടെ താലപ്പൊലിയുടെയും കൈവിളക്കിന്റെയും തീവെട്ടിയുടെയും അകമ്പടിയോടെ ഘോഷയാത്ര തിരികെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് മുഴുക്കാപ്പ് ചാര്‍ത്തി ദീപാരാധനയും ചുറ്റുവിളക്കും അത്താഴപ്പൂജയും നടക്കും. വൈകിട്ട് 7.30-ന് ചിറയിന്‍കീഴ് ശങ്കരനാരായണ ഭജനസമിതി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് ഡോ. എന്‍. ചന്ദ്രരാജന്‍, സെക്രട്ടറി അഭിലാഷ് എച്ച്., ട്രഷറര്‍ ഡോ. എ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

 

Related Posts