
പാമ്പാടി ശ്രീ പാമ്പുംകാവ് നാഗരാജ ക്ഷേത്രത്തില്‍ ആയില്യമഹോത്സവം ഒക്ടോബര്‍ 5 മുതല്‍; ശ്രീ നാഗരാജ പുരസ്‌കാരം ഗായകന്‍ ജി. വേണുഗോപാലിന്
തൃശ്ശൂര്‍: തിരുവില്വാമല ഈസ്റ്റ് പാമ്പാടി ശ്രീ പാമ്പുംകാവ് നാഗരാജ ക്ഷേത്രത്തിലെ 2026-ലെ ആയില്യമഹോത്സവം ഒക്ടോബര്‍ 5, 6, 7, 8 തീയതികളില്‍ അതിവിപുലമായി ആഘോഷിക്കുന്നു. വിപുലമായ ഒരുക്കങ്ങളാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 5-ന് രാവിലെ 9 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ആയില്യമഹോത്സവം ഉദ്ഘാടനം ചെയ്യും. ചേലക്കര എം.എല്‍.എ യു. ആര്‍. പ്രദീപ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ പ്രശസ്ത ഗായകന്‍ ജി. വേണുഗോപാലിന് 2026-ലെ ശ്രീ നാഗരാജ പുരസ്‌കാരം മന്ത്രി കെ. മുരളീധരന്‍ സമര്‍പ്പിക്കും.
അന്ന് രാവിലെ 11 മണിക്ക് ശ്രീ നാഗരാജ സംഗീതോത്സവത്തിന് തുടക്കം കുറിക്കും.
ഒക്ടോബര്‍ 6 (മഹാ ആയില്യം): രാവിലെ 11 മണിക്ക് ശ്രീ നാഗരാജാവിന്റെ മഹാ ആയില്യപൂജ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് വാദ്യകുലപതി പാറക്കാട്ട് തങ്കപ്പന്‍ മാരാരുടെ പ്രമാണത്തില്‍ 50-ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഗംഭീര പഞ്ചവാദ്യം ഉണ്ടായിരിക്കും. രാത്രി 8.30-ന് മണ്ണൂര്‍ ബാബുവും സംഘവും അവതരിപ്പിക്കുന്ന പുള്ളുവന്‍പാട്ടും സര്‍പ്പപ്പാട്ടും നടക്കും.
ഒക്ടോബര്‍ 7: മുന്‍ ദിവസങ്ങളില്‍ ആരംഭിച്ച ശ്രീ നാഗരാജ സംഗീതോത്സവം തുടരും. വൈകുന്നേരം 5 മണിക്ക് മഹാപായസഹോമവും 6 മണിക്ക് സര്‍പ്പബലി യജ്ഞവും ആരംഭിക്കും.
ഒക്ടോബര്‍ 8: വൈകുന്നേരം 6 മണി മുതല്‍ പിറ്റേന്ന് രാവിലെ വരെ കളമെഴുത്തും സര്‍പ്പപ്പാട്ടും ഉണ്ടായിരിക്കും. കന്നിമാസത്തിലെ പൂരം നാളില്‍ മാത്രം ശ്രീ നാഗരാജ സന്നിധിയില്‍ നടക്കുന്ന പ്രത്യേക വഴിപാടാണിത്.


