പൈതൃകം
കൈ രേഖകള്‍ പറയും നിങ്ങളുടെ ഭാഗ്യം

ആധുനികാലത്ത് ഏറ്റവും അധികം പ്രാധാന്യമര്‍ഹിക്കുന്ന ശാസ്ത്രമായാണ് ഹസ്തരേഖാശാസ്ത്രത്തെ വിലയിരുത്തുന്നത്. രോഗനിര്‍ണ്ണയം, കുറ്റകൃത്യങ്ങളുടെ നിര്‍ണ്ണയം എന്നിവയ്ക്ക് പോലും കൈരേഖയെ ആശ്രയിക്കാറുണ്ട്. നമ്മുടെ ജീവിത ദശകളിലുണ്ടാകുന്ന മാറ്റം കൈരേഖകളില്‍ ദൃശ്യമാണ്. അടിസ്ഥാനരേഖകള്‍ക്കള്‍ക്ക് വലിയ മാറ്റം സംഭവിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

മണ്ഡലങ്ങള്‍

ജ്യോതിഷപ്രകാരമുള്ള നവഗ്രഹസ്ഥാനങ്ങള്‍ കൈപ്പത്തിയിലും കാണാം. ഇവയെയാണ് മണ്ഡലങ്ങള്‍ എന്ന് പറയാറ്. ഓരോ ഗ്രഹത്തിന്റെയും ദശാകാലം അതതു മണ്ഡലങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും നോക്കി പറയാന്‍ സാധിക്കും. സാധാരണ പുരുഷന്മാരുടെ വലതു ഉള്ളംകൈയും സ്ത്രീകളുടെ ഇടതുകൈപ്പത്തിയുമാണ് ഫലപ്രവചനത്തിനായി നോക്കുന്നത്.

ശുക്രമണ്ഡലം

കൈത്തലത്തോടു ചേര്‍ന്ന് തള്ളവിരന്റെ മൂന്നാം ഭാഗത്താണ് ശുക്രമണ്ഡലം. ഉയര്‍ന്ന ശുക്രമണ്ഡലത്തിലുള്ള വ്യക്തി പരോപകാരിയും ഉദാരശീലനും സുഖാന്വേഷിയുമായിരിക്കും. ചിത്രകല, സംഗീതം തുടങ്ങിയവയില്‍ വാസനയുണ്ടായിരിക്കും.

വ്യാഴമണ്ഡലം

കൈപ്പത്തിയില്‍ ചൂണ്ടുവിരലിന്റെ തൊട്ടുതാഴെയാണ് വ്യാഴമണ്ഡലം. വൃത്താകൃതിയില്‍ മൃദുവായ വാഴമണ്ഡലമുള്ളയാള്‍ ഭാഗ്യവാനും വിദ്വാനുമായിരിക്കും. വ്യാഴമണ്ഡലത്തിന് മാര്‍ദ്ദവമില്ലാത്തവര്‍ ശക്തനും ധീരനുമായിരിക്കും. തടിച്ചുരുണ്ട മണ്ഡലമുള്ളവര്‍ അഹംഭാവികളും മറ്റുള്ളവരെ പുച്ഛിക്കുന്നവരുമായിരിക്കും. വ്യാഴമണ്ഡലത്തില്‍ കുരിശ്, സ്വസ്തികം എന്നീ അടയാളമുള്ളവര്‍ ഭരണപാടം ഉള്ളവരാണെന്നാണ് വിശ്വാസം.

ശനിമണ്ഡലം

നടുവിരലിന് തൊട്ടുതാഴെയായി ശനിമണ്ഡലം സ്ഥിതി ചെയ്യുന്നു. ശനിമണ്ഡലം തടിച്ചുയര്‍ന്ന് കാണപ്പെടുന്നവര്‍ പ്രായേണ അന്തര്‍മുഖരായിരിക്കും. പ്രേമം, അഹംഭാവം എന്നിവയും ഇവരില്‍ കാണാറുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു. ശനിമണ്ഡലം കുഴിഞ്ഞിരുന്നാല്‍ പരദ്രോഹിയായിരിക്കുമെന്നും പറയുന്നു.  ശനിമണ്ഡലത്തിലെ വാഴചിഹ്നം രാജപ്രതീതി, കീര്‍ത്തി,ശാസ്ത്രാഭിരുചി എന്നിവയേയും ശനിചിഹ്നം തത്വചിന്തയേയും സൂര്യചിഹ്നം സുകുമാരകലകലകളെയും ബുധചിഹ്നം ജ്യോതിഷവൈദ്യശാസ്ത്രങ്ങളെയും സൂചിപ്പിക്കുന്നു.

സൂര്യമണ്ഡലം

മോതിരവിരലിന് തൊട്ടുതാഴെയാണ് സൂര്യമണ്ഡലം. ഉയര്‍ന്ന സൂര്യമണ്ഡലം ഉള്ളവര്‍ സംഗീതം,സാഹിത്യം ,നാട്യകല എന്നീ ഗുണങ്ങളുള്ളവരായിരിക്കും. സൂര്യമണ്ഡലത്തില്‍ സൂര്യചിഹ്നമുള്ളവര്‍ സര്‍വവിദ്യാപാരംഗരായിരിക്കും. ശനിചിഹ്നം വേദം, ചിത്രകല എന്നിവയേയും വ്യാഴചിഹ്നം നേതൃഗുണം,പ്രഭാഷണപാടവം എന്നിവയേയും ബുധചിഹ്നം ശില്പകലാപാടവത്തേയും ചൊവ്വാചിഹ്നം പെയിന്റിംഗ്, അലങ്കാരം എന്നിവയിലുള്ള നൈപുണ്യത്തെയും ദ്യോതിപ്പിക്കുന്നു.

ബുധമണ്ഡലം

ബുധമണ്ഡലം ചെറുവിരലിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്നു. ഉയര്‍ന്ന ബുധമണ്ഡലം ബലം, ബുദ്ധിശക്തി, അധ്വാനശീലം,പ്രാഗല്‍ഭ്യം എന്നിവയേയും താഴ്ന്ന മണ്ഡലം ആപത്ത്,വക്രബുദ്ധി,വിശ്വാസവഞ്ചന എന്നിവയേയും സൂചിപ്പിക്കുന്നു. ബുധമണ്ഡലത്തില്‍ ശുക്രചിഹ്നമുള്ളവര്‍ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ കീര്‍ത്തി നേടും. ജോലിയില്‍ കൃത്യനിഷ്ഠയുള്ളവരാണെങ്കില്‍ കൈക്കൂലി വാങ്ങാന്‍ സാധ്യതയുള്ളതായും കാണുന്നു. ചന്ദ്രചിഹ്നം ബുധമണ്ഡലത്തിലുള്ളവര്‍ വിഡ്ഢികളായിരിക്കും. ബുധചിഹ്നമുള്ളവര്‍ മത്സരാദികളില്‍ വിജയിച്ച് ധനം നേടും. വ്യാഴചിഹ്നം ശാസ്ത്രീയകാര്യങ്ങളില്‍ കീര്‍ത്തിനേടിത്തരും. ശനിചിഹ്നം പൂര്‍വ്വകാലപ്രതാപങ്ങള്‍ വീണ്ടെടുത്തുതരും. സൂര്യചിഹ്നമുള്ളവര്‍ ജ്യോതിശാസ്ത്രത്തില്‍ തത്പരരായിരിക്കും. എന്നാല്‍ ഇവര്‍ കലകളെ ധനസമ്പാദന മാര്‍ഗ്ഗമായിട്ടായിരിക്കും സ്വീകരിക്കുക.

ചൊവ്വാമണ്ഡലം

ബുധമണ്ഡലത്തിനും ചന്ദ്രമണ്ഡലത്തിനുമിടയില്‍ രണ്ടിടത്തായാണ് ചൊവ്വാമണ്ഡലം സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന ചൊവ്വാമണ്ഡലമുള്ളവര്‍ ബഹുമാന്യരും ദു:ഖികളും മുന്‍കോപികളുമായിരിക്കും. ചൊവ്വാ മണ്ഡലത്തോടു ചേര്‍ന്ന് ബുധമണ്ഡലം ഉയര്‍ന്നിരുന്നാല്‍ പണ്ഡിതനും ചന്ദ്രമണ്ഡലം ഉയര്‍ന്നിരുന്നാല്‍ ഗവേഷകനുമായിരിക്കും.

രാഹുമണ്ഡലം

കൈപ്പത്തിയുടെ മധ്യഭാഗത്തുള്ള ത്രികോണമണ്ഡലമാണിത്. തടിച്ച രാഹുമണ്ഡലമുള്ളവര്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടിവരില്ല. ഇത്തരക്കാര്‍ അഭിമാനികളാണെങ്കിലും പിശുക്കന്‍മാരായിരിക്കും. രാഹുമണ്ഡലത്തില്‍ കറുത്ത അടയാളമുണ്ടാകുന്നത് ഏഴരശനിയുടെ ലക്ഷണമാണ്.

കേതുമണ്ഡലം

സൂര്യന്‍,ശനി,രാഹു,ചന്ദ്രന്‍ എന്നീ മണ്ഡലങ്ങളുടെ മധ്യത്തിലുള്ള കോണാണ് കേതുമണ്ഡലം. കേതുമണ്ഡലം ഉയര്‍ന്നിരിക്കുന്നവര്‍ ധനത്തിന് ആര്‍ത്തി പെരുത്തവരായിരിക്കും. നിരപ്പായ കേതുമണ്ഡലം ശുഭകരമാണ്. ഈ മണ്ഡലത്തില്‍ കറുത്ത പാലം പ്രത്യക്ഷപ്പെടുന്നത് ആപല്‍സൂചനയാണെന്നാണ് വിശ്വാസം.

Related Posts