
പള്ളിച്ചിറങ്ങര ശ്രീപള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ
പള്ളിച്ചിറങ്ങര: മൂവാറ്റുപുഴ പള്ളിച്ചിറങ്ങര ശ്രീപള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവംഒക്ടോബര്‍ 11 മുതല്‍ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഒക്ടോബര്‍ 11 മുതല്‍ 19 വരെ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ സമ്പൂര്‍ണ്ണ നാരായണീയ പാരായണം ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നവരാത്രി മണ്ഡപത്തില്‍ നൃത്ത സന്ധ്യകള്‍, പ്രഭാഷണങ്ങള്‍, ഭജന്‍സ് സന്ധ്യകള്‍, സോപാന സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ 11 ഞായറാഴ്ച രാവിലെ 8 മണിക്ക് നാരായണീയ സമര്‍പ്പണത്തിന്റെ ഉദ്ഘാടനം നടക്കും. ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ എ. ആര്‍. രാമന്‍ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് അഖിലഭാരത നാരായണീയ മഹോത്സവ സമിതി ഭാരവാഹികള്‍ നാരായണീയ സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സമിതികളുടെ നേതൃത്വത്തില്‍ നാരായണീയ പാരായണ സമര്‍പ്പണം നടക്കും.
ഒക്ടോബര്‍ 18 ഞായറാഴ്ച വൈകിട്ട് 6.30-ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ് നടക്കും. പത്താം ദിവസമായ ഒക്ടോബര്‍ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തില്‍ രാവിലെ 8 മുതല്‍ 12 വരെ ദേവീ മാഹാത്മ്യ പാരായണവും തുടര്‍ന്ന് സൗന്ദര്യലഹരി പാരായണം, തിരുവാതിരക്കളി, നൃത്തസന്ധ്യ എന്നിവയും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ 8.30-ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ആചാര്യ മാലതി ടീച്ചറുടെ കാര്‍മികത്വത്തിലാണ് ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടക്കുക. രാവിലെ 9.30-ന് പ്രസാദ വിതരണവുമുണ്ടായിരിക്കും.
നവരാത്രി ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും സാരസ്വതഘൃത നെയ്യ്സേവ, മഹാലക്ഷ്മി പൂജ, സരസ്വതി പൂജ എന്നിവ വിശേഷാല്‍ ആയി നടത്തുന്നതാണ്. കൂടാതെ, ലോകാരോഗ്യദിനം പ്രമാണിച്ച് ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് എല്ലാ നാരായണീയ ഭക്തരും ചേര്‍ന്ന് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന പ്രാര്‍ത്ഥനയോടെ നാരായണീയത്തിന്റെ 100-ാം ദശകം പാരായണം ചെയ്യുന്നതാണ്.


