ക്ഷേത്ര വാർത്തകൾ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനൊരുക്കമായി ബൃഹത്തായ വിഷ്ണുസഹസ്രനാമ പഠനയജ്ഞം

തിരുവനന്തപുരം: ആറു വര്‍ഷത്തിലൊരിക്കല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ മുറജപത്തിന് മുന്നോടിയായി ബൃഹത്തായ വിഷ്ണുസഹസ്രനാമ പഠനയജ്ഞത്തിന് തുടക്കമായി. 2025 നവംബറില്‍ ആരംഭിക്കുന്ന മുറജപത്തില്‍, അനുഷ്ഠാനപരമായ വേദജപത്തോടൊപ്പം 56 ദിവസവും ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന സഹസ്രനാമജപം കൂടി ഉള്‍പ്പെടുത്തണമെന്ന ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം സാക്ഷാത്കരിക്കുന്നതിനാണ് ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തില്‍ ഈ ആഗോള പഠന പദ്ധതി സംഘടിപ്പിക്കുന്നത്.

നിലവില്‍ തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ കുലശേഖരമണ്ഡപത്തില്‍ നടക്കുന്ന വിഷ്ണുസഹസ്രനാമ സമൂഹപാരായണം പതിനെട്ടരക്കോടി നാമജപം പൂര്‍ത്തിയാക്കി മുന്നേറുകയാണ്. ദിവസവും നൂറിലധികം ഭക്തര്‍ പങ്കെടുക്കുന്ന ഈ ജപയജ്ഞത്തില്‍ ശ്രാവണമാസത്തിലെ തിരുവോണത്തിനും ഭീഷ്മാഷ്ടമിക്കും ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത സമര്‍പ്പണവും നടന്നിരുന്നു. അടുത്ത സമര്‍പ്പണം 2025 ഓഗസ്റ്റ് 9-ന് ശ്രാവണപൂര്‍ണിമ ദിനത്തില്‍ നടക്കും.

ചാതുര്‍മാസ്യകാലത്ത് പഠനയജ്ഞം

ഭഗവാന്‍ ശയ്യയിലേക്ക് പോകുന്ന ദേവശയനീ ഏകാദശിയായ 2025 ജൂലൈ 6 മുതല്‍ ശയ്യവിട്ടെഴുന്നേല്‍ക്കുന്ന ദേവഉത്ഥാന ഏകാദശിയായ 2025 നവംബര്‍ 2 വരെയുള്ള പുണ്യമായ ചാതുര്‍മാസ്യകാലത്താണ് പഠനയജ്ഞം നടക്കുന്നത്. കൊറോണക്കാലത്ത് 89 രാജ്യങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സൗന്ദര്യലഹരീ പഠനയജ്ഞത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.

പഠനരീതിയും സാമഗ്രികളും

ഓണ്‍ലൈനായും ഓഫ്ലൈനായും തയ്യാറെടുക്കുന്നവരെ മുറജപകാലത്തും തുടര്‍ന്നും ക്ഷേത്രസന്നിധിയിലെത്തി നിത്യജപത്തിന്റെ ഭാഗമാക്കുകയാണ് ഭക്തമണ്ഡലിയുടെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേരുന്നവര്‍ക്ക് താഴെ പറയുന്ന പഠനസാമഗ്രികള്‍ ലഭ്യമാകും:

ഓഡിയോ പാഠങ്ങള്‍: ഇടമന വാസുദേവന്‍ നമ്പൂതിരി ശ്ലോകങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍.

വ്യാഖ്യാനം: പൂജനീയ ചിദാനന്ദപുരി സ്വാമിജിയുടെ മലയാളത്തിലുള്ള വ്യാഖ്യാന ഓഡിയോ. അഡ്വ. അശ്വിന്‍ സമ്പത്കുമാറിന്റെ ഇംഗ്ലീഷ് വ്യാഖ്യാനവും ഡോ. കെ.എസ്. മഹേശ്വരന്‍ നമ്പൂതിരിയുടെ സംസ്‌കൃത വ്യാഖ്യാനവും ഓഡിയോ രൂപത്തില്‍ ലഭിക്കും.

ടെക്സ്റ്റ്: ശ്ലോകങ്ങള്‍ ദേവനാഗരി, ഇംഗ്ലീഷ് ലിപ്യന്തരണം, മലയാളം എന്നീ ലിപികളില്‍ ലഭ്യമാക്കും.

ഓണ്‍ലൈന്‍ സെമിനാറുകളും നേരിട്ടുള്ള ക്ലാസുകളും

ഓരോ 10 ശ്ലോകപാഠങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ഓണ്‍ലൈനായി സെമിനാറുകള്‍ സംഘടിപ്പിക്കും. ആദ്യ സെമിനാര്‍ 2025 ജൂലായ് 16-ന് വൈകിട്ട് 7:30-ന് നടക്കും. ഇതിനുപുറമെ, ക്ഷേത്രസമീപത്ത് പൂജനീയ അച്യുതഭാരതി സ്വാമിയാരുടെ (പുഷ്പാഞ്ജലി സ്വാമിയാര്‍) നേതൃത്വത്തില്‍ 18 നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. ഇവയുടെ തീയതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിക്കും. സഹസ്രനാമ പഠനത്തിന് സഹായകമായ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗ്രൂപ്പില്‍ ലഭ്യമാകും.

നിലവില്‍ എല്ലാ ദിവസവും രാവിലെ 8:30-ന് കുലശേഖരമണ്ഡപത്തില്‍ നടക്കുന്ന സഹസ്രനാമജപത്തിലും എല്ലാ ശുക്ലപക്ഷ ഏകാദശിയിലും വിശേഷദിവസങ്ങളിലും നടക്കുന്ന നാമജപഘോഷയാത്രകളിലും എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പഠനയജ്ഞത്തില്‍ പങ്കുചേരുന്നതിനും ബന്ധപ്പെടുക:
ശ്രീപദ്മനാഭ ഭക്തമണ്ഡലി
ഫോണ്‍: 9747931007, 9496749143, 9847208187, 9995777475

Related Posts