
ഇടവെട്ടി ഔഷധസേവ നാളെ; ജ്യോതിഷവാര്‍ത്തയില്‍ തല്‍സമയം കാണാം
തൊടുപുഴ: കര്‍ക്കടകത്തിന്റെ ദുരിതങ്ങളില്‍ നിന്നും രോഗപീഡകളില്‍ നിന്നും ആശ്വാസം നേടാന്‍ ആയിരങ്ങള്‍ക്ക് അഭയകേന്ദ്രമാവുകയാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആയുര്‍വേദാചാര്യനായ നകുലനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ഔഷധസേവ നാളെ, ഓഗസ്റ്റ് 1-ന് (കര്‍ക്കടകം 16) നടക്കും. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരും.
ഈ വര്‍ഷത്തെ ഔഷധസേവാ ചടങ്ങുകള്‍ ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കും. ചടങ്ങുകള്‍ ജ്യോതിഷവാര്‍ത്ത, സ്വസ്തി മലയാളം ചാനലുകളില്‍ തത്സമയം കാണാന്‍ വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ വ്യാസനാണ് ജ്യോതിഷവാര്‍ത്തയ്ക്കുവേണ്ടി തല്‍സമയ സംപ്രേക്ഷണത്തില്‍ അവതാരകനാകുന്നത്.
ദ്വാപരയുഗത്തോളം പഴക്കമുള്ള വിശ്വാസം
അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം പാണ്ഡവരുടെ വനവാസകാലത്ത്, ദേവവൈദ്യന്മാരായ അശ്വിനീദേവന്മാരുടെ പുത്രന്‍ നകുലനാണ് ‘സര്‍വ്വരോഗശമനം’ എന്ന സങ്കല്‍പ്പത്തോടെ ഇടവെട്ടിയില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. പാണ്ഡവരില്‍ ഓരോരുത്തരും സമീപപ്രദേശങ്ങളില്‍ സ്ഥാപിച്ച അഞ്ച് വിഷ്ണുക്ഷേത്രങ്ങളില്‍ (പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍) ഒന്നാണിത്. ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യം കുടികൊള്ളുന്ന ഇവിടുത്തെ ഭഗവാന്‍ രോഗദുരിതങ്ങള്‍ അകറ്റി ആയുരാരോഗ്യം പ്രദാനം ചെയ്യുമെന്ന് ഭക്തര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഔഷധസേവയുടെ മാഹാത്മ്യം
തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ വേദപണ്ഡിതന്മാര്‍ ഔഷധസൂക്തങ്ങള്‍ ഉരുവിട്ട് പവിത്രമാക്കിയ ദിവ്യൗഷധം, വെണ്ണയില്‍ ചാലിച്ച് അരയാലിലയില്‍ നല്‍കുന്നതാണ് പ്രധാന ചടങ്ങ്. ആചാര്യന്മാര്‍ ചൊല്ലിത്തരുന്ന ധന്വന്തരീമന്ത്രം ജപിച്ച്, വടക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്തിയോടെ ഔഷധം സേവിക്കണം. തുടര്‍ന്ന് ഔഷധക്കഞ്ഞി കുടിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. പതിനഞ്ച് ദിവസം മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതം നോല്‍ക്കുന്നത് ഔഷധസേവയുടെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കുമെന്ന് ആചാര്യന്മാര്‍ പറയുന്നു.
സര്‍വ്വാഭീഷ്ട സിദ്ധിക്ക് നാണയപ്പറ
ഔഷധസേവയ്‌ക്കൊപ്പം നടക്കുന്ന പ്രധാനപ്പെട്ട വഴിപാടാണ് നാണയപ്പറ സമര്‍പ്പണം. മനസ്സില്‍ ഒരു ആഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട് ഭഗവാന് നാണയപ്പറ സമര്‍പ്പിച്ചാല്‍ അടുത്ത വര്‍ഷത്തെ ഔഷധസേവയ്ക്ക് മുന്‍പ് ആഗ്രഹം സഫലമാകുമെന്നാണ് അനുഭവസാക്ഷ്യം. ആഗ്രഹം സാധിച്ച ഭക്തര്‍ അടുത്ത തവണയെത്തുമ്പോള്‍ ഈ നാണയം തിരികെ സമര്‍പ്പിക്കുന്നു.
വിശേഷാല്‍ വഴിപാടുകളും പ്രാര്‍ത്ഥനകളും
ഔഷധസൂക്താര്‍ച്ചന, ധന്വന്തരീമന്ത്രാര്‍ച്ചന: കുട്ടികളുടെ ബാലപീഡകള്‍ മാറുന്നതിനും, രോഗശാന്തിക്കും, ഭഗവത്പ്രീതിക്കുമായി ഭക്തര്‍ ഈ അര്‍ച്ചനകള്‍ നടത്തുന്നു.
തിരുവോണ ഊട്ട്: സന്താനലബ്ധി, കടബാധ്യതകളില്‍ നിന്നുള്ള മോചനം, വിവാഹതടസ്സം, ഭൂമി സംബന്ധമായ തടസ്സങ്ങള്‍ എന്നിവ നീങ്ങുന്നതിന് എല്ലാ മലയാളമാസവും തിരുവോണനാളില്‍ നടത്തുന്ന ഈ വഴിപാട് അതിവിശേഷമാണ്.
കിടങ്ങൂര്‍ ദേവസ്വത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രത്തിലെ തന്ത്രി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി പ്രമുഖ ജ്യോതിഷ പണ്ഡിതനായ പെരിയമന ഹരിനാരായണന്‍ നമ്പൂതിരിയുമാണ്.
ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ നിന്നും വെള്ളിയാമറ്റം, വെട്ടിമറ്റം, പൂമാല റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇടവെട്ടി ചിറ ജംഗ്ഷനിലുള്ള ക്ഷേത്രത്തിലെത്താം.ധ1പ ഔഷധസേവാ ദിനത്തില്‍ ഭക്തര്‍ക്കായി തൊടുപുഴയില്‍ നിന്നും പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9495960102, 8075058971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

