ക്ഷേത്ര വാർത്തകൾ
ഊരമന പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഓഗസ്റ്റ് 16 മുതല്‍

ഊരമന പെരുംതൃക്കോവില്‍ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഓഗസ്റ്റ് 16 മുതല്‍ 23 വരെ നടക്കും. പ്രമുഖ യജ്ഞാചാര്യന്‍ വള്ളിക്കീഴ് ഗംഗാധരന്‍ നായരാണ് ഏഴു ദിനരാത്രങ്ങള്‍ നീളുന്ന യജ്ഞത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്.

ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ശാസ്താക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. നാമസങ്കീര്‍ത്തനങ്ങളുടെ അകമ്പടിയോടെ നരസിംഹസ്വാമി ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് ഘോഷയാത്ര യജ്ഞശാലയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഭദ്രദീപ പ്രകാശനവും ഭാഗവത മാഹാത്മ്യ പ്രഭാഷണവും ദീപാരാധനയും നടക്കും.

യജ്ഞദിനങ്ങളില്‍ ദിവസവും രാവിലെ 5.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.15-ന് വിഷ്ണു സഹസ്രനാമം, തുടര്‍ന്ന് ശ്രീമദ് ഭാഗവത പാരായണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.00 മണിക്ക് പ്രസാദഊട്ടും വൈകിട്ട് 6.15-ന് ദീപാരാധനയും ഭജനയും നടക്കും.

യജ്ഞത്തിലെ പ്രധാന ഭാഗമായ ശ്രീകൃഷ്ണാവതാരം ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്കാണ്. ഇതിനോടനുബന്ധിച്ച് 5.15-ന് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഉണ്ണിയൂട്ട് വഴിപാടും നടക്കും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗോവിന്ദ പട്ടാഭിഷേകവും, വൈകിട്ട് 5 മണിക്ക് കിഴക്കേ ഗോപുരനടയില്‍ നിന്നും ആരംഭിച്ച് താലപ്പൊലിയുടെ അകമ്പടിയോടെ യജ്ഞശാലയില്‍ എത്തിച്ചേരുന്ന രുക്മിണി സ്വയംവര ഘോഷയാത്രയും അരങ്ങേറും.

വിദ്യയിലെ തടസ്സങ്ങള്‍ മാറുന്നതിനായി കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന വിദ്യാഗോപാലാര്‍ച്ചന ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഒരുക്കിയിട്ടുള്ളത്. അന്ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത വാദ്യകലാകാരന്മാരായ വൈക്കം ഹരിഹരയ്യരും ടി.വി പുരം അനിരുദ്ധനും നയിക്കുന്ന നാദസ്വര കച്ചേരിയും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 11.30-ന് നടക്കുന്ന ആറാട്ടിനും യജ്ഞ സമര്‍പ്പണ പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന വിപുലമായ പ്രസാദഊട്ടോടെ ഈ വര്‍ഷത്തെ സപ്താഹയജ്ഞത്തിന് ഭക്തിനിര്‍ഭരമായ സമാപനമാകും.

Related Posts