
വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം, അര്‍ദ്ധരാത്രിയില്‍; സുബ്രഹ്‌മണ്യസ്വാമിയുടെ അത്യപൂര്‍വ വഴിപാടിനെക്കുറിച്ച് അറിയാം
പെരുമ്പാവൂരിനടുത്ത് രായമംഗലം എന്ന ഗ്രാമത്തില്‍, ആയിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി നിലകൊള്ളുന്ന ഒരു പുണ്യസങ്കേതമുണ്ട് – കൂട്ടുമഠം ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. മധ്യകേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന ഈ ബാലമുരുക ക്ഷേത്രം, വിശ്വാസികള്‍ക്ക് അനുഗ്രഹം ചൊരിയുന്ന അഭയകേന്ദ്രമാണ്.
ഐതിഹ്യപ്പെരുമ
കോട്ടയം ജില്ലയിലെ പാല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 ബ്രാഹ്‌മണ ഇല്ലക്കാര്‍ തങ്ങളുടെ യാത്രയ്ക്കിടയില്‍ കൈവശമുണ്ടായിരുന്ന സുബ്രഹ്‌മണ്യവിഗ്രഹം വിശ്രമിക്കാനായി നിലത്തുവെച്ചു. എന്നാല്‍ ഭക്ഷണശേഷം വിഗ്രഹം അവിടെനിന്ന് ഉയര്‍ത്തുവാന്‍ സാധിച്ചില്ല. അതൊരു ദിവ്യമായ അടയാളമായി കണ്ട് അവര്‍ ആ വിഗ്രഹം അവിടെത്തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം.

ഭസ്മാഭിഷേകം
വര്‍ഷത്തിലൊരിക്കല്‍ മാത്രം, മകരമാസത്തിലെ തൈപ്പൂയ നാളില്‍, ഈ വര്‍ഷം ഫെബ്രുവരി 1 ന് അര്‍ദ്ധരാത്രിയുടെ പൂര്‍ണ്ണചന്ദ്രപ്രഭയിലാണ് ഈ അത്യപൂര്‍വ്വമായ ചടങ്ങ് ഈ ക്ഷേത്രത്തില്‍ നടക്കുന്നത്. പിതാവായ പെരയ്ക്കാട് മഹാദേവന്റെ നടയില്‍ നിന്നും പൂജിച്ച ഭസ്മം കാവടികളിലേറ്റി, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കൂട്ടുമഠത്തില്‍ എത്തിച്ച് ശിവശക്തിസ്വരൂപനായ ബാലമുരുകന് അഭിഷേകം ചെയ്യുന്നു.
ദേവന്മാരും യക്ഷകിന്നരഗന്ധര്‍വ്വാദികളും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് വിശ്വാസം. ഈ ഭസ്മാഭിഷേകം ദര്‍ശിക്കുന്നത് അതീവ പുണ്യമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ വഴിപാടിന് അതീവഫലസിദ്ധിയാണ് പറയുന്നത്.
രോഗദുരിതശാന്തിയും മംഗല്യസിദ്ധിയും കാര്യവിജയവും സന്താനഭാഗ്യവുമാണ് ഈ അത്യപൂര്‍വ വഴിപാടിന്റെ ഫലം. അനവധി ഭക്തരാണ് വര്‍ഷത്തില്‍ ഒരുദിവസം മാത്രം നടക്കുന്ന ഈ വഴിപാടിന്റെ ഫലസിദ്ധി അനുഭവച്ചറിഞ്ഞിട്ടുള്ളത്. അഭിഷേകം ചെയ്ത ഭസ്മം തൊടുന്നവര്‍ക്ക് ഭഗവാന്റെ സംരക്ഷണമുണ്ടെന്നുമാണ് വിശ്വാസം. നിരവധിഭക്തരാണ് ഓരോവര്‍ഷവും ഭസ്മാഭിഷേക വഴിപാട് നടത്തുന്നത്.
കാവടി അഭിഷേകം
വ്രതാനുഷ്ഠാനങ്ങളോടെ കാവടി അഭിഷേകം നടക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് കൂട്ടുമഠം. ഏഴു ദിവസത്തെ കഠിനവ്രതശുദ്ധിയോടെ ഭക്തര്‍ പാല്‍, നെയ്യ്, തേന്‍, കരിക്ക്, പനിനീര്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ കാവടിയിലാക്കി, ശരണഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തി ഭഗവാന് അഭിഷേകം ചെയ്യുന്നു. ഇത് ജന്മാന്തരപാപങ്ങളെ ഇല്ലാതാക്കി സര്‍വ്വസൗഭാഗ്യങ്ങളും നല്‍കുമെന്നാണ് അനുഭവസാക്ഷ്യം.

പിതാവും പുത്രനും ഒരു നേര്‍രേഖയില്‍
കൂട്ടുമഠം ക്ഷേത്രത്തിന് സമീപത്തായി പിതാവായ പെരയ്ക്കാട് മഹാദേവന്റെ ക്ഷേത്രമുണ്ട്. പിതാവും പുത്രനും ഒരേ ദിശയില്‍ പടിഞ്ഞാറോട്ട് ദര്‍ശനമരുളുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ഘടനയാണിത്. കൂട്ടുമഠത്തിലെത്തി ബാലസുബ്രഹ്‌മണ്യനെ വണങ്ങുന്നവര്‍, പെരയ്ക്കാട് പരമേശ്വരനെക്കൂടി തൊഴുതാലേ ദര്‍ശനം പൂര്‍ണ്ണമാകൂ എന്നാണ് വിശ്വാസം.
മക്കളുടെ അഭിവൃദ്ധിക്കായി ഷഷ്ഠിപൂജയും ഷഷ്ഠി ഊട്ടും
മക്കളുടെ ഐശ്വര്യപൂര്‍ണ്ണമായ ഭാവിക്കായി ചെയ്യാവുന്ന ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ഷഷ്ഠി പൂജ. തുടര്‍ച്ചയായി 12 ഷഷ്ഠി ദിവസങ്ങളില്‍ പൂജ നടത്തണമെന്നാണ്. നിരവധി ഭക്തരാണ് ഇവിടെ ഷഷ്ഠിപൂജയും ഷഷ്ഠി ഊട്ടും വഴിപാട് നടത്തി ഫലസിദ്ധി നേടിയിട്ടുള്ളത്.
പുതുവര്‍ഷത്തിലെ ആദ്യഷഷ്ഠി ജനുവരി 24നാണ്. അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഷഷ്ഠി ഊട്ടും നടത്തുന്നതാണ്. ഷഷ്ഠി ദിനത്തില്‍ വ്രതമെടുത്ത് ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും ഷഷ്ഠി ഊട്ടില്‍ പങ്കെടുക്കുന്നതും അതീവ പുണ്യകരമായി കണക്കാക്കപ്പെടുന്നു.
അത്യപൂര്‍വമായി നടക്കുന്ന ഭസ്മാഭിഷേകത്തിന്റെയും മകരമാസഷഷ്ഠിപൂജയുടെയും ഷഷ്ഠി ഊട്ടിന്റെയും ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലെ ഫോണ്‍: 096561 05158, 095671 20158.

