സ്പെഷ്യല്‍
ഓണപ്പൂക്കളം: അത്തം മുതല്‍ തിരുവോണം വരെയുള്ള ചിട്ടകള്‍ ഇങ്ങനെ

‘അത്തം പത്തിന് പൊന്നോണം’ എന്ന ചൊല്ല് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഓണക്കാലം വരവായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ ആഘോഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഓരോ മലയാളിയും. നാളെ (ഓഗസ്റ്റ് 26) അത്തം പിറക്കുന്നതോടെ മുറ്റങ്ങളില്‍ പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന പത്തു ദിനങ്ങള്‍ക്ക് തുടക്കമാകും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളങ്ങളില്‍, നനുത്ത വെണ്മയുടെ പ്രതീകമായ തുമ്പപ്പൂവിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്.

അത്തം മുതല്‍ തിരുവോണം വരെ: ഓരോ നാളിലെയും പൂക്കളം

പരമ്പരാഗതമായി ഓരോ ദിവസത്തെയും പൂക്കളത്തിന് അതിന്റേതായ ചിട്ടകളുണ്ട്.

അത്തം: ചാണകം മെഴുകിയ മുറ്റത്ത് ഒറ്റവരിയില്‍ തുമ്പപ്പൂവ് ഇട്ടുകൊണ്ടാണ് പൂക്കളത്തിന് തുടക്കമാവുന്നത്.

ചിത്തിര: രണ്ടാം നാളില്‍ തുമ്പപ്പൂവിനൊപ്പം തുളസിയും പൂക്കളത്തില്‍ ഇടംപിടിക്കുന്നു. അങ്ങനെ പൂക്കളം രണ്ടു നിരകളാകും.

ചോതി: മൂന്നാം ദിനം തുമ്പയും തുളസിയും ഉപയോഗിച്ച് മൂന്നു നിരകളുള്ള കളമൊരുക്കുന്നു.

വിശാഖം: ഈ ദിവസം മുതലാണ് മറ്റു നിറങ്ങളിലുള്ള പൂക്കള്‍ കൂടി കളത്തില്‍ നിറഞ്ഞു തുടങ്ങുന്നത്. തുമ്പപ്പൂവിനൊപ്പം ചുവപ്പ്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള പൂക്കള്‍ ചേര്‍ത്ത് പൂക്കളം കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു.

അനിഴം: അഞ്ചാം നാളില്‍ പൂക്കളത്തിന് നടുവിലായി ഒരു ‘പൂക്കുട’ സ്ഥാപിക്കുന്ന ചടങ്ങുണ്ട്. ചെമ്പരത്തിയും മറ്റു പൂക്കളും ഈര്‍ക്കിലില്‍ കോര്‍ത്ത് വാഴപ്പിണ്ടിയില്‍ കുത്തിനിര്‍ത്തുന്നതാണ് പരമ്പരാഗത രീതി.

തൃക്കേട്ട: ആറാം ദിനത്തില്‍ പൂക്കളം ആറു നിരകളായി വലുതാകും. പലതരം പൂക്കള്‍ ഉപയോഗിച്ച് മനോഹരമാക്കുന്ന കളത്തിന്റെ നാല് ദിക്കിലേക്കും പ്രതീകാത്മകമായി ‘കാല്‍ നീട്ടുന്ന’ പതിവും ഈ ദിവസമുണ്ട്.

മൂലം: മൂലം നാളില്‍ പൂക്കളം ചതുരാകൃതിയില്‍ ഒരുക്കുന്നതിന് പ്രാധാന്യമുണ്ട്. കൂടാതെ, നാല് മൂലകളിലും പൂക്കള്‍ കൊണ്ടുള്ള കുടകളും വെക്കും. ഈ ദിവസത്തോടെ പൂക്കളത്തിന്റെ ആകൃതിയിലുള്ള നിബന്ധനകള്‍ അവസാനിക്കുന്നു, പിന്നീട് ഇഷ്ടമുള്ള രൂപത്തില്‍ കളമൊരുക്കാം.

പൂരാടം: എട്ടു തരം പൂക്കള്‍ കൊണ്ട് എട്ടു നിരകളിലായി സമൃദ്ധമായ പൂക്കളമൊരുക്കുന്ന ദിവസമാണ് പൂരാടം.

ഉത്രാടം: ഒന്നാം ഓണമായ ഉത്രാടനാളില്‍ പൂക്കളം അതിന്റെ ഏറ്റവും വലിയ രൂപത്തിലെത്തുന്നു. ഇഷ്ടമുള്ളത്ര പൂക്കള്‍ ഉപയോഗിച്ച്, ആകര്‍ഷകമായ രീതിയില്‍ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു.

തിരുവോണം: പൊന്നോണപ്പുലരിയില്‍ കുളിച്ച്, കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് നടുവില്‍ ഓണത്തപ്പന്റെ സങ്കല്‍പ്പരൂപമായ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. അരിമാവ് കോലം വരച്ച് അതില്‍ ദര്‍ഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആര്‍പ്പുവിളികളോടെ വരവേല്‍ക്കുന്നു. തുമ്പപ്പൂ നിറച്ച പൂവട നിവേദിക്കുന്നതും ഈ ദിവസത്തെ പ്രധാന ചടങ്ങാണ്. ഈ രൂപം ഉതൃട്ടാതി നാളിലാണ് മാറ്റുന്നത്.

 

Related Posts