സ്പെഷ്യല്‍
ഇന്ന് അത്തം; അറിയാം പത്തുദിവസത്തെ വിശേഷങ്ങള്‍
ഇന്ന് അത്തപ്പുലരി. ഇനി പത്തു നാള്‍ പൂക്കളുടെ ഉത്സവം. തൃക്കാക്കരയപ്പനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തിന് ഇനി പത്ത് നാളുകള്‍ കൂടി മാത്രം. പൂവിളികളുയരുന്ന ഇന്നുമുതല്‍ വീടുകളിലെല്ലാം  പൂക്കളങ്ങളൊരുങ്ങും. പൂക്കളിറുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇനി ഉത്സവകാലം. അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്നു മുതല്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കുന്നു. പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മകളും. ചിങ്ങക്കൊയ്ത്തിന്റെയും സമൃദ്ധിയിയുടെ കര്‍ഷക സംസ്‌കാരത്തിന്റെയും ഭാഗമായ ഓണക്കാലം നമുക്ക് അന്യമായിക്കഴിഞ്ഞിരിക്കുന്നു.  ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം തുടങ്ങിയത് എന്നാണ് ഐതിഹ്യം.
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം. അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തില്‍ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാന്‍ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.
അത്തത്തില്‍ തുടങ്ങി തിരുവോണത്തില്‍ അവസാനിക്കുന്ന ഓണാഘോഷങ്ങള്‍ ഇങ്ങനെയാണ്. 
അത്തം : ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്.
ചിത്തിര : രണ്ടാം ദിനം മുതല്‍ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങള്‍ ഒരുക്കി തുടങ്ങുന്നു
ചോതി : ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.
വിശാഖം : നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.
അനിഴം : അഞ്ചാം നാളായ അനിഴം നാളിലാണ് ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള മറ്റു വള്ളം കളികള്‍ തുടങ്ങുന്നത് .
തൃക്കേട്ട : മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.
മൂലം : ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പണ്ടുകാലത്ത് ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം മുതല്‍ സദ്യ ആരംഭിക്കുന്നു.
പൂരാടം : മഹാബലിയുടെയും വമനനന്‍േറയും സങ്കല്‍പ്പ രൂപങ്ങളെയും വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ടുവന്നു അത്തപ്പൂക്കളത്തിന്റെ നടുവില്‍ വച്ച് അതില്‍ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതില്‍പുരട്ടുന്നു ഇത് കൊച്ചു കുട്ടികളാണു ചെയ്യുന്നത്. ഇവരെ പൂരാട ഉണ്ണികള്‍ എന്നു വിളിക്കുന്നു. ഈ രൂപം ഓണത്തപ്പന്‍ എന്നറിയപ്പെടുന്നു.
ഉത്രാടം : ഒന്‍പതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്നു മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.
തിരുവോണം : അത്തം തുടങ്ങി പത്താം നാള്‍ ആണ് തിരുവോണം. തിരുവോണപ്പുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പ്പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്‍പ്പിച്ചിരുത്തി അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു
Related Posts