നക്ഷത്രവിചാരം
2024 ഒക്ടോബര്‍ മാസം നിങ്ങള്‍ക്കെങ്ങനെ?; സമ്പൂര്‍ണ മാസഫലം

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യപാദം)

വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഉപഹാരങ്ങള്‍ ലഭിക്കാം. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം വരും. തൊഴിലില്‍ പുരോഗതി ഉണ്ടാകും. അപ്രതീക്ഷിത ധനാഗമനത്തിന് സാധ്യത. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. അപ്രതീക്ഷിത യാത്രകള്‍ ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കായി ആശുപത്രി വാസം വേണ്ടി വന്നേക്കാം. കലാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിയ്ക്കാം. സന്താനങ്ങള്‍ക്ക് രോഗാദി അരിഷ്ടതകള്‍ അലട്ടാം. ഐ ടി രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ജോലി സമ്മര്‍ദ്ദം കുറയും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിയ്ക്കാം. ഉന്നത സ്ഥാനം വഹിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. സൈനിക മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം ലഭിക്കാന്‍ സാധ്യത. സിനിമാ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. കാര്‍ഷിക മേഖലയില്‍ സാമ്പത്തികലാഭം ഉണ്ടാകും. വിദേശത്ത് ജോലി അന്വേഷിയ്ക്കുന്നവര്‍ക്ക് അനുകൂല കാലമാണ്. കിഡ്‌നി, കരള്‍ രോഗ ബാധിതര്‍ക്ക് അസുഖം മൂര്‍ച്ഛിക്കാന്‍ സാധ്യത.

എടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മൂന്നു പാദം,രോഹിണി,മകീരം ആദ്യ രണ്ട് പാദം)

സംസാരദോഷം കൊണ്ട് ജോലി നഷ്ടപ്പെടാനും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യതയുള്ളതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അപവാദ ആരോപണങ്ങള്‍ ഉണ്ടാകാം. സ്വത്ത് തര്‍ക്കത്തില്‍ പരിഹാരം കാണുന്നതില്‍ കാലതാമസം നേരിടാം.
പ്രേമനൈരാശ്യം അലട്ടാം. അപ്രതീക്ഷിത ധനചെലവിന് സാധ്യത. മാതാപിതാക്കളുടെ ചികിത്സ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ വരേണ്ടതായി വരും. അശ്രദ്ധ മൂലം അപകടം ഉണ്ടാവാന്‍ സാധ്യത. ഗൃഹനിര്‍മ്മാണത്തിനായി കടമെടുക്കാന്‍ ശ്രമിയ്ക്കും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. മക്കളുടെ പഠന കാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകിച്ച് ഹൃദ്രോഹികള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രത്യേക ഈശ്വര പ്രാര്‍ത്ഥന നടത്തുന്നത് ദൈവാധീനം ഉണ്ടാകാനും മനസ്സിന് സമാധാനം ഉണ്ടാകാനും സഹായിക്കും. തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടതായി വരും.

മിഥുനക്കൂറ് (മകീരം അവസാന രണ്ടുപാദം, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദം)

ബിസിനസില്‍ വരുമാനം വര്‍ദ്ധിയ്ക്കും. മനസിന്റെ സ്വസ്ഥതയും സന്തോഷവും കൂടും. കുടുംബാംഗങ്ങളുമായി യാത്ര തുടങ്ങിയ വിനോദ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഗൃഹ നവീകരണത്തിന് ധനം ചെലവഴിയ്ക്കും. വിദേശത്ത് ജോലി അന്വേഷിയ്ക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്കും അനുകൂല സാഹചര്യം ഉണ്ടാകാം. തൊഴില്‍ രംഗങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും.സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിയ്ക്കും. അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക ബുദ്ധിമുട്ട് മൂലം കടം വാങ്ങേണ്ടതായി വരും. വ്യാപാര മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിയ്ക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് തീരുമാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരുന്ന അസൈ്വരതകള്‍ പരിഹരിയ്ക്കപ്പെടും. ഊഹ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ മൂലം അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഉദരരോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം.ജോലിയിലെ അശ്രദ്ധ മേല്‍ ഉദ്യോഗസ്ഥരുടെ ശാസനക്ക് ഇട നല്‍കും. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് ധനം കടം എടുക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന പാദം, പൂയം,ആയില്യം)

സാമ്പത്തിക നിലയില്‍ അല്പം പുരോഗതി ഉണ്ടാകും. ഉദ്യോഗത്തില്‍ മാറ്റം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. കാര്‍ഷിക വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷവും സമാധാനവും നിറഞ്ഞതാകും.
സന്താനങ്ങള്‍ മൂലം സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മക്കള്‍ക്ക്
വിദ്യാഭ്യാസത്തില്‍ മാറ്റം ഉണ്ടാകുകയും അവര്‍ സത് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യും. കുടുംബാംഗങ്ങളുമായി ഒരുമിച്ച് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. മക്കളുടെ വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായും വിവാഹാവശ്യങ്ങള്‍ക്കായുള്ള വസ്ത്രം, ആഭരണം എന്നിവ വാങ്ങുന്നതിനായും ധനം ചിലവഴിയ്ക്കും. ഗര്‍ഭാശയ രോഗങ്ങള്‍ അലട്ടുന്ന സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. പിതാവിനോ പിതൃതുല്യര്‍ക്കോ ശാരീരിക മനോ ക്ലേശങ്ങള്‍ അലട്ടാം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രത്തിന്റെ ആദ്യപാദം)

പഠനകാര്യങ്ങളിലെ ശ്രദ്ധക്കുറവിനു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാകാം. തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങള്‍ മാറ്റേണ്ടതായി വരും. അലര്‍ജി രോഗങ്ങള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ദാമ്പത്യ കലഹങ്ങള്‍ ഒഴിവാക്കാന്‍ സംസാരത്തില്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതാണ്. സ്വജനങ്ങളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനനഷ്ടം ഉണ്ടാകുന്നതിനോടൊപ്പം സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കേണ്ടതായി വരും. കൂട്ടു കച്ചവടം മൂലം നഷ്ടങ്ങള്‍ ഉണ്ടാകാം. വിലപിടിപ്പുള്ള രേഖകള്‍,പണം എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ യാത്രാമധ്യേ പ്രത്യേക കരുതല്‍ ആവശ്യമാണ്. മാതാവിനോ മാതൃതുല്യര്‍ക്കോ ശാരീരിക മനോക്ലേശങ്ങള്‍ ഉണ്ടാകാം. യന്ത്ര സാമഗ്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നത് മൂലം മനസ്സിന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാന മൂന്ന് പാദം, അത്തം, ചിത്തിര ആദ്യ രണ്ട് പാദം)

വിദേശ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ മാറ്റം വരുന്നതിനോടൊപ്പം സ്ഥാനമാറ്റത്തിനും സാധ്യത. രാജ്യ രക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം ലഭിക്കാം. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് തൊഴില്‍പരമായി മാറ്റം ഉണ്ടാകും. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടുകയും കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണം ആവുകയും ചെയ്യും.
ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഗൃഹോപകരണങ്ങള്‍ക്ക് ധനം ചെലവഴിയ്ക്കും. അപ്രതീക്ഷിത ധനാഗമനം ആശ്വാസമേകും. വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. വീഴ്ച,ത്വക്ക് രോഗങ്ങള്‍,അലര്‍ജി,ശ്വാസസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകള്‍ രേഖാപരമായി മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ചതിയില്‍ പെടാം. സുഹൃത്തുക്കളുമായി ഉള്ള ഉല്ലാസയാത്രയില്‍ പലവിധ ക്ലേശങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. കരുതി വെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.

തുലാകൂറ് (ചിത്തിര അവസാന രണ്ട് പാദം, ചോതി, വിശാഖം ആദ്യ മൂന്നുപാദം)

ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. വീട്ടില്‍ നിന്നും അകന്നു നില്‍ക്കേണ്ട സാഹചര്യം വന്ന് ചേരും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മനശാന്തി ഉണ്ടാകും. ചെലവ് നിയന്ത്രിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതായി വരും. അശ്രദ്ധ മൂലം വീഴ്ച,അപകടം എന്നിവ ഉണ്ടാകാം. കഫജന്യരോഗങ്ങള്‍ പിടി പെടാം.വാദപ്രതിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ഉത്തമം. തൊഴിലിടങ്ങളില്‍ പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടതായി വരാം. വസ്തുതര്‍ക്കം പരിഹരിയ്ക്കപ്പെടും. പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം കൈ വരും.

വൃശ്ചികക്കൂറ് (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിത ധനനഷ്ടം, മാനഹാനി എന്നിവയ്ക്ക് സാധ്യത. ധന ഇടപാടുകളില്‍ ചതിയില്‍ പെടാതെ നോക്കണം.പ്രിയപെട്ടവരുടെ പിന്തുണ മൂലം നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും. പൂര്‍വിക സ്വത്തിന്റെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കും. കര്‍മ്മമേഖല വിപുലീകരിക്കാന്‍ സാധ്യത ഉണ്ട്. കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക് നേട്ടങ്ങള്‍ ഉണ്ടാകും.വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്കും വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ദാമ്പത്യ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകും. പ്രേമനൈരാശ്യം അലട്ടും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടാം. പൊതു പ്രവര്‍ത്തകര്‍ക്ക് അപവാദ ആരോപണങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അനുകൂല സമയം. പുണ്യതീര്‍ത്ഥയാത്രകള്‍ക്ക് അവസരം വന്നുചേരും. വിദേശ സഹായം വന്നു ചേരാം. കൂട്ടു കെട്ടുകളില്‍പ്പെട്ട് നീച പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യത. ദന്തരോഗം, ഉദരരോഗം എന്നിവ അലട്ടാം. കടബാധ്യത തീര്‍ക്കാന്‍ അവസരം ലഭിയ്ക്കും. ദൂര യാത്ര മൂലം അലച്ചില്‍, ശരീരക്ഷീണം അനുഭവപ്പെടാം. ബന്ധു ജനങ്ങളുടെ കാര്യത്തിനായി ഉള്ള യാത്രകള്‍, മറ്റുള്ളവര്‍ക്കായി ഉള്ള ആശുപത്രി വാസം, മക്കളെ കുറിച്ച് മനോവിഷമം എന്നിവ ഉണ്ടാകാം.

ധനുകൂറ് (മൂലം,പൂരാടം, ഉത്രാടത്തിന്റെ അവസാന പാദം)

സംഗീതം, നൃത്തം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ഉണ്ടാകും. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കര്‍മ്മരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. കേസ്, വ്യവഹാരം എന്നിവ തീര്‍പ്പാക്കും. വിദേശത്തുള്ള ബന്ധുജനങ്ങളുമായി ഒത്തു ചേരാന്‍ അവസരം ഉണ്ടാകും. വിനോദ യാത്രകള്‍ക്കായും വിശേഷവസ്ത്രാഭരണങ്ങള്‍ക്കായും വസ്തു,വാഹനം ഇവ വാങ്ങുന്നതിനായും ധനം ചെലവഴിയ്ക്കും. ഭാര്യാ ഭര്‍ത്തൃ ബന്ധത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുമെങ്കിലും മനസ്സമാധാനം കുറയും. മാസാദ്യം
മോശമാണെങ്കിലും മാസാവസാനം സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതശൈലി രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ആഹാരകാര്യങ്ങളിലെ അശ്രദ്ധ ആരോഗ്യത്തെ ബാധിക്കും. സ്വഭാവ ദൂഷ്യങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാം. പൊതുരംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അലച്ചില്‍ ഉണ്ടാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കും. സ്വഭാവദൂഷ്യം കര്‍മ്മമേഖലയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അസമയത്തുള്ള കൂട്ടുകെട്ട് അപവാദ ആരോപണങ്ങള്‍ക്ക് ഇടനല്‍കും.

മകര കൂറ് (ഉത്രാടം അവസാന മൂന്നു പാദം,തിരുവോണം, അവിട്ടം ആദ്യ രണ്ട് പാദം)

വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കര്‍മ്മ തടസ്സങ്ങള്‍ മാറി നല്ല ജോലി ലഭിക്കും. കലാരംഗത്ത് ഉള്ളവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന മാസമാണ്. ഉദ്യോഗത്തില്‍ സ്ഥാനകയറ്റം ലഭിക്കാം. പരാജയപ്പെട്ട സംരംഭങ്ങള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. കടബാധ്യതകള്‍ തീര്‍ക്കാന്‍ അവസരം ലഭിക്കും.
ചെറിയ കുട്ടികള്‍ക്ക് രോഗങ്ങള്‍ പിടി പെടാം. പ്രണയിക്കുന്നവര്‍ക്ക് ബന്ധുജനങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടതായി വരും. ഉന്നത സ്ഥാനം വഹിക്കുന്നവര്‍ അപവാദങ്ങളില്‍ പെടാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും.വാക്ക് പാലിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും.അപ്രതീക്ഷിതമായി എടുക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അപ്രീതി ഉളവാക്കും. ബന്ധുജനങ്ങളുമായി ശത്രുതയില്‍ ആകാനും സഹോദരങ്ങളുമായി കലഹിക്കാനും സാധ്യത. ഗൃഹനിര്‍മ്മാണത്തില്‍ പലവിധ തടസ്സങ്ങള്‍ നേരിടേണ്ടതായി വരാം. വസ്തു ഇടപാടുകള്‍ക്കായും സന്താനങ്ങളുടെ ഉന്നത പഠനത്തിനായും ധനം ചെലവഴിക്കും. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമാകാതെ വരും. ദീര്‍ഘകാലരോഗങ്ങളുടെ ചികിത്സയില്‍ മാറ്റങ്ങള്‍ ആവശ്യമായി വരും. വിദ്യാഭ്യാസ രംഗത്തുള്ള തടസ്സങ്ങള്‍ മാറി കിട്ടും.

കുംഭ കൂറ് (അവിട്ടം അവസാന രണ്ട് പാദം, ചതയം,പൂരൂരുട്ടാതി ആദ്യ മൂന്ന് പാദം)

തൊഴിലില്‍ വരുന്ന മാറ്റം പ്രയോജനപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് മത്സരവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തും. മക്കളുടെ വിവാഹ ആവശ്യത്തിന് ആയി വസ്ത്രാഭരണങ്ങള്‍ വാങ്ങും. സാമ്പത്തിക സ്ഥിതിയില്‍ അല്പം പുരോഗതി ഉണ്ടാവുമെങ്കിലും ഗൃഹ നവീകരണത്തിനായി പണം കടം എടുക്കേണ്ട സാഹചര്യം വന്നുചേരാം. വിനോദ യാത്രകള്‍ക്ക് പണം ചെലവഴിക്കേണ്ടതായി വരും. ലഹരി ഉപയോഗം കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടാന്‍ കാരണമാകും. വാഹനങ്ങളും വൈദ്യുതി യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
സാമ്പത്തിക ഗാര്‍ഹിക പ്രശ്‌ന പരിഹാരത്തിന് പരസഹായം തേടേണ്ടതായി വരാം. കുടുംബബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. സ്വന്തം ബന്ധുക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിയ്ക്കാന്‍പ്രത്യേകം ശ്രദ്ധിക്കണം. നിസ്സാര രോഗങ്ങള്‍ കൊണ്ട് നിരന്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദര, ദന്തരോഗങ്ങള്‍ക്ക് ചികിത്സ തേടും. മത്സരപരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചെന്ന് വരില്ല. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. ദൂരദേശ യാത്രകള്‍ക്ക് തടസ്സം നേരിടാം. കര്‍മ്മ രംഗത്ത് കൂടുതല്‍ ശ്രദ്ധ വേണം. വീണ്ടും വിചാരമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ നിയന്ത്രിക്കണം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നത് വഴി മനശാന്തി ലഭിക്കും.

മീനക്കൂറ് (പുരൂരുട്ടാതി അവസാന പാദം, ഉത്രട്ടാതി,രേവതി)

കുടുംബാഗങ്ങളുമായി വിനോദ യാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും.അവിവാഹിതര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വരാനും വിവാഹ നിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ നടക്കാനും സാധ്യത. ക്ഷമ, ഭക്തി,ആത്മവിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കും. കുടുംബബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആയിരിക്കും. മാനസികമായി അകന്നു കഴിഞ്ഞവര്‍ തമ്മില്‍ രമ്യതയിലാവും.
സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ പ്രതികൂലമാവാന്‍ സാധ്യത ഉണ്ട്. പ്രവാസികള്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടാകാം. ഗൃഹാവശ്യങ്ങള്‍ക്കായി പണം കടം എടുക്കേണ്ടതായി വരാം. അനാവശ്യ വിവാദങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാം.

തയാറാക്കിയത്:
ജ്യോത്സ്യന്‍
തെങ്കര സുബ്രഹ്‌മണ്യന്‍
ഗുരുവായൂര്‍
9447840774

Related Posts