പൈതൃകം
നിര്‍ജലഏകാദശി വ്രതമെടുത്താല്‍ ഇരട്ടിഫലം!

മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിര്‍ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണത്ത നിര്‍ജല ഏകാദശി ജൂണ്‍ 11 നാണ്. ഈ ഏകാദശിവ്രതമെടുക്കുന്നതുമൂലം ദീര്‍ഘായുസും കൈവല്യപ്രാപ്തിയുമുണ്ടാകുമെന്നാണ് വിശ്വാസം. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ ചെയ്യണം.

നിര്‍ജല ഏകാദശിയുമായി ബന്ധപ്പെട്ട ഒരു കഥ ഇങ്ങനെയാണ്: ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും എന്നാല്‍, തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും വ്യാസനോട് ഭീമന്‍ ആവശ്യപ്പെട്ടു.

അതിന് മറുപടിയായി വ്യാസന്‍ പറഞ്ഞത്, നരകത്തെ വെറുക്കുകയും സ്വര്‍ഗത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് ഏകാദശിവ്രതങ്ങളെടുക്കാനാണ്. അതിന് മറുപടിയായി ഭീമന്‍ പറഞ്ഞത്, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഏതൊരു വ്രതം കൊണ്ടുമാത്രം തനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണമെന്നുമാണ്. അതിന് മറുപടിയായി വ്യാസഭഗവാന്‍ പറഞ്ഞത്: മിഥുന മാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കാനാണ്. കുളിക്കുന്നതിലൂടെയും ആചമനം ചെയ്യുന്നതിലൂടെയും മാത്രം ജലം സ്വീകരിക്കുക. മറ്റ് ആഹാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ഏകാദശി ദിവസങ്ങളിലും ആഹാരം കഴിച്ച പാപവും ഇല്ലാതാകുമെന്നും വ്യാസന്‍ പറഞ്ഞു.

വ്യാസന്റെ ഉപദേശം സ്വീകരിച്ച ഭീമന്‍ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുകയും ദ്വാദശി ദിവസം പുലര്‍ച്ചെ ബോധരഹിതനാവുകയും ചെയ്തു. തുടര്‍ന്ന് പാണ്ഡവര്‍ ഗംഗാജലവും തുളസീതീര്‍ഥവും കൊടുത്ത് അദ്ദേഹത്തിന്റെ ബോധക്കേട് മാറ്റിയെന്നുമാണ് ഐതിഹ്യം. നിര്‍ജല ഏകാദശിപോലുള്ള വ്രതങ്ങളെടുക്കുമ്പോള്‍ ആരോഗ്യസ്ഥിതികൂടി ശ്രദ്ധിക്കേണ്ടതാണ്.

Related Posts