നക്ഷത്രവിചാരം
2025 ലെ പുതുവര്‍ഷഫലം; ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലകാലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

ചാരവശാല്‍ മെയ് 14 വരെ വ്യാഴം രണ്ടിലും അതിന്നുമേല്‍ മൂന്നിലും, ശനി മാര്‍ച്ച് 29 വര പതിനൊന്നിലും അതിന്നു മേല്‍ പന്ത്രണ്ടിലും സഞ്ചരിക്കുകയാല്‍ പ്രായേണ ഈ വര്‍ഷം ഗുണദോഷസമ്മിശ്ര വര്‍ഷമാണ്.

സാഹിത്യം,കല, നൃത്തം, അഭിനയം എന്നീ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അംഗീകാരങ്ങളും പ്രശസ്തിയും ലഭിയ്ക്കും. വ്യാപാര വ്യാവസായ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിയ്ക്കാം. പുതിയ തൊഴിലിനായി ശ്രമിയ്ക്കുന്നവര്‍ക്ക് അനുകൂല വര്‍ഷമാണ്. ഐടി രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ജോലി ഭാരം വര്‍ദ്ധിയ്ക്കുമെങ്കിലും സാമ്പത്തികപുരോഗതി കൈവരും. മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം ആദ്യം ശുഭ പ്രതീക്ഷ നല്‍കുമെങ്കിലും പ്രവേശനം ലഭിയ്ക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാം.

ഉന്നത പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് അനുകൂല സാധ്യത ഉണ്ടാകും. പുതു ഗൃഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലവര്‍ഷമാണ്.വിവാഹകാര്യത്തില്‍ തീരുമാനം ആകും.
ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ഉദ്യോഗ കയറ്റം ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷാരംഭത്തില്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെങ്കിലും വര്‍ഷാവസാനത്തോടെ കാര്യതടസ്സങ്ങള്‍ ഉണ്ടാകാം. സന്താനലബ്ധി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബസമേതമായുള്ള അപ്രതീക്ഷിത വിനോദ യാത്രകള്‍ ഉണ്ടാകും.

സാമ്പത്തിക നിക്ഷേപത്തിന് ശ്രമിക്കുകയും സാമ്പത്തികപരമായി ഈ വര്‍ഷം ആദ്യകാലങ്ങളില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെങ്കിലും മേയ് മാസം മുതല്‍ ജീവിത ചെലവ് കൂടുകയും വാഹനം മാറ്റി വാങ്ങുന്നതിനുള്ള ചെലവും തുടങ്ങി അപ്രതീക്ഷിത ധന നഷ്ടങ്ങളും ബാധ്യതകളും കടം എടുക്കേണ്ടതായ അവസരങ്ങളും ഉണ്ടാകും .

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിയ്ക്കാം. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. കൂടെ ഉള്ളവരുടെ പെരുമാറ്റം മാനസിക സംഘര്‍ഷത്തിന് ഇടയാക്കും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അപവാദ ആരോപണങ്ങള്‍ ഉണ്ടാകാം.പ്രേമനൈരാശ്യം അലട്ടും. ഇടവിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകാം. ഭീതി ഉളവാക്കുന്ന രോഗങ്ങളെ പറ്റി ആശങ്കപ്പെടാം. അലര്‍ജി രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ കരുതല്‍ വേണം. വസ്തു വ്യവഹാര സംബന്ധമായ കാര്യങ്ങളില്‍ സ്വജ്ജനങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക രംഗത്ത് തളര്‍ച്ച ഉണ്ടാക്കും. കടം തീര്‍പ്പാക്കാന്‍ അവസരം ഉണ്ടാകും. പുണ്യതീര്‍ത്ഥയാത്രകള്‍ മനസ്സിന് ആശ്വാസം ലഭിക്കാന്‍ സഹായകരമാകും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മൂന്നു പാദം,രോഹിണി,മകീരം ആദ്യ രണ്ടു പാദം)

ചാരവശാല്‍ വ്യാഴം മെയ് 14 വരെ ജന്മത്തിലും അതിനു മേല്‍ രണ്ടിലും ശനി മാര്‍ച്ച് 29 വരെ പത്തിലും അതിനു മേല്‍ പതിനൊന്നിലും സഞ്ചരിയ്ക്കുന്നു. സാഹിത്യ കലാകാരന്മാര്‍ക്ക് അംഗീകാരം,പ്രശസ്തി ലഭിക്കും. എഐ, ഡിജിറ്റല്‍, വസ്ത്ര വ്യാപാരം, ഓഹരി വിപണി, ചലച്ചിത്രം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും.
ഉന്നത സ്ഥാനമാനങ്ങള്‍ അലങ്കരിയ്ക്കാന്‍ അവസരങ്ങള്‍ വന്നു ചേരും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലം.

ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വര്‍ഷ മദ്ധ്യ ത്തോടുകൂടി ആഗ്രഹിച്ച ജോലി ലഭിക്കുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും കുടുംബാന്തരീക്ഷം സന്തോഷപ്രദമാകുകയും ചെയ്യും. ക്ഷേത്ര പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള പുണ്യ പ്രവര്‍ത്തികള്‍ക്ക് പണം ചെലവഴിക്കാന്‍ അവസരം ലഭിക്കും.ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വര്‍ഷാദ്യം കുടുംബത്തില്‍ തര്‍ക്കങ്ങള്‍,രോഗങ്ങള്‍, അകാരണമായി ധന ചെലവ് തുടങ്ങി പലവിധ പ്രയാസങ്ങള്‍ ഉണ്ടാവാം. പ്രവാസികള്‍ക്ക് ജോലിഭാരം കൂടുന്നതിനോടൊപ്പം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ ആവശ്യമാണ്. ഗൃഹനിര്‍മ്മാണം, വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ വരുന്ന അപ്രതീക്ഷിത ചെലവില്‍ പണം കടം എടുക്കേണ്ടതായി വരും.

മറ്റുള്ളവരുടെ കാര്യത്തിലുള്ള ഇടപെടല്‍ മാനസിക അസ്വസ്ഥത ഉണ്ടാക്കാം.സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പരാജയം നേരിടാം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ മക്കളുടെ കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. കുടുംബാംഗങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വീട് വിട്ട് താമസിക്കാന്‍ സാധ്യത ഉള്ളതിനാല്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. ഹൃദയം, കരള്‍,അര്‍ബുദ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുണ്ട്. പിതാവിനോ പിതൃതുല്യര്‍ക്കോ രോഗങ്ങള്‍ പിടിപെടാനും അവരുടെ ശുശ്രൂഷയ്ക്കായി സമയം കണ്ടെത്തേണ്ടതായും വരും. അശ്രദ്ധ മൂലം ഉണ്ടാകാവുന്ന വീഴ്ചകളില്‍ അസ്ഥി ഒടിയല്‍ തുടങ്ങിയ ഗുരുതരമായ പരിക്കുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ വഴി പണം കണ്ടെത്തുന്നവര്‍ക്ക് ഈ വര്‍ഷം പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവില്ല.

മിഥുനക്കൂറ് (മകയിരം അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദം)

ചാരവശാല്‍ വ്യാഴം മെയ് 14 വരെ 12 ലും അതിനുമേല്‍ ജന്മത്തിലും ശനി മാര്‍ച്ച് 29 വരെ ഒമ്പതിലും അതിനുമേല്‍ പത്തിലും സഞ്ചരിക്കുന്നതിനാല്‍ ദോഷാധിക്യ കാലമാണ്.
എഐ, റോബോട്ടിക്‌സ്, ബഹിരാകാശം, വിമാനനിര്‍മാണം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനോടൊപ്പം പലവിധ നേട്ടങ്ങള്‍ക്കും സാധ്യത. മെക്കാനിക്കല്‍ രംഗം ഉള്‍പ്പെടെ കര നാവിക വ്യോമസേന തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം കൂടുമെങ്കിലും ഉദ്യോഗ കയറ്റത്തിനും സ്ഥാനമാനങ്ങള്‍ ലഭിക്കാനും സാധ്യത ഉണ്ട്. അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പഠനരീതിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ സല്‍കീര്‍ത്തിയും സാമ്പത്തിക നേട്ടവും നേടി കൊടുക്കുന്നതാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ക്കും മോഡേണ്‍ ആര്‍ട്ട്, ചിത്രരചന, സിനിമ മേഖലയിലുള്ളവര്‍ക്കും നേരിയ സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങി വീടുവയ്ക്കാനും ഫ്‌ലാറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സമയം അനുകൂലം. വിദേശത്തുനിന്ന് ലഭിക്കുന്ന ധനം വഴി കടങ്ങള്‍ക്ക് പരിഹാരം ആകും.

അശ്രദ്ധ മൂലം വിദ്യാഭ്യാസ കാര്യത്തില്‍ വീഴ്ച വരാന്‍ സാധ്യതയുള്ളതിനാല്‍ മക്കളുടെ പഠന കാര്യത്തില്‍ ചിട്ടയായ പഠനരീതി പരിശീലിപ്പിക്കേണ്ടതാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും വിചാരം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലവും അനുചിത സുഹൃത്ത് ബന്ധങ്ങള്‍ മൂലവും അപവാദ ആരോപണങ്ങളില്‍ പെടാം.

അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പണം മുടക്കി ചെയ്യുന്നതും പങ്കാളികളുമായി ചേര്‍ന്നുള്ളതും കൃത്യമായ രേഖകള്‍ ഇല്ലാതെ ചെയ്യുന്നതും ആയ കച്ചവട സംരംഭങ്ങള്‍, വസ്തു വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ മൂലം സ്വസ്ഥത നഷ്ടപ്പെടാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വീട്,വാഹനം, വസ്ത്രം ഇവക്കായും ലോണ്‍ എടുക്കേണ്ടതായി വരാം. അനാരോഗ്യകരമായ ഭക്ഷണ രീതി മൂലം അണുബാധയുണ്ടാകാന്‍ സാധ്യത. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകാവുന്ന വൈറസ് രോഗങ്ങള്‍ പിടിപെട്ട് സന്ധിവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരാം. ത്വക്ക് രോഗങ്ങള്‍, അലര്‍ജി, നീര്‍ദോഷ രോഗങ്ങള്‍, സന്ധിവേദന എന്നിവ ഇടയ്ക്കിടയ്ക്ക് അലട്ടാന്‍ സാധ്യതയുണ്ട്.

കരള്‍, വൃക്ക, വാതം, നാഡീ സംബന്ധമായ രോഗം അലട്ടുന്നവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുള്ളതിനാല്‍ ചികിത്സാ കാര്യങ്ങളില്‍ കൃത്യതയും കരുതലും ആവശ്യമാണ്. അത്യാഡംബര ജീവിതരീതി പിന്തുടരുന്നവര്‍ക്കും ഉത്സവമേളകളിലെ ആസ്വാദന കലകളില്‍ ഏര്‍പ്പെട്ട് വൃഥാസമയം ചെലവഴിക്കുന്നവര്‍ക്കും മദ്യപാനം ശീലമാക്കിയവര്‍ക്കും ജീവിതത്തില്‍ പലവിധ താളപ്പിഴകള്‍ സംഭവിക്കാം.

കര്‍ക്കടക കൂറ് (പുണര്‍തം അവസാനഭാഗം, പൂയം, ആയില്യം)

ചാരവശാല്‍ മെയ് 14 വരെ വ്യാഴം പതിനൊന്നിലും അതിനുശേഷം പന്ത്രണ്ടിലും മാര്‍ച്ച് 29 വരെ ശനി അഷ്ടമത്തിലും അതിന് മേല്‍ ഒമ്പതിലും സഞ്ചരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പൊതുവേ അനുകൂല സമയമാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും പുതിയ തൊഴില്‍ തേടുന്നവര്‍ക്കും കാര്യസാധ്യമുണ്ടാകുന്നതാണ്.

മറ്റുള്ളവരുടെ സഹായം മൂലം കര്‍മ്മരംഗം മെച്ചപ്പെടുത്താനും അതുവഴി ജീവിതരീതിയില്‍ മാറ്റം വരുത്താനും സാധിക്കും. കലാസാഹിത്യ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമേഖലയില്‍ അംഗീകാരങ്ങള്‍ ലഭിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. പ്രവാസികള്‍ക്കും വിദേശത്ത് ആരോഗ്യരംഗത്ത് ഉള്‍പ്പെടെ ജോലി, ഉപരിപഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.

വസ്ത്രം, ആഭരണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കയറ്റുമതി ഇറക്കുമതി വ്യവസായം, വിനോദസഞ്ചാരം, വാഹനങ്ങള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കും ശാസ്ത്ര സാങ്കേതിക മേഖലയില്‍ ജോലിയില്‍ ഉള്ളവര്‍ക്കും ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തന മേഖലയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

അപ്രതീക്ഷിത ധനാഗമനം ഉണ്ടാകും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. ദാമ്പത്യം ഊഷ്മളമാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറി കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷപ്രദമാകുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും മനസ്സന്തോഷം ഉണ്ടാവുകയും ചെയ്യും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും വാഹനം മാറ്റി വാങ്ങാനോ പുതിയ വാഹനം വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. മക്കളെക്കുറിച്ച് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ വന്നുചേരും. ആഗ്രഹിച്ച യാത്രകള്‍ സഫലീകരിക്കാന്‍ സാധിക്കും. ഈശ്വര പ്രാര്‍ത്ഥന, മറ്റ് സത്പ്രവര്‍ത്തികള്‍ ചെയ്യാനും സംഘടിപ്പിക്കാനും അവസരം ലഭിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും പണം കടം എടുക്കേണ്ട സാഹചര്യം വന്നാലും കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ദീര്‍ഘകാല രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ശരിയായ ചികിത്സാ രീതിയിലൂടെ രോഗാവസ്ഥ മെച്ചപ്പെടും. ആരോഗ്യനില പൊതുവേ മെച്ചപ്പെടുമെങ്കിലും പാദ രോഗങ്ങള്‍, നീര്‍ക്കെട്ട്, ശ്വാസകോശസംബന്ധ രോഗങ്ങള്‍, സ്ത്രീകള്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ എന്നിവ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്.

പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂലം കാര്‍ഷിക മേഖല നഷ്ടത്തില്‍ ആകാം. സാഹസിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തന മേഖലയില്‍ അതീവ കരുതല്‍ ആവശ്യമാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദ ആരോപണങ്ങളില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ ആവശ്യമാണ്. ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അനാരോഗ്യകരമായി ചെയ്യുന്ന പ്രവര്‍ത്തികള്‍ പ്രവര്‍ത്തനമേഖലയെ ദോഷകരമായി ബാധിക്കാനും നിയമനടപടികള്‍ അഭിമുഖീകരിക്കാനും സാധ്യത ഉണ്ട്.

ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം ആദ്യപാദം)

ചാരവശാല്‍ വ്യാഴം മെയ് 14 വരെ പത്തിലും അതിനു മേല്‍ പതിനൊന്നിലും ശനി മാര്‍ച്ച് 29 വരെ ഏഴിലും അതിന്മേല്‍ അഷ്ടമത്തിലും ആകുന്നു. എഴുത്ത് പരീക്ഷയില്‍ വിജയം ഉണ്ടാകും. പാചകത്തിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. എഞ്ചിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാം. സിനിമാ വ്യവസായ മേഖല മെച്ചപ്പെടും. വസ്തു വ്യാപാര രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം ലഭിക്കും.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ വീട് നിര്‍മിക്കാന്‍ അനുകൂലകാല മാണ്.
കര്‍മ്മ രംഗം മെച്ചപ്പെടും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. ഭാര്യാ ഭര്‍ത്തൃ ബന്ധം നല്ല രീതിയില്‍ ആകും. സന്താനലബ്ധി ആഗ്രഹിയ്ക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.
സല്‍കര്‍മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാദ്യം മോശമെങ്കിലും പിന്നീട് പഠന കാര്യത്തില്‍ ഉത്സാഹം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ആദ്യ മൂന്നു മാസങ്ങളില്‍ മോശമാകുമെങ്കിലും ഏപ്രില്‍ മാസം തുടങ്ങി മെച്ചപ്പെടുന്നതാണ്. സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. സ്വഭാവദൂഷ്യം ദുഷ്‌കീര്‍ത്തിക്ക് കാരണമാകുകയും തന്മൂലം കുടുംബത്തില്‍ വിഷമാവസ്ഥ ഉണ്ടാകുകയും ചെയ്യും.

വീണ്ടുവിചാരം ഇല്ലാതെ പെട്ടെന്ന് എടുക്കുന്ന തീരുമാനം കൂടെ ഉള്ളവരുമായുള്ള തര്‍ക്കത്തിനും കലഹത്തിനും ഇടയാക്കും. ആഗ്രഹ വിവാഹത്തിന് തടസ്സവും മനക്ലേശവും ഉണ്ടാകാം. അമിത ലഹരി ഉപയോഗം കുടുംബത്തില്‍ അസ്വസ്ഥതക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
മറ്റുള്ളവരെ വിശ്വസിച്ച് ഉള്ള പണ ഇടപാടുകളില്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണ്ടതാണ്. കര്‍മ്മരംഗത്തെ അശ്രദ്ധമൂലം നഷ്ടങ്ങള്‍ ഉണ്ടാകാം. പണം, സ്വര്‍ണ്ണം എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. ദീര്‍ഘകാല രോഗത്തിന് ആശ്വാസം ലഭിക്കും.

കന്നികൂറ് (ഉത്രം അവസാന മൂന്നു പാദം, അത്തം,ചിത്ര ആദ്യ രണ്ടു പാദം)

ചാരവശാല്‍ വ്യാഴം മെയ് 14 വരെ ഒന്‍പതിലും അതിനു ശേഷം പത്തിലും ശനി മാര്‍ച്ച് 29 വരെ ആറിലും അതിന്നു മേല്‍ ഏഴിലും സഞ്ചരിക്കുന്നു. സാഹിത്യം,കല, നൂതന സങ്കേതികവിദ്യ കൊണ്ടുള്ള കലാ പ്രവര്‍ത്തനം എന്നീ മേഖല മെച്ചപെടും. ഉന്നതരുമായി ഉള്ള ബന്ധം വിദേശത്തും സ്വദേശത്തും ജോലി ലഭിക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ജോലി ലഭിയ്ക്കാനിടയുണ്ട്.
ഉദ്യോഗ കയറ്റവും സ്ഥാനമാറ്റവും ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ക്ക് സമയം അനുകൂലമാണ്.
ഐ ടി രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ജോലി മാറ്റത്തിന് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി ഉണ്ടാകും.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം കടം എടുക്കേണ്ടതായി വരും. വിവാഹകാര്യത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുക മൂലം നഷ്ടം ഉണ്ടാകാം. ത്വക്ക് രോഗം, അലര്‍ജി, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ അലട്ടാം. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ ജീവിതശൈലീ രോഗമുള്ളവര്‍ക്ക് യോഗ പരിശീലിക്കുന്നതിലൂടെ രോഗത്തിന് ആശ്വാസം ലഭിക്കും.

തുലാക്കൂറ് (ചിത്ര അവസാന രണ്ടു പാദം, ചോതി,വിശാഖം ആദ്യ മൂന്നു പാദം)

ചാരവശാല്‍ വ്യാഴം മെയ്14 വരെ അഷ്ടമത്തിലും അതിനു മേല്‍ ഒന്‍പതിലും ശനി മാര്‍ച്ച് 29 വരെ അഞ്ചിലും അതിന്നു മേല്‍ ആറിലും സഞ്ചരിക്കുന്നു. കല,സാഹിത്യം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വസ്തു, വാഹനം എന്നിവയോട് ബന്ധപ്പെട്ട വ്യാപാരം ലാഭത്തിലാകും. രാജ്യ രക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാകും.

വര്‍ഷാരംഭത്തില്‍ വിദേശ ജോലിയില്‍ തിരിച്ചടി ഉണ്ടാകുമെങ്കിലും ജൂണ്‍ മാസം തുടങ്ങി ജോലിയില്‍ മാറ്റമുണ്ടാവുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും അതു മൂലം സമൂഹത്തില്‍ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കുകയും ചെയ്യും.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശ യാത്ര, ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം ഉണ്ടാകും. കേസ്,വ്യവഹാരം ഇവ പരിഹരിക്കപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വര്‍ഷ ആരംഭത്തില്‍ കുടുംബത്തില്‍ ഉണ്ടാകാവുന്ന ചില അസ്വാരസ്യങ്ങള്‍, മാറി താമസിക്കാന്‍ ഇടയാക്കുമെങ്കിലും വര്‍ഷത്തിന്റെ പകുതിയോടെ ജീവിതരീതി മെച്ചപ്പെടുകയും സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടുകയും
കുടുംബത്തില്‍ സമാധാനം കൈവരികയും ചെയ്യും. മക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. അപ്രതീക്ഷിത ധനലാഭത്തിനും തൊഴില്‍ മേഖലയില്‍ മാറ്റത്തിനും സാധ്യത.
ഗൃഹം മോടി പിടിപ്പിക്കാനും ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ധനം ചെലവഴിക്കും.

സുഹൃത്തുക്കളുടെ പ്രോത്സാഹനം പുതിയ തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ സഹായകരമാകും. നിലവില്‍ ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും മക്കളുടെ വിവാഹകാര്യങ്ങള്‍ക്കും മറ്റും വീണ്ടും പണം കടം എടുക്കേണ്ടതായി വരും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ഭാര്യാ ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പ്രേമ ബന്ധങ്ങള്‍ തുടങ്ങാന്‍ സാധ്യത.

രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദീര്‍ഘകാല രോഗങ്ങള്‍ക്ക് ഉള്ള ചികിത്സയില്‍ മാറ്റങ്ങള്‍ വേണ്ടി വരും. ഭക്ഷണകാര്യത്തിലെ അശ്രദ്ധ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം.ഹൃദ്രോഗത്തിന് ചികിത്സ തേടേണ്ടതായി വരാം.

ഉന്നത സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ശാസനയും മററും ഉണ്ടാകും. പരീക്ഷകള്‍ നേരിടുന്നവര്‍ക്ക് ഭയവും പരാജയഭീതിയും ഉണ്ടാകും. ആഗ്രഹത്തിന് വിപരീതമായുള്ള പഠനമേഖല തിരഞ്ഞെടുക്കേണ്ടതായി വരും. മനോവിഷമം ഉണ്ടാകും.
വ്യാപാര വ്യാവസായ മേഖലയില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായെന്നു വരില്ല. കാര്‍ഷിക രംഗത്ത് നഷ്ടങ്ങള്‍ ഉണ്ടാകാം. അശ്രദ്ധ മൂലം വാഹന അപകടം ഉണ്ടാകാം.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും.

വൃശ്ചിക കൂറ് (വിശാഖം അവസാനപാദം, അനിഴം,തൃക്കേട്ട)

ചാരവശാല്‍ വ്യാഴം മെയ് 14 വരെ ഏഴിലും അതിനു മേല്‍ അഷ്ടമത്തിലും ശനി മാര്‍ച്ച് 29 വരെ നാലിലും അതിന്നു മേല്‍ അഞ്ചിലും സഞ്ചരിക്കുന്നു. തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ വിജയവും ഉദ്യോഗലബ്ധിയും ഉണ്ടാകും. തൊഴില്‍ രംഗത്ത് ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അതോടൊപ്പം സ്ഥാനപ്രാപ്തിയും ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ നേട്ടം ഈ വര്‍ഷം ഉണ്ടാകും. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ സാധിക്കും. ശത്രുപീഢകുറയും. ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും വിദേശത്ത് ജോലിയോടൊപ്പം പഠനത്തിനും
ശ്രമിയ്ക്കുകയും ചെയ്യും. വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സം മാറും. പുണ്യതീര്‍ത്ഥ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വന്നുചേരും.

ഓഹരി വിപണി, ഊഹ കച്ചവടം എന്നിവയില്‍ നിന്ന് ധനലാഭം ഉണ്ടാകും. ബിസിനസ് രംഗത്ത് നേട്ടം കൈവരിക്കാന്‍ സാധിക്കും.അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനകയറ്റം ഉണ്ടാകും. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയും ഭൂമി വാങ്ങി ഗൃഹനിര്‍മ്മാണത്തിന് ശ്രമിയ്ക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരുടെ സഹകരണം സഹായകരമാകും. ആരോഗ്യ പരമായി നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ലഭിക്കും.വിദേശത്ത് ജോലി നഷ്ടപെട്ടവര്‍ക്ക് പുതിയ ജോലി ലഭിക്കും.

താല്‍ക്കാലിക ജോലി സ്ഥിരപ്പെടുന്നതിനായി സഹായം ലഭിയ്ക്കാം. അതു മൂലം ഉന്നതരുമായി ബന്ധം ഉണ്ടാകാം. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. ബന്ധുജനങ്ങളുടെ പിണക്കം മാറി രമ്യതയില്‍ ആകും . വിവാഹ മോചനം വരെ എത്തിയിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒരുമയോടെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സന്താനങ്ങളില്ലാതെ വിഷമയ്ക്കുന്നവര്‍ക്ക് ദൈവാധീനവും പ്രാര്‍ത്ഥനയും മൂലം സന്താനഭാഗ്യം ഉണ്ടാകും.

സാമ്പത്തിക ക്ലേശം വര്‍ഷാദ്യം ഉണ്ടാകാമെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടും.
ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റപണികള്‍ക്കായി ധനം ചെലവഴിക്കും. മാതൃതുല്യരുടെ രോഗപീഢകള്‍ക്കായി സമയം കണ്ടെത്തി ചികിത്സ നടത്തേണ്ടതായി വരും. മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കുക മൂലം ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ഈ വര്‍ഷം കേള്‍ക്കാന്‍ സാധിക്കും.

അനാരോഗ്യകരമായ ഭക്ഷണ രീതി മൂലം ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിയ്ക്കും. തൊഴില്‍പരമായി പതിവില്‍ കൂടുതല്‍ യാത്രകള്‍ അന്യദേശത്തും സ്വദേശത്തു വേണ്ടിവരും. കോടതിയില്‍ നിലനിന്നിരുന്ന കേസുകളില്‍ വിജയം ഉണ്ടാകും. സന്താനങ്ങളുടെ കാര്യം ഓര്‍ത്തു മനസ്സ് വിഷമിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. ജോലിയോടെപ്പം ബിസിനസ്സ് കൊണ്ടു നടത്താന്‍ ഈ വര്‍ഷം ശ്രമിയ്ക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)

സ്വര്‍ണ്ണവ്യാപാര രംഗത്ത് ഈ വര്‍ഷം നേട്ടങ്ങളുടെ കാലമാണ്. സംഗീതം,നൃത്തം, അഭിനയം,വാദ്യകല എന്നിവയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പ്രേത്സാഹനങ്ങളും സമ്മാനങ്ങളും ലഭിക്കും. വസ്ത്ര ആഭരണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും.

ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ ജോലിക്കും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും അവസരങ്ങള്‍ ഉണ്ടാകും. ടെക്‌നിക്കല്‍ മേഖല, നൂതന സങ്കേതിക വിദ്യ എന്നിവയോട് ബന്ധപ്പെട്ട വിദ്യാഭ്യാസവും കര്‍മ്മവും ഗുണം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനും സാമ്പത്തികസ്ഥിതിമെച്ചപ്പെടുത്താനും സാധിക്കും. സേനാവിഭാഗങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. സന്താനങ്ങള്‍ക്ക് വിദേശത്ത് പഠനത്തിനും ജോലിയ്ക്കും ശ്രമിയ്ക്കുന്നത് ഗുണം ചെയ്യും.
വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. വിദ്യാര്‍ത്ഥികള്‍ക്ക് കല,കായികരംഗത്തുള്ള കഴിവ് തെളിയിക്കാന്‍ അവസരം ഉണ്ടാകും. മത്സരപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ ജോലിയില്‍ വളരെ ഉത്തരവാദിത്വപെട്ട കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
തൊഴില്‍ രഹിതര്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിജയം കൈവരാം. കര്‍മ്മരംഗത്ത് ശോഭിയ്ക്കും. കടം വീട്ടാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാനും സാധിക്കും. സഹോദരന്‍, സഹായികള്‍ എന്നിവരില്‍ നിന്നും സഹായം ലഭിക്കും. സുഹൃത്തുക്കളുടെ സഹായം ആശ്വാസം നല്‍കും. ശാരീരകമായി അലട്ടിയിരുന്ന അവശതകള്‍ക്ക് ശമനം കിട്ടും.

ദീര്‍ഘകാലങ്ങളായുള്ള ആഗ്രഹം സഫലീകരിക്കും. നടപ്പാവില്ല എന്ന് കരുതിയ പല കാര്യങ്ങളും അപ്രതീക്ഷിതമായി സാധ്യമാകും. വിദേശപര്യടനം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിയ്ക്കാന്‍ അവസരം ലഭിയ്ക്കും. മുടങ്ങി കിടന്ന ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കാന്‍ ശ്രമിയ്ക്കും. ബന്ധുജന സഹായത്തോടെ തൊഴില്‍ ലാഭം, വിവാഹ ലബ്ധി എന്നിവ ഉണ്ടാകാം.
തൊഴില്‍പരമായി തര്‍ക്കങ്ങള്‍ ഉടലെടുക്കുമെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്യും.

അനാവശ്യ ചിന്തകള്‍ മനസ്സിനെ വ്യാകുലപ്പെടുത്തും. പ്രിയപ്പെട്ടവരുടെ വിയോഗം മനോവിഷമം ഉണ്ടാക്കും. വാഹനം മാറ്റി വാങ്ങുന്നതിനായും മക്കളുടെ വിവാഹത്തിനായും ധനം കടമെടുക്കേണ്ടതായി വരും. പണമിടപാടുകളില്‍ കൃത്യത പാലിക്കുന്നതിനോടൊപ്പം കൃത്യമായ രേഖകള്‍ പരിശോധിച്ച് സൂക്ഷിക്കേണ്ടതുമാണ്. മനസ്സില്‍ നിന്നിരുന്ന വിഷമതകള്‍ വിട്ടൊഴിയും. കാര്‍ഷിക മേഖലയില്‍ നഷ്ടങ്ങള്‍ ഉണ്ടാകാം. തൊഴിലിലെ കഠിനാദ്ധ്വാനം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാം. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നിരാശ ഉണ്ടാക്കും. തൊഴിലില്‍ കൃത്രിമത്വം കാണിക്കുന്നതുമൂലം ശിക്ഷാ നടപടികള്‍ നേരിടാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ പ്രത്യേകം ശ്രദ്ധയും സത്യസന്ധതയും സൂക്ഷിക്കണം. അമിത ചെലവ് സമ്പത്തികബാധ്യത ഉണ്ടാക്കുകയും ജൂണ്‍ മാസം മുതല്‍ അത് പരിഹരിയ്ക്കാന്‍ വേണ്ടി കടം എടുക്കുകയും ചെയ്യും. കുടുംബ ജനങ്ങള്‍ക്കായി ചികിത്സ ആവശ്യമായി വരുകയും അതിനായി ധനം ചെലവഴിയ്‌ക്കേണ്ടതായി വരും. ഗര്‍ഭിണികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണം. വര്‍ഷാദ്യ സമയങ്ങളില്‍ കുടുംബത്തില്‍ നിന്ന് അകന്ന് താമസിയ്ക്കാന്‍ ഇടവരുമെങ്കിലും പിന്നീട് ഒരുമിച്ച്ആകും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെങ്കിലും സാമാന്യം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുവാന്‍ കഴിയും.

മകരക്കൂറ് (ഉത്രാടം അവസാന മൂന്നു പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ടു പാദം)

ചാരവശാല്‍ വ്യാഴം മെയ് 14 മുതല്‍ അഞ്ചിലും അതിനു മേല്‍ ആറിലും ശനി രണ്ടിലും അതിന്മേല്‍ മൂന്നിലും സഞ്ചരിയ്ക്കുന്നു. വിദ്യാര്‍ത്ഥികളുടെ അശ്രാന്ത പരിശ്രമം വിജയത്തിലെത്തിക്കും. പുതിയ കര്‍മ്മമേഖല തേടുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാകും.
നിയമപ്രശ്‌നങ്ങള്‍ നേരിടുന്ന വര്‍ക്ക് അനുകൂല വിധിയുണ്ടാകും. വിവാഹ ആലോചനകള്‍ക്ക് തീരുമാനമുണ്ടാകും. ബാങ്ക് ജീവനക്കാര്‍ക്ക് ജോലിഭാരം വര്‍ദ്ധിയ്ക്കും. നൃത്ത സംഗീത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നുചേരും. പൊതുരംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വകാല കോഴ്‌സ്‌കളില്‍ ചേരാന്‍ സാധ്യത.

തൊഴില്‍പരമായി ഉണ്ടായ നാശനഷ്ടങ്ങള്‍ സ്വപ്രയത്‌നം കൊണ്ട് പരിഹരിക്കാന്‍ സാധിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. തൊഴില്‍പരമായി മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകും.
പ്രശ്‌നങ്ങള്‍ അനവധി ഉണ്ടെങ്കിലും മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളിയുടെ സഹായവും പിന്തുണയും ഉള്ളതിനാല്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അറിയാതെ സ്വസ്ഥജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.

വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. കുടുംബ ജനങ്ങള്‍ക്കായും പുണ്യ പ്രവര്‍ത്തികള്‍, വീടിന്റെ അറ്റകുറ്റ പണി എന്നിവയ്ക്കായും പണം ചിലവഴിക്കും. ദൂരദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനു കൂല സാഹചര്യം വന്നുചേരും.

വീണ്ടു വിചാരം ഇല്ലാതെ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ സാമ്പത്തിക നഷ്ടങ്ങളും മനോ വിഷമവും ഉണ്ടാക്കും. സ്വജന വിയോഗം ദുഃഖത്തിലാഴ്ത്തും. പ്രവര്‍ത്തിയിലെ അശ്രദ്ധ സാമ്പത്തിക നഷ്ടത്തിനും ജോലി മാറ്റത്തിനും കാരണമാകും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവിടത്തെ നിയമ വ്യവസ്ഥ ലംഘിക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ദണ്ഡന തുല്യ കഷ്ടതകള്‍ അലട്ടാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരി കളും അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. വരവിനൊപ്പം ചെലവ് അധികരിക്കുകയും കടബാധ്യത തീര്‍ക്കാന്‍ വീണ്ടും കടം എടുക്കേണ്ടതായും വരും.

പകര്‍ച്ചവ്യാധികള്‍ പിടി പെടാം. രോഗാധിക്യം മൂലം കഷ്ടതകള്‍ അനുഭവിയ്ക്കുന്നവര്‍ക്ക്
ആശ്വാസം ലഭിക്കും. .ആരോഗ്യ പരിപാലനത്തിനായി ആരോഗ്യകരമായ ഭക്ഷണ വ്യായാമ മുറകള്‍ ശീലി ക്കാന്‍ ശ്രമിക്കണം.

കുംഭ കൂറ് (അവിട്ടം അവസാന രണ്ടു പാദം,ചതയം,പൂരോരുട്ടാതി ആദ്യത്തെ മൂന്നു പാദം)

ചാരവശാല്‍ വ്യാഴം നാലിലും മെയ് 14 മുതല്‍ അഞ്ചിലും ശനി മാര്‍ച്ച്24 വരെ ജന്മത്തിലും അതിന്നു മേല്‍ രണ്ടിലും സഞ്ചരിയ്ക്കുന്നു. ഐ ടി രംഗത്തും നിര്‍മ്മാണ മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അനുകൂല കാലമാണ്. കലാ കായിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഉന്നത പഠനത്തിനായും ജോലിയ്ക്കായും വിദേശത്ത് ശ്രമിയ്ക്കുന്നത് ഗുണം ചെയ്യും. ഇടനിലക്കാര്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുന്ന ജോലികള്‍ പ്രയോജനപ്പെടും. പ്രവര്‍ത്തന മേഖല വിപുലീകരിയ്ക്കാന്‍ പദ്ധതിയുണ്ടാകും.

ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. വിദ്യാഭ്യാസ രംഗത്തും കര്‍മ്മരംഗത്തും തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ദാമ്പത്യ പ്രശ്‌നം പരിഹരിയ്ക്കാന്‍ വിട്ടുവീഴ്ച അനിവാര്യമാകുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയും ചെയ്യും.

കോടതി, കേസ്, സാമ്പത്തിക ഇടപാട് എന്നിവയ്ക്ക് തീരുമാനമാകും. സഹോദര തര്‍ക്കം പരിഹരിക്കപ്പെടും. ജീവിത ശൈലി രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത ഉള്ളതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണ്ടതാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സയും ശ്രദ്ധയും അനിവാര്യമാണ്. തൊഴില്‍പരമായി ഉണ്ടാകുന്ന സമ്മര്‍ദ്ദം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കരള്‍, വൃക്ക, ഹൃദയം എന്നിവയോട് ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ദ്ധിക്കാനിടവരും.

സ്വത്ത് തര്‍ക്കം,കേസ് വരെ എത്താം. വിദേശ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസില്‍ നഷ്ടം ഉണ്ടാകാം. അന്യരുമായി ഉള്ള കൂട്ട്‌കെട്ട് അപവാദങ്ങളില്‍ കലാശിക്കുകയും അവിഹിതകൂട്ട്‌കെട്ട് കുടുംബത്തിലെ ഐക്യം ഇല്ലാതാക്കുകയും ചെയ്യും.

വാഹനസംബന്ധമായ കാര്യങ്ങള്‍ക്കായി പണ ചിലവ് ഉണ്ടാകാം. മറ്റുള്ളവരെ വിശ്വസിച്ച് ചെയ്യുന്ന സാമ്പത്തിക ഇടപാടുകള്‍ രേഖാമൂലം ചെയ്യുന്നത് ഗുണം ചെയ്യും. പ്രകൃതി ക്ഷോഭം മൂലം നാശങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അശ്രദ്ധ മൂലം വാഹനാപകടത്തിന് സാധ്യത. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ പുതിയ നിക്ഷേപങ്ങള്‍ തുടങ്ങുന്നത് കരുതലോടെ വേണം.

മീനക്കൂറ് (പൂരോരുട്ടാതി അവസാന പാദം,ഉത്രട്ടാതി,രേവതി)

ചാരവശാല്‍ വ്യാഴംമെയ് 14 വരെ മൂന്നിലും അതിനു മേല്‍ നാലിലും ശനി മാര്‍ച്ച് 29 വരെ പന്ത്രണ്ടിലും അതിന്നു മേല്‍ ജന്മത്തിലും സഞ്ചരിക്കുന്നു. സര്‍ക്കാര്‍ ആനകൂല്യങ്ങള്‍ ലഭിക്കാം. തീര്‍ത്ഥയാത്രകള്‍ നടത്തും. സമുദായത്തിന്റെയോ സംഘടനയുടയോ നേതൃപദവി ലഭിക്കും.വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കാലങ്ങളായി അകന്നിരിക്കുന്നവര്‍ അടുപ്പത്തിലാകും. അസുഖങ്ങളായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വിദേശത്ത് നിന്ന് ധനാഗമനം പ്രതീക്ഷിക്കാം. മക്കളുടെ പഠന വിഷയത്തിലും വിവാഹത്തിലും തൊഴിലിലും തീരുമാനം ഉണ്ടാകും. ജീവിതരീതിയില്‍ വരുന്ന മാറ്റവും വിശേഷ വസ്ത്രാഭരണലബ്ധിയും മനസന്തോഷം ഉണ്ടാക്കും.

സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. ഉപരിപഠനത്തിനും ഗൃഹനവീകരണത്തിനുമായി പണചിലവ് ഉണ്ടാകാം. പുതിയ സംരങ്ങളില്‍ മുതല്‍ മുടക്കുമ്പോള്‍ സാമ്പത്തിക തടസ്സത്തിന് സാധ്യത ഉണ്ടാകാം. വാഹനം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കടം എടുക്കേണ്ടതായ സാഹചര്യം വരാം.

മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് പ്രതീക്ഷിച്ച പോലെ തയ്യറെടുക്കാന്‍ പറ്റാതെ വരും. നിസ്സാര കാര്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. അപവാദ ആരോപണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ അനാവശ്യ കൂട്ട് കെട്ട് ഒഴിവാക്കേണ്ടതാണ്. കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം. ലഹരി ഉപയോഗം കുടുംബത്തില്‍ വിഷമത ഉണ്ടാക്കും. കോടതി,കേസ് കാര്യങ്ങള്‍ നീണ്ടു പോകാനിടയുണ്ട്. വസ്തു തര്‍ക്കം വീണ്ടും ഉണ്ടാകാം.പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ധനനഷ്ടത്തിന് കാരണമാകും. പ്രകൃതിക്ഷോഭം മൂലം നാശ നഷ്ടങ്ങള്‍ ഉണ്ടാകാം. മാതൃജനങ്ങള്‍ക്ക് രോഗപീഢ അലട്ടാം. സ്തനരോഗം,ഗര്‍ഭാശയ രോഗം എന്നിവ പിടി പെടാം. ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള ചികിത്സ മാറ്റേണ്ടതായി വരും.

തയാറാക്കിയത്:
ജ്യോത്സ്യന്‍
തെങ്കര സുബ്രഹ്‌മണ്യന്‍
ഗുരുവായൂര്‍ മമ്മിയൂര്‍ 9447840774

Related Posts