
നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍
നെടുമ്പാശ്ശേരി: കേരള ക്ഷേത്ര സേവാ ട്രസ്റ്റിന്റെ കീഴിലുള്ള നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം 2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികള്‍ ഹരിശ്രീ കുറിച്ച പുണ്യഭൂമിയാണ് ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം.
ഒക്ടോബര്‍ 18 ഞായറാഴ്ചയാണ് പൂജവെപ്പ് ചടങ്ങുകള്‍ നടക്കുന്നത്. ഒക്ടോബര്‍ 19-ന് തിങ്കളാഴ്ച ദുര്‍ഗ്ഗാഷ്ടമിയും, 20-ന് ചൊവ്വാഴ്ച മഹാനവമിയും ആയിരിക്കും. നവരാത്രിയുടെ സമാപന ദിവസമായ ഒക്ടോബര്‍ 21 ബുധനാഴ്ചയാണ് വിജയദശമി ദിനത്തിലെ വിദ്യാരാംഭം നടക്കുക.
നവരാത്രി ദിനങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 35-ാമത് ക്ലാസിക്കല്‍ നൃത്ത-സംഗീതോത്സവവും അരങ്ങേറ്റവും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനമായ ഒക്ടോബര്‍ 11-ന് രാവിലെ 7.30-ന് സൗന്ദര്യലഹരി പാരായണവും തുടര്‍ന്ന് 8.30-ന് നൃത്ത-സംഗീതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനവും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വീണക്കച്ചേരിയും നടക്കും. ദിവസവും രാവിലെ 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെയാണ് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കുന്നത്. നവരാത്രി ദിവസങ്ങളില്‍ ഭക്തര്‍ക്കായി രാത്രി 8 മുതല്‍ 9.30 വരെയും, ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി തുടങ്ങിയ പ്രധാന ദിവസങ്ങളില്‍ ഉച്ചയ്ക്കും പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്.
ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കി ജപിച്ച ‘സാരസ്വതഘൃതം’ (നെയ്യ്) ആണ് ഇവിടുത്തെ മുഖ്യ പ്രസാദം. കൂടാതെ, സ്ഫുടമായി സംസാരിക്കുവാന്‍ സഹായിക്കുന്ന ‘നാവ്’, കേള്‍വിശക്തിക്കും ശ്രദ്ധയ്ക്കുമായി ‘മണി’, എഴുതുവാനുള്ള വാസന ഉണര്‍ത്തുവാനായി ‘നാരായം’ എന്നിവ സമര്‍പ്പിക്കുന്ന ‘നാവ്-മണി-നാരായം സമര്‍പ്പണം’ ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാടാണ്.
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിവരവും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഏകദേശം 80 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2027-28 കാലയളവില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഭക്തജനങ്ങളോട് ക്ഷേത്രം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ നവരാത്രി ആഘോഷം വിജയപ്രദമാക്കുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും അകംനിറഞ്ഞ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് കേരള ക്ഷേത്ര സേവാട്രസ്റ്റിന് വേണ്ടി ചെയര്‍മാന്‍ എം.പി. നാരായണന്‍ മൂത്തമന, സെക്രട്ടറി പി. ശശികുമാര്‍, ദേവസ്വം സെക്രട്ടറി മനോജ് കുമാര്‍ കെ.പി. എന്നിവര്‍ അറിയിച്ചു.


