മന്ത്രങ്ങള്‍
നവരാത്രി ഒന്നാംദിനം; സര്‍വ്വാഭീഷ്ട സിദ്ധിക്കായി ദേവിയെ ഭജിക്കേണ്ട മന്ത്രം

നവരാത്രിയില്‍ ഓരോ ദിനവും ഓരോ ദുര്‍ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുര്‍ഗ്ഗ. ദുര്‍ഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണു നവദുര്‍ഗ്ഗ എന്നാണു വിശ്വാസം. ഇത്തവണ നവരാത്രി ഒന്നാം ദിവസം ഒക്ടോബര്‍ 3നാണ്.

ധ്യാന മന്ത്രം

വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം ।
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം ॥

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഒന്നാമത്തെ ഭാവമാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യ ദിവസമായ പ്രഥമയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ശൈലപുത്രി ഭാവത്തില്‍ ആരാധിക്കുന്നു.

ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം എന്നാല്‍ പര്‍വ്വതം അല്ലെങ്കില്‍ ഹിമാലയം). സതി, ഭവാനി, പാര്‍വതി, ഹൈമവതി എന്നീ പേരുകളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികള്‍ ഒന്നുചേര്‍ന്ന മൂര്‍ത്തിഭാവമാണു ശൈലപുത്രി. കാളയാണു ദേവിയുടെ വാഹനം. ഒരുകയ്യില്‍ ശൂലവും മറുകയ്യില്‍ താമരയും ഏന്തിയതാണ് ദേവിയുടെ രൂപം.

ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്.

ദക്ഷപ്രജാപതിയുടെ  മകളായാണു ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം  ഉണര്‍ത്തുന്നവള്‍ എന്നര്‍ത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയാഗഭൂമിയില്‍ വെച്ച് ഭര്‍ത്താവായ പരമശിവന്‍ നിന്ദിക്കപ്പെട്ടപ്പോള്‍ സതി അഗ്‌നിയില്‍ ആത്മത്യാഗം ചെയ്തു. പര്‍വതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പര്‍വതരാജന്റെ മകളായതിനാല്‍ പാര്‍വതി എന്നും ഹിമവാന്റെ (ഹിമാലയം) മകളായതിനാല്‍ ഹൈമവതി എന്നും വിളിക്കപ്പെടുന്നു.

പ്രാർഥനാ മന്ത്രം

‘വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ ശൈലപുത്രീ നമോസ്തുതേ’

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

navarathri 2023
Related Posts