ഇനി ദേവീഭജനത്തിന്റെ നാളുകള്‍; നവരാത്രിയെക്കുറിച്ച് ഇക്കാര്യങ്ങള്‍കൂടി അറിയൂ
ഭാരതീയ പാരമ്പര്യത്തില്‍ അറിവിന്റെയും ആരാധനയുടേയും കലയുടെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും പ്രതീകമായ ദുര്‍ഗ്ഗാ ദേവിയെയാണ് നവരാത്രിയുടെ ആദ്യ മൂന്ന് ദിവസം (പ്രഥമ, ദ്വിതീയ, ത്രിതീയ) ആരാധിക്കുക. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ ലക്ഷ്മി ദേവിയെ പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും (ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി) വിദ്യയുടെയും കലകളുടെയും പ്രതീകമായ സരസ്വതി ദേവിയെ അവസാനത്തെ മൂന്ന് ദിവസങ്ങളിലും (സപ്തമി, അഷ്ടമി, നവമി) ആരാധിക്കുന്നു.
ദുര്‍ഗ്ഗാ, ലക്ഷ്മീ, സരസ്വതി എന്നീ മൂന്ന് വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നതിലൂടെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ സ്വാംശീകരിക്കുമെന്നാണ് വിശ്വാസം. നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പൂജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട് ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച് സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ് നവരാത്രിപൂജയെന്നാണു വിശ്വാസം.
ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലുമുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നീ ആസുര ശക്തികളെ നിഗ്രഹിക്കുന്നതിനായുള്ള ദേവിയുടെ അവതാരങ്ങളും വിജയങ്ങളുമാണു നവരാത്രി ആഘോഷത്തിന്റെ അടിസ്ഥാനമായതെന്നു ഈ പുരാണങ്ങള്‍ പറയുന്നു.
കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ സുന്ദരമായ ഒമ്പതു രാത്രികളിലെ ഉത്സവകാലമാണ് നവരാത്രി. നവരാത്രി എന്നാല്‍ ഒമ്പതു രാത്രികള്‍ എന്നര്‍ഥം. ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് ധര്‍മ്മത്തെ പുന:സ്ഥാപിച്ച കാലമായതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളും അഭ്യസിക്കുന്നതിനു തുടക്കം കുറിക്കാന്‍ ഇക്കാലം ഏറ്റവും നല്ലതാണെന്നാണ് വിശ്വാസം. ദുര്‍ഗ മഹിഷാസുരനെ കൊന്നതോടെ അതായതു വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നാണ് സങ്കല്‍പ്പം. അതിനാലാണു ദേവിയുടെ വിജയദിനമായ വിജയദശമി വിദ്യാരംഭ ദിനമായി ആചരിക്കുന്നത്.
വിദ്യയുടേയും അറിവിന്റേയും ദേവതയായിട്ടാണു സരസ്വതി ദേവിയെ സങ്കല്‍പിക്കുന്നത്. ത്രേതായുഗത്തില്‍, ശ്രീരാമനാണ് നവരാത്രി വ്രതം ആദ്യമായി അനുഷ്ഠിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ദേവി പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു. രാവണനെ വധിക്കുവാനുള്ള ശക്തി ഇങ്ങനെയാണു ശ്രീരാമനു ലഭിച്ചതെന്നു രാമായണത്തില്‍ പറയുന്നു.
കന്നിമാസത്തില്‍ ഒമ്പതു ദിവസങ്ങളില്‍ നീണ്ടു നില്‍ക്കുന്ന ആഘോഷം പത്താം ദിവസമായ വിജയദശമി ദിനത്തില്‍ പര്യവസാനിക്കുന്നു. ദുര്‍ഗാഷ്ടമി,മഹാനവമി,വിജയദശമി, എന്നീ മൂന്നു ദിനങ്ങളാണ് നവരാത്രി കാലഘട്ടത്തില്‍ പ്രധാനം. ദുര്‍ഗാഷ്ടമി നാളിലെ പ്രധാന ചടങ്ങാണ് പൂജവെയ്പ്പ്. ക്ഷേത്രങ്ങളിലും വീടുകളിലും വൈകുന്നേരമാണ് പൂജവെയ്പ്പ് നടക്കുക. മൂന്നു വയസു മുതല്‍ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആരംഭമായാണ് പൂജവെയ്പ്പ് സങ്കല്‍പ്പിക്കപ്പെടുന്നത്. ദുര്‍ഗാഷ്ടമി ദിനത്തിലാണ് ആയുധ പൂജ നടക്കുക. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നായാണു വിദ്യാരംഭത്തെ നമ്മുടെ പാരമ്പര്യത്തില്‍ പറയുന്നത്.
തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്‌മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ് ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത് ദുര്‍ഗ്ഗാ പൂജയായിട്ടാണ് ആഘോഷിക്കുന്നത്. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.
നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു.
പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും
ദുഷ്ടശക്തികള്‍ക്കെതിരേ ശക്തിയാര്‍ജ്ജിച്ച്, മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ആത്മസംസ്‌ക്കരണത്തിന്റെ ദിനങ്ങളാണ് നവരാത്രിയെന്നു വിശ്വാസം. കേരളത്തില്‍ ദുര്‍ഗ്ഗാഷ്ടമിക്കും വിജയദശമിക്കുമാണ് പ്രാധാന്യം. ഓരോ ഋതുക്കളിലും ഒരു നവരാത്രി എന്ന കണക്കില്‍ അഞ്ച് നവരാത്രികളുണ്ട്.
മീനമാസത്തില്‍ വസന്തനവരാത്രി, മിഥുനമാസത്തില്‍ ഗായത്രിനവരാത്രി, കന്നിമാസത്തില്‍ ശരത്നവരാത്രി, ധനുമാസത്തില്‍ പൗഷ്യനവരാത്രി, മകരമാസത്തില്‍ മാഘനവരാത്രി എന്നിങ്ങനെയാണ് അഞ്ച് നവരാത്രികള്‍. ഇതില്‍ കന്നിമാസത്തിലെ ശരത്നവരാത്രിക്കാണ് ഏറ്റവും പ്രാധാന്യം.
അറിവ്, കഴിവ്, യശസ്സ് എന്നിവയും അവ നേടുന്നതിന് സഹായിക്കുന്ന ആയുധങ്ങളുമുള്‍പ്പടെ സര്‍വ്വവും അതിന്റെ ആധാരമൂര്‍ത്തിക്ക് സമര്‍പ്പിക്കുന്നതാണു നവരാത്രിയുടെ ഭാഗമായി നാം ആഘോഷിക്കുന്ന പൂജവയ്പ്. പൂജയിലൂടെ ലഭിക്കുന്ന ചൈതന്യം സ്വാംശീകരിക്കുകയാണ് വിജയദശമി ദിനത്തിലെ പൂജയെടുപ്പില്‍. തന്‍േറതായി ഒന്നുമില്ലെന്നും, എല്ലാം അമേയമായ ശക്തിയില്‍ വിലയം പ്രാപിച്ചിരിക്കുന്നു എന്നുമുള്ള ഭാരതീയ ജ്ഞാന പാരമ്പരത്തിന്റെ മഹത്വമാണ് നവരാത്രിയുടെ ആേഘാഷങ്ങള്‍ ഉദ്ഘോഷിക്കുന്നത്.