
തെക്കുപറമ്പത്ത് മന നാരായണന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരി ക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ മേൽശാന്തി നിയോഗം ലഭിച്ചു.പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ,തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ. സി.മനോജ്, ശ്രീ.കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരും മാധ്യമ പ്രതിനിധികളും ഭക്തരും ചടങ്ങിൽ സന്നിഹിതരായി. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയാണ്.

