ക്ഷേത്ര വാർത്തകൾ
മുരിയമംഗലം ശ്രീനരസിംഹസ്വാമി-ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവം ഏപ്രില്‍ 14 മുതല്‍

എറണാകുളം മാമലയിലുള്ള മുരിയമംഗലം ശ്രീനരസിംഹസ്വാമി-ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 14 മുതല്‍ 19 വരെ ഭക്തിനിര്‍ഭരമായി നടക്കും. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. മേടം 1 (ഏപ്രില്‍ 14) ന് കൊടിയേറി ആരംഭിക്കുന്ന ഉത്സവം ആറുദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം മേടം 6 (ഏപ്രില്‍ 19) ന് ആറാട്ടോടെ സമാപിക്കും.

ഉത്സവത്തിന് മുന്നോടിയായി ഏപ്രില്‍ 2-ന് ധ്വജപ്രതിഷ്ഠാദിനവും ഏപ്രില്‍ 13-ന് ക്ഷേത്രശുദ്ധിയും നടക്കും.

കൊടിയേറ്റ് (ഏപ്രില്‍ 14): വൈകീട്ട് 7.30-നാണ് തൃക്കൊടിയേറ്റ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 4.00 ന് പള്ളിയുണര്‍ത്തലും തുടര്‍ന്ന് ഗണപതിഹോമവും പ്രഭാതപൂജകളും ശീവേലിയും ഉണ്ടായിരിക്കും.

വിഷുക്കണി ദര്‍ശനം (ഏപ്രില്‍ 15): വിഷു ദിനത്തില്‍ അതിരാവിലെ 4.00 മണിക്ക് പള്ളിയുണര്‍ത്തലും തുടര്‍ന്ന് ഭക്തര്‍ക്കായി വിഷുക്കണി ദര്‍ശനവും തിരുമുല്‍കാഴ്ച സമര്‍പ്പണവും ഒരുക്കിയിട്ടുണ്ട്. അന്ന് രാവിലെ 9.00 മണിക്ക് ബ്രഹ്‌മശ്രീ പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉത്സവബലി ദര്‍ശനം നടക്കും.

വലിയവിളക്കും പള്ളിവേട്ടയും (ഏപ്രില്‍ 18): വലിയവിളക്ക് ദിനമായ അന്ന് വൈകീട്ട് 5.00 മണിക്ക് ശ്രീനരസിംഹസ്വാമി, ശ്രീധര്‍മ്മശാസ്താവ്, മറ്റക്കുഴി ശ്രീമഹാദേവന്‍ എന്നീ മൂന്ന് ദേവന്‍മാരെയും കൂട്ടി എഴുന്നള്ളിക്കുന്ന പ്രത്യേക ചടങ്ങ് ഉണ്ടായിരിക്കും. മൂന്ന് ആനകളുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പിന് മേജര്‍ സെറ്റ് പഞ്ചവാദ്യവും പാണ്ടിമേളവും മാറ്റുകൂട്ടും. രാത്രി 11.00 ന് പള്ളിവേട്ട നടക്കും.

ആറാട്ട് (ഏപ്രില്‍ 19): രാവിലെ 8.00 മണിക്ക് കൊടിമരച്ചുവട്ടില്‍ പറവയ്‌പ്പോടെ തൃക്കൊടിയിറക്കും, തുടര്‍ന്ന് 9.00 മണിക്ക് ആറാട്ടും നടക്കും. ഉച്ചയ്ക്ക് 12.00 ന് ഭക്തജനങ്ങള്‍ക്ക് ആറാട്ട് സദ്യയും ഒരുക്കിയിട്ടുണ്ട്.

ഉത്സവദിനങ്ങളില്‍ തിരുവാതിരകളി, ക്ലാസ്സിക്കല്‍ ഡാന്‍സ്, ഭക്തിഗാനമേള, കോല്‍ക്കളി, സംഗീത സദസ്സ് തുടങ്ങി ഒട്ടനവധി കലാപരിപാടികള്‍ ക്ഷേത്രസന്നിധിയില്‍ അരങ്ങേറും. ക്ഷേത്രത്തിലെ വലിയ തിടപ്പിള്ളിയുടെ പുനഃരുദ്ധാരണവും സമര്‍പ്പണവും ഭക്തജനങ്ങളുടെ സഹകരണത്തോടെ ഭംഗിയായി പൂര്‍ത്തിയായതായി പ്രസിഡന്റ് ആര്‍.എല്‍.വി മഹേഷ് കുമാര്‍, സെക്രട്ടറി സുധീര്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.

Related Posts