ക്ഷേത്ര വാർത്തകൾ
മുരിയമംഗലം ശ്രീ നരസിംഹസ്വാമി – ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സപ്താഹയജ്ഞ നോട്ടീസ് പ്രകാശനം ചെയ്തു

ഡിസംബര്‍ 20 മുതല്‍ 27 വരെ ചോറ്റാനിക്കരയ്ക്ക് അടുത്ത് മുരിയമംഗലം ശ്രീ നരസിംഹസ്വാമി – ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 26-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. മുരിയമംഗലം ദേവസ്വം സെക്രട്ടറി സുരേഷ് നമ്പ്യാര്‍ നോട്ടീസ് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കേന്ദ്രീയ വിദ്യാലയ (ബാംഗ്ലൂര്‍) റിട്ട. അധ്യാപകന്‍ ശ്രീകുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. ഓഫീസര്‍ ലക്ഷ്മി ഭായ് എന്നിവര്‍ ചേര്‍ന്ന് നോട്ടീസ് ഏറ്റുവാങ്ങി.

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്താഹയജ്ഞത്തിന് ബ്രഹ്‌മശ്രീ റാന്നി ഹരിശങ്കര്‍ മുഖ്യയജ്ഞാചാര്യനായിരിക്കും. വടശ്ശേരി കൃഷ്ണദാസ്, തലപ്പണ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സഹആചാര്യന്മാരായി പ്രവര്‍ത്തിക്കും. ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് നടക്കുന്നത്.

മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മുരിയമംഗലം നരസിംഹ ശാസ്താംപാട്ട് സംഘം അവതരിപ്പിക്കുന്ന ശാസ്താംപാട്ട് നടക്കും. ഡിസംബര്‍ 20-ന് വൈകിട്ട് 6 മണിക്ക് ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞത്തിന് ഔദ്യോഗികമായി തുടക്കമാകും.

എല്ലാ ദിവസവും രാവിലെ 6 മണിക്ക് സഹസ്രനാമജപത്തോടെ ആരംഭിച്ച് പാരായണം, പ്രഭാഷണം, വൈകിട്ട് ദീപാരാധന, നാമജപം തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് ഭക്തജനങ്ങള്‍ക്കായി അന്നദാനവും (പ്രസാദഊട്ട്) ഒരുക്കിയിട്ടുണ്ട്.

യജ്ഞത്തിലെ പ്രധാന ഭാഗങ്ങളായ നരസിംഹാവതാരം ഡിസംബര്‍ 23-ന് രാത്രി 7.30-നും, ശ്രീകൃഷ്ണാവതാരം 24-ന് വൈകിട്ട് 5.30-നും നടക്കും. ഡിസംബര്‍ 25-ന് വൈകിട്ട് 5.30-നാണ് വിശേഷാല്‍ ചടങ്ങായ രുഗ്മിണീസ്വയംവരം നടക്കുന്നത്. യജ്ഞശാലയില്‍ എല്ലാ ദിവസവും ഭക്തര്‍ക്ക് പ്രത്യേക വഴിപാടുകളും സമര്‍പ്പണങ്ങളും നടത്താനുള്ള സൗകര്യമുണ്ടായിരിക്കും. ഡിസംബര്‍ 27 ഞായറാഴ്ച സമാപന ചടങ്ങുകളോടെ യജ്ഞം സമാപിക്കും.

 

Related Posts