
മുരിയമംഗലം ശ്രീനരസിംഹസ്വാമി – ധര്മ്മശാസ്താ ക്ഷേത്രത്തില് അഷ്ടലക്ഷ്മി മഹായാഗം ഒക്ടോബര് 18 മുതല്
എറണാകുളം ജില്ലയിലെ മാമലയില് സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര മുരിയമംഗലം ശ്രീനരസിംഹസ്വാമി – ശ്രീധര്മ്മശാസ്താ ക്ഷേത്രത്തില് ഈ വരുന്ന നവരാത്രി കാലത്ത് അഷ്ടലക്ഷ്മി മഹായാഗം നടക്കും. ഒക്ടോബര് 18, 19, 20, 21 തീയതികളിലായാണ് അഷ്ടലക്ഷ്മി മഹായാഗവും മഹാചണ്ഡികായാഗവും കനകധാര ജപയജ്ഞവും സംഘടിപ്പിച്ചിരിക്കുന്നത്.
കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ കീഴിലാണ് പരിപാടികള് നടക്കുന്നത്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, ധൈര്യ ലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നീ എട്ട് ലക്ഷ്മീ ഭാവങ്ങളെ സരസ്വതിയോടുകൂടി പൂജിച്ച് ഹോമിക്കുന്നതാണ് യാഗത്തിലെ പ്രധാന ചടങ്ങ്. ഇതിനുപുറമെ വിഘ്നേശ്വര ഹോമം, മഹാഗണപതിഹോമം, ലക്ഷ്മീ ഗണപതിഹോമം, ഗായത്രി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്ശന ഹോമം, പഞ്ചാക്ഷര ഹോമം, ആഞ്ജനേയ ഹോമം, തിലഹവനം തുടങ്ങിയ വിശേഷാല് ഹോമങ്ങളും ഈ ദിവസങ്ങളില് നടക്കും.
മന്ത്ര ദീക്ഷ സ്വീകരിച്ചുകൊണ്ട് ഭക്തര്ക്ക് നേരിട്ട് യജമാനനും ആചാര്യനുമായി സ്വയം ഹോമം ചെയ്യാന് സാധിക്കും എന്നത് ഈ യാഗത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഹിമാലയത്തില് നിന്നുള്ള അഘോരി സ്വാമിജിയുടെ (ബ്രഹ്മശ്രീ ക്ഷേമാനന്ദനാഥ് മഹാരാജ് അഘോരി ബാബാജി) ദിവ്യസാന്നിധ്യത്തിലാണ് മഹായാഗം നടക്കുന്നത്.
യാഗത്തിന്റെ മുഖ്യാചാര്യനായി ബ്രഹ്മശ്രീ. ഡോ. ബി.കെ. അശോക്കുമാര് കൈലാസിയും, ആചാര്യനായി ആവാഹന് അഖാഡയിലെ മഹാമണ്ഡലേശ്വര് ഡോ. പ്രഭാകരാനന്ദ സരസ്വതി മഹാരാജും കാര്മ്മികത്വം വഹിക്കും. ബ്രഹ്മശ്രീ ശ്രീജേഷ്കുമാര് അച്ചിക്കമന, ആചാര്യ ശ്രീ. രവികുമാര് കടമറ്റം, ആചാര്യ ശ്രീ. ഗിരീഷ് ശാന്തി ആലപ്പുഴ എന്നിവരാണ് സഹാചാര്യന്മാര്.
ഒക്ടോബര് 18-ന് രാവിലെ 8 മണിക്ക് അഷ്ടലക്ഷ്മി മന്ത്രദീക്ഷയോടെ ചടങ്ങുകള് ആരംഭിക്കും. അന്ന് രാവിലെ 7.30-ന് മുരിയമംഗലം ക്ഷേത്രത്തില് നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര തിരുവാങ്കുളം, പുതിയകാവ്, ചോറ്റാനിക്കര തുടങ്ങി വിവിധ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 4.30-ന് തിരികെ ക്ഷേത്രത്തില് എത്തിച്ചേരും. തുടര്ന്ന് 19, 20, 21 തീയതികളിലായി മഹായാഗം നടക്കും.
ഒക്ടോബര് 19-ന് നടക്കുന്ന മഹാചണ്ഡികായാഗത്തില് ഡോ. പ്രഭാകരാനന്ദ സരസ്വതി മഹാരാജും, മൂന്നാം ദിവസമായ ഒക്ടോബര് 21-ന് ബ്രഹ്മശ്രീ ക്ഷേമാനന്ദനാഥ് മഹാരാജ് അഘോരി ബാബാജിയും ദീപപ്രോജ്വലനം നിര്വ്വഹിക്കും. 19 മുതലുള്ള ചടങ്ങുകള് സ്വസ്തി മീഡിയ, സ്വസ്തി മലയാളം എന്നീ ചാനലുകളില് തല്സമയം സംപ്രേക്ഷണം ചെയ്യും.
ഈ മഹായാഗത്തിലേയ്ക്ക് എല്ലാ ഭക്തജനങ്ങളുടെയും പൂര്ണ്ണ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് സംഘാടക സമിതിക്കുവേണ്ടി പ്രസിഡന്റ് ശ്രീകുമാര് എസ്. എന്, ദേവസ്വം സെക്രട്ടറി സുരേഷ് പി നമ്പ്യാര്, സെക്രട്ടറി സുധീര്കുമാര് എസ്. എന്നിവര് അഭ്യര്ത്ഥിച്ചു. കൂടുതല് വിവരങ്ങള്ക്ക്: 9447813578,
9349243315

