
കര്‍ക്കടകത്തിലെ മുപ്പെട്ടുവെള്ളി; ഇന്ന് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കണ്ട
മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. കര്‍ക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ടുവെള്ളി ഇന്നാണ് (ജൂലൈ 18). ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി സാമ്പത്തിക ദുരിതങ്ങള്‍ ഒഴിയുമെന്നാണ് വിശ്വാസം.
രാവിലെയും വൈകുന്നേരവും ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും ലളിതാസഹസ്രനാമം, മഹാലക്ഷ്മീ അഷ്ടകം എന്നിവ ജപിക്കുന്നതും ഉത്തമമാണ്. ഗണേശ ഭഗവാനെ പ്രാര്‍ഥിച്ചുകൊണ്ടു ഗണേശ അഷ്ടോത്തരം ജപിക്കുന്നത് ഗുണകരമാണ്. സാമ്പത്തിക ദുരിതങ്ങളില്‍ നിന്നു മോചനം നേടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ഥിക്കാവുന്നതാണ്.
ദേവിക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുന്നതും പുഷ്പാഞ്ജലി, പാല്‍പ്പായസം എന്നിവ വഴിപാടായി ഈദിവസം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. വെള്ളി ആഭരണങ്ങള്‍, വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതും നല്ലതാണ്. രാഹുദോഷ പരിഹാരാര്‍ഥം ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് സമര്‍പ്പിക്കുന്നത് ഉത്തമമാണ്.
ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ മഹാലക്ഷ്മ്യഷ്ടകം ജപിച്ചാല്‍ സാമ്പത്തിക ദുരിതങ്ങളില്‍നിന്നും കരകയറുമെന്നാണ് വിശ്വാസം.
ധനലക്ഷ്മിയാല്‍ ഐശ്വര്യവും ധാന്യലക്ഷ്മിയാല്‍ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാല്‍ അംഗീകാരവും ശൗര്യലക്ഷ്മിയാല്‍ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാല്‍ അറിവും കീര്‍ത്തിലക്ഷ്മിയാല്‍ സമൃദ്ധിയും വിജയലക്ഷ്മിയാല്‍ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാല്‍ സ്ഥാനമാനവും ലഭിക്കുമെന്നാണ് വിശ്വാസം.
മുപ്പെട്ട് വെള്ളി വ്രതം ആചരിക്കുന്നതിനായി അതിരാവിലെ തന്നെ കുളിച്ചു പൂജാമുറിയില്‍ ലക്ഷ്മീരൂപത്തിന് മുന്നില്‍ നിലവിളക്ക് തെളിച്ചു പ്രാര്‍ഥിക്കണം. രാവിലെയും വൈകിട്ടും ശരീരം, മനസ് എന്നിവ ശുദ്ധമാക്കി മേല്‍പ്പറഞ്ഞ മന്ത്രങ്ങളും മഹാലക്ഷ്മ്യഷ്ടകവും ചൊല്ലാം. ഒരു നേരം അരിയാഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ മറ്റ് രണ്ട് നേരങ്ങളില്‍ അരി ഒഴികെയുള്ള ധാന്യഭക്ഷണങ്ങള്‍ കഴിക്കാം. ഇന്നേ ദിവസം അഗതികള്‍ക്ക് ധാന്യം, ആഹാരം എന്നിവ ദാനം ചെയ്യുന്നത് ഉത്തമമാണ്. തുളസിയിലയിട്ട വെള്ളം കുടിക്കുന്നതും പക്ഷിമൃഗാദികള്‍ക്ക് അന്നം നല്‍കുന്നതും ഈശ്വര സേവാ നടത്തുന്നതും ഇന്നേ ദിവസം ഗുണകരമായി കണക്കാക്കുന്നു. തുടര്‍ച്ചയായ് 12 മുപ്പെട്ട് വെള്ളി വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത് ആജീവനാന്ത സാമ്പത്തിക ഉയര്‍ച്ചക്ക് നല്ലതാണ്.