
അറിവും, ഐശ്വര്യവും, രോഗശാന്തിയും ചൊരിഞ്ഞ് മുളക്കുളത്തു ശ്രീ ലക്ഷ്മണപ്പെരുമാള്‍
ഇ. പി. ഗോപീകൃഷ്ണന്‍
‘ഭദ്രമതേ ശൃണു മദ്വചനം രാമ-
ഭദ്ര നാമം ജപിച്ചീടുക സന്തതം’
അദ്ധ്യാത്മ രാമായണത്തിലെ ശ്രേഷ്ഠങ്ങളായ മൂന്നുപദേശങ്ങള്‍ പരമാത്മസ്വരൂപത്തില്‍ നിന്നും ലഭിക്കുവാന്‍ അവസരം ലഭിച്ചതു ശ്രീ ലക്ഷ്മണപ്പെരുമാളിനാണെന്നുള്ളതു പ്രസിദ്ധമാണല്ലോ?. ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നുവെന്ന് ആദ്യ ലക്ഷ്മണോപദേശത്തില്‍ നിന്നും തന്നെ വ്യക്തമാകുന്നുണ്ട്. ‘നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും നിന്നോളമില്ല മറ്റാര്‍ക്കുമെന്നതും നിന്നാല സാദ്ധ്യമായില്ലൊരു കര്‍മ്മവും നിര്‍ണ്ണയം’ എന്ന തിരിച്ചറിവു കാകുല്‍സ്ഥനുമുന്നമേയുണ്ട് എന്നതിനാലാവണം കനിഷ്ഠന് കഠിനമായ ജീവിത പന്ഥാവു വിധിക്കപ്പെട്ടത്.
സഹനശക്തിയുടെ നീര്‍ച്ചാലുകളില്‍ ഒഴുകിയെത്തിയ പാറക്കല്ലുപോലെ സുശോഭിതമായ ആ വ്യക്തിത്വം രണ്ടാം ലക്ഷ്മണോപദേശവും, ക്രയാമാര്‍ഗ്ഗോപദേശവുമെല്ലാം ലഭിക്കുന്നതിനു മുന്നമേതന്നെ എത്രമാത്രം പക്വമായിരുന്നുവെന്ന് ജന്മനാ അറിവു നിഷേധിക്കപ്പെട്ട ഗുഹനു നല്‍കിയ ഉപദേശത്തില്‍ നിന്നും തന്നെ വ്യക്തമാകുന്നു. ചുരുങ്ങിയ വാക്കുകളില്‍ ഗുഹനോടുള്ള സൗമിത്രയുടെ സംവാദം ദാര്‍ശനികമായ ഔത്യമുള്‍ക്കൊള്ളുന്നുവെന്നതിനപ്പുറം, നല്ല ശിഷ്യനു വരം കൊടുക്കുകയെന്നതും അതിനു ജാതി പരിഗണനകള്‍ ഒന്നു മില്ലായെന്നതുമാണ് പൗരാണിക മതം എന്ന സത്യത്തെ പ്രോജ്വലിപ്പിക്കുക, എന്ന വിപ്ലവകരമായ ദൗത്യം കൂടിപ്പേറുന്നുണ്ട്.
ചാലക്കുടിപ്പുഴയോരത്തുനിന്നും, മൂവാറ്റുപുഴയാറ്റിന്‍ തീരത്ത് കോട്ടയം ജില്ലയുടെ വടക്കേ അറ്റത്തായി മുളക്കുളം ഗ്രാമത്തിലെത്തി വിളങ്ങുന്ന ശ്രീ ലക്ഷ്മണസ്വാമി ജാതി മതങ്ങള്‍ക്കതീതമായി അറിവിന്റേയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റേയും ദാതാവാണ്. പെരുമാള്‍ ഭരണകാലത്തും ആരാധിക്കപ്പെട്ടിരുന്ന തിരുമൂഴിക്കുളത്തെ ലക്ഷ്മണപ്പെരുമാളിന്റെ ശ്രീബലി ബിംബം തയൊണിന്നും മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ഇതിനു പിന്നിലെ ഐതിഹ്യം ചരിത്രമായി നിലകൊള്ളുന്നതിനാല്‍ അവാസ്തവികമായി ഒന്നുമില്ലാത്തതാണ്.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ വൈഷ്ണവ ക്ഷേത്രങ്ങളായ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, കൂടല്‍ മാണിക്യം ഭരതസ്വാമിക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയില്‍ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം രാജസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ പ്രസിദ്ധമായിത്തീര്‍ന്നു. ആള്‍വാര്‍ ഗാനങ്ങളില്‍പ്പോലും തിരുമൂഴിക്കുളം ക്ഷേത്രം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. തിരുമൂഴിക്കുളം തിരുമൊഴിക്കളമാണ്. ചാലക്കുടിപ്പുഴയോരത്തെ ഇന്നത്തെ പാറക്കടവു പഞ്ചായത്തായ ഈ ഗ്രാമവും ക്ഷേത്രവും പെരുമാള്‍ വാഴ്ചയുടെ തകര്‍ച്ചയ്ക്കു ശേഷം പറവൂര്‍ രാജാവിന്റെ അധീനതയിലായിത്തീര്‍ന്നു. ക്ഷേത്രത്തിന്റെ ഊരാളന്മാരില്‍ പ്രധാനികളായിരുന്ന നമ്പൂതിരിമാരിലെ ആഢ്യസ്ഥാനമുണ്ടായിരുന്നവരാണ് പാഴൂര്‍ ഇല്ലക്കാര്‍. ഇവരുടെ ഒരു ശാഖ പിറവത്തിനടുത്തു വന്നു താമസമാക്കിയതും ആ സ്ഥലം തന്നെ പാഴൂരായി മാറിയതും പ്രസിദ്ധമാണല്ലോ?. ശ്രീമദ്: ശങ്കരാചാര്യരുടെ ‘അമ്മാത്തും’ ഇതാണ്. പാഴൂരില്ലത്തു നിന്നും പറവൂര്‍ രാജാവ് വിവാഹ ബന്ധം ആവശ്യപ്പെടുകയുണ്ടായി. ജാതീയമായി ആസ്യനായ പറവൂര്‍ രാജാവിന്റെ വിവാഹാഭ്യര്‍ത്ഥന, ആഡ്യനായ പാഴൂര്‍ നമ്പൂതിരിപ്പാടിനു സ്വീകാര്യമായിരുന്നില്ല. ഈ അകല്‍ച്ച പാഴൂര്‍ ഇല്ലത്തിന്റെ മൂഴിക്കുളത്തെ നിലനില്പിനു തന്നെ വിഘാതമായി. പ്രിയ ദേവനായ ശ്രീ ലക്ഷ്മണപ്പെരുമാളെ ഉപേക്ഷിച്ചു പോരുവാന്‍ മനസ്സുമുണ്ടായിരുന്നില്ല. നാട്ടുകാരും ക്ഷേത്രജീവനക്കാരും ഭൂരിപക്ഷവും പാഴൂരില്ലത്തോടൊപ്പവുമായിരുന്നു.
ഇന്നത്തെ മുളക്കുളം പ്രദേശത്തെ പഴയകാലത്തെ ഭൂഉടമയും, ധനാഢ്യനുമായ കരിമലക്കോട്ടു കൊട്ടാരത്തില്‍ മൂസ്സതു മാസം തൊഴുവാനായി എല്ലാ മാസവും മൂഴിക്കുളം ക്ഷേത്രത്തിലെത്തിയിരുന്നു. പാഴൂര്‍ ഇല്ലക്കാരുടേയും മറ്റും സുഹൃത്തുമായിരുന്നതിനാല്‍ മൂസ്സതിനോടും അവര്‍ വിവരം ചര്‍ച്ച ചെയ്തതില്‍ ആറാട്ടു ദിവസം മുഴുവന്‍ ദേവചൈതന്യവും ശ്രീബലി ബിംബത്തിലേക്കാവാഹിച്ച്, ആറാട്ടിനായി പുറപ്പെടുമ്പോള്‍ കാലടിക്കടവിലേയ്ക്കെന്ന വ്യാജേന മുളക്കുളത്തേയ്ക്കു പുറപ്പെടണമെന്നും അവിടെ പ്രതിഷ്ഠിക്കാമെന്നും നിശ്ചയിച്ചു. ദേവഹിതവും അനുകൂലമായാണ് കണ്ടത്.
ഇതിന്‍പ്രകാരം പാഴൂര്‍ ഇല്ലക്കാര്‍ മുന്‍ കൂട്ടി മുളക്കുളത്തു കറുത്തേടത്തു മനയിലെത്തി നാല്പത്തൊന്നു ദിവസം ഉപവാസമായി കഴിഞ്ഞെങ്കിലും ദേവനെത്തിച്ചേര്‍ന്നില്ല. പദ്ധതിക്കെന്തോ തടസ്സം നേരിട്ടെന്നും ദേവനെത്തിച്ചേരുകയില്ലെന്നും കരുതിയ ഇല്ലക്കാര്‍ അതീവ ദുഖിതരായിത്തീരുകയും, വാക്കു പാലിക്കാത്ത ദേവനോടിനി ഒരു ബന്ധവുമില്ലെന്നു പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇവര്‍ ഉപവാസത്തെത്തുടര്‍ന്ന് ഭക്ഷണ വസ്തുക്കള്‍ കുഴിച്ചിട്ട സ്ഥലം പഷ്ണിത്തറയെന്നറിയപ്പെട്ടു. തടസ്സങ്ങളെല്ലാം മാറി തൊട്ടടുത്ത ദിവസം ദേവന്‍ പരിവാരസമേതമെഴുന്നള്ളിയെത്തിയപ്പോള്‍ പ്രതിജ്ഞയെടുത്ത ഇല്ലക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. ഒടുവില്‍ കരിമലക്കോട്ടുകൊട്ടാരത്തില്‍ ദേവനെ ഇറക്കിയെഴുന്നള്ളിച്ചു. തുടര്‍ന്ന് നാക്കാട്ടില്‍, പുന്നയ്ക്കല്‍ മുതലായ കുടുംബക്കാരണവന്മാരുടെ നേതൃത്വത്തില്‍ ഇന്നത്തെ ക്ഷേത്രം പണിത് പടിഞ്ഞാറോട്ടു ദര്‍ശനമായി ശ്രീലക്ഷ്മണസ്വാമിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോഴും ശ്രീബലി ബിംബമല്ലാതെ സ്ഥിരപ്രതിഷ്ഠ ഇല്ലാത്തതാണ്. പാഴൂരില്ലക്കാര്‍ ഇപ്പോഴും നടയ്ക്കു നേര്‍ ദര്‍ശനം നടത്തുക പതിവില്ല.
ഉപദേവതയായ ചാത്തക്കുളത്തു കിരാതമൂര്‍ത്തി (ശിവപാര്‍വ്വതി) മുന്‍പേയുണ്ടായിരുന്ന ക്ഷേത്രമാണ്. തുടര്‍ന്ന് ശാസ്താവിന്റേയും ഒടുവിലായി ഭഗവതിയുടേയും ഉപദേവാലയങ്ങള്‍ പണിതു. ജാതിക്കതീതമായിത്തന്നെ സര്‍വ്വ ജനങ്ങളാലും ആരാധിതനായി വിളങ്ങുന്ന ശ്രീലക്ഷ്മണസ്വാമിയുടെ ഇഷ്ടവഴിപാട് പാല്‍പായസമാണ്. അഭീഷ്ടസിദ്ധിക്കായി പന്ത്രണ്ടിടങ്ങഴിപ്പാലിന്റെ പാല്‍പ്പായസം കഴിക്കുന്ന ഭക്തര്‍ക്ക് കാര്യസിദ്ധിയുടെ ഉപകാരസ്മരണയെന്ന നിലയില്‍ ഒരിക്കല്‍ കൂടി ഇതേ വഴിപാടു നിശ്ചയമായും നടത്തേണ്ടി വരുന്നുവെന്നത് ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളിലൊന്നാണ്. അഞ്ചു പൂജയും ശ്രീബലിയും മേളവാദ്യഘോഷത്തോടെ നടത്തുന്ന അടിയന്തിര ക്ഷേത്രമാണിത്. മേടമാസത്തില്‍ ചതയം മുതല്‍ രോഹിണി വരെ എട്ടു ദിവസങ്ങളിലാണു തിരുവുത്സവം. ദേവന്‍ കഥകളിപ്രിയനാണ്. എന്നാല്‍ ഖരവധം നിഷിദ്ധവുമാണ്.
കര്‍ക്കിടകമാസത്തില്‍ മാമ്മലശ്ശേരി, മേമ്മുറി, നെടുങ്ങാട് എന്നിവിടങ്ങളിലെ ശ്രീരാമ, ഭരത, ശത്രുഘ്നന്മാരുടെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നാലമ്പല ദര്‍ശനവും, കര്‍ക്കിടകം 16ലെ ഔഷധസേവാ ദിനാചരണവുമെല്ലാമായി ഭക്തജനത്തിരക്ക് വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്. മകരസംക്രമ കാവടിയാട്ടവും, മീനം പത്തിലെ കൊടിമരപ്രതിഷ്ടാദിനവും പ്രസിദ്ധമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വൈക്കം ഗ്രൂപ്പിലുള്‍പ്പെടുന്നതാണീക്ഷേത്രം. ദേവസ്വം ബോര്‍ഡിന്റേയും, ക്ഷേത്രോപദേശക സമിതിയുടേയും, ഭക്തജനങ്ങളുടേയുമെല്ലാം ജാഗ്രത്തായ പ്രവര്‍ത്തനങ്ങളിലൂടെ വിവിധങ്ങളായ പുരോഗമനപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നു വരുന്നു. മനയത്താറ്റില്ലത്ത് ബ്രഹ്‌മശ്രീ അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ ക്ഷേത്രം തന്ത്രി. ക്ഷേത്രചൈതന്യാഭിവൃദ്ധിക്കായി ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പിതാവ് ദിവംഗതനായ ബ്രഹ്‌മശ്രീ. മനയത്താറ്റ് എം. ഡി. വാസുദേവന്‍ നമ്പൂതിരിയുടെ സ്മരണകള്‍ക്കു പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു. നാടിന്റെ പുരാവൃത്തം ഇഴപൊട്ടാതെ കാത്തു സൂക്ഷിച്ച യശ്ശ:ശരീരനായ ഭാഗവതാചാര്യന്‍ മുളക്കുളം എന്‍. ബി. രമേശന്‍ അവര്‍കളേയും ആദരപൂര്‍വ്വം സ്മരിക്കുന്നു.
ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം:-
പിറവം റോഡ് റെയില്‍വേസ്റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍. കോട്ടയം – പിറവം റൂട്ടില്‍ പെരുവ, പിറവം എന്നീ സ്ഥലങ്ങള്‍ക്കു മദ്ധ്യേ (മുളക്കുളം അമ്പലപ്പടി)
ഇ പി ഗോപീകൃഷ്ണൻ
റിട്ട. അസിസ്റ്റൻ്റ് – ദേവസ്വം കമ്മീഷണർ
തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഫോൺ: 9446122815