
മുഖത്തല മുരഹരി ക്ഷേത്രം: ഏക വിഗ്രഹപ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രം
ഏക വിഗ്രഹപ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മുഖത്തല മുരാരി ക്ഷേത്രം. മഹാവിഷ്ണുവാണ് പ്രതിഷ്ഠ. കേരളത്തിലെ ക്ഷേത്രങ്ങൾക്ക് പലതിനും നൂറ്റാണ്ടുകളുടെ പഴക്കം പറയാറുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ കാണുവാൻ കഴിയുന്നത് മുഖത്തല മുരാരി ക്ഷേത്രത്തിലാണ്. പഴയകാല കോട്ടമതിലിനെ അനുസ്മ രിപ്പിക്കുംവിധം കെട്ടിയിട്ടുള്ള ചുറ്റുമതിൽ പൂർണ്ണമായും വെട്ടുകല്ലുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇത്രയും വലിയ വട്ടശ്രീകോവിലും അപൂർവ്വമാണ്.
ദശാവതാരം കൊത്തിയിട്ടുള്ള വലിയ പ്രധാന പിത്തളവാതിൽ കടന്ന് അകത്തേയ്ക്ക് കയറുമ്പോൾ കാണുന്ന സ്വർണ്ണ കൊടിമരവും, പിത്തള പൊതിഞ്ഞ വലിയ ബലിക്കല്ലുമൊക്കെ മാറ്റിനിർത്തിയാൽ കാണുന്നതൊക്കെയും നൂറുകണക്കിന് വർഷങ്ങളുടെ കഥ പറയുന്നവയാണ്.
മറ്റ് ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി, മണ്ഡപത്തിന് മുന്നിൽ ശ്രീകോവിലിലെ സോപാനപ്പടിക്കടുത്തുനിന്നാൽ മാത്രമേ ഭഗവദർശനം സാധ്യമാകൂ എന്നുള്ളതും എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്. ബലിക്കല്ലിന്റെ മുകൾതട്ടിന് സമാന്തരമായി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നതുകൊണ്ടാണ് പുറത്തുനിന്നുമാത്രമല്ല, അകത്തുകയറിയാലും വിഗ്രഹം കാണുവാൻ കഴിയാത്തത്.
ഉപദേവതകൾ
ഈ ക്ഷേത്രത്തിൽ ചതുർബാഹുവായ വിഷ്ണുഭഗവാൻ അല്ലാതെ ഉപദേവതകളായി ആരും തന്നെ ഇല്ല. നാഗ പ്രതിഷ്ഠ ക്ഷേത്ര മതിൽക്കെട്ടിനു പുറത്താണ്.
പ്രധാന വഴിപാടുകൾ
പാൽപായസമാണ് പ്രധാന വഴിപാട്. തൃക്കൈവെണ്ണ, ത്രിമധുരം, കദളിപ്പഴം എന്നിവയും ഭക്തർക്ക് പ്രിയപ്പെട്ട വഴിപാടുകളാണ്.
ഐതിഹ്യം
രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മുഖത്തല, കണ്ണനല്ലൂർ. മുട്ടക്കാവ്, ഉമയനല്ലൂർ, തുടങ്ങിയ പ്രദേശങ്ങൾ കൊടും വനങ്ങളായിരുന്നു. ജനവാസം കുറഞ്ഞ പ്രദേശത്ത് ഒരു ഭാഗത്ത് കുറച്ചു വീട്ടുകാർ ഒരുമിച്ചു ജീവിച്ചിരുന്നു. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും വന വിഭവങ്ങൾ ശേഖരിച്ചുമൊക്കെയായിരുന്നു അവർ ജീവിച്ചുപോന്നത്. ഒരിക്കൽ എവിടെനിന്നോ മുരൻ എന്ന കൊടുംഭീകരനായ ഒരു അസുരൻ പ്രത്യക്ഷപ്പെട്ടു. തനിച്ചു സഞ്ചരിക്കുന്ന മനുഷ്യരേയും കന്നുകാലികളേയുമൊക്കെ ആ അസുരൻ വകവരുത്താൻ തുടങ്ങിയപ്പോൾ ഭയചകിതരായ ജനങ്ങൾ മഹാവിഷ്ണുവിനെ വിളിച്ചു പ്രാർത്ഥിച്ചു. മുരന്റെ ഭീകരതയിൽനിന്ന് തങ്ങളെ രക്ഷിക്കണേയെന്ന് മനം നൊന്തു യാചിച്ചു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്ധ്യാനേരത്ത്, ക്ഷേത്രത്തിന് വടക്കുവ ശത്തുള്ള വടക്കിടത്ത് ഇല്ലത്തേക്ക് തേജോമയനായ ഒരു ബ്രാഹ്മണബാലൻ കടന്നുചെന്നു. അവിടെ ആ സമയം വീട്ടമ്മയായ ബ്രാഹ്മണമാതാവ് മാത്രമെ ഉണ്ടായിരുന്നുള്ളു. അപരിചിതനായ ആ ബ്രാഹ്മണബാലനെ കണ്ടപ്പോൾ, മുരൻ വേഷം മാറി വന്നതാണോ എന്ന ശങ്കയിലാണ്ട് വീട്ടമ്മ ബാലനെ സൂക്ഷിച്ചുനോക്കി. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ബാലൻ ശാന്തഭാവത്തിൽ പറഞ്ഞു: “അമ്മേ… ഭയക്കേണ്ടതില്ല… ഞാൻ കുറെ അകലെനിന്നും വരികയാണ്. ഇനിയും കുറേദൂരം പോകാനുണ്ട്. പക്ഷേ ഇവിടെ എത്തിയപ്പോൾ നേരം ഇരുട്ടിത്തുടങ്ങി. അതുകൊണ്ട് ഈ രാത്രിയിൽ ഇവിടെ തങ്ങാനനുവദിക്കണം. നാളെ രാവിലെ തന്നെ പൊയ്ക്കോളാം.
ബാലന്റെ സംസാരത്തിൽ നിന്നും അവൻ മുരനല്ല എന്നു മനസ്സിലാക്കിയ ബ്രാഹ്മണമാതാവ് അവന് ഭക്ഷണവും അന്നത്തെ ദിവസം അവിടെ താമസിക്കുവാനുള്ള അനുവാദവും നൽകി. എന്നാൽ ആ മാതാവ് എത്ര നിർബന്ധിച്ചിട്ടും മുരന്റെ ക്രൂരതയെപ്പറ്റി വിശദീകരിച്ചിട്ടും അകത്തുകയറി കിടക്കാൻ ബാലൻ തയ്യാറായില്ല. തന്റെ കൊച്ചുമകന്റെ പ്രായം മാത്രമുള്ള ബാലനെ വരാന്തയിൽ തനിച്ചു കിടത്തുന്നതിൽ ഒട്ടും തൃപ്തയല്ലാതിരുന്ന ബ്രാഹ്മണമാതാവിന് പക്ഷേ ഉറക്കം വന്നില്ല. കുറച്ചുകൂടി കഴിയുമ്പോൾ മുരൻ വരുമെന്നും ബാലനെ ക്രൂരമായി കൊലപ്പെടുത്തുമെന്നുമൊക്കെയുള്ള ചിന്ത അവരെ ഉറങ്ങാനനുവദിച്ചില്ല. അവന് ഒരാപത്തും സംഭവിക്കരുതേ എന്നുള്ള പ്രാർത്ഥനയുമായി അവർ ഉറങ്ങാതെ കിടന്നു.
സമയം കുറെക്കൂടി കഴിഞ്ഞപ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറുള്ള അലർച്ചയും ഇടിമുഴക്കം പോലുള്ള ശബ്ദവും കേട്ട് ജനങ്ങളാകെ ഞെട്ടിയുണർന്നു. പക്ഷിമൃഗാദികളുടെ വികൃതശബ്ദവും മരങ്ങൾ കടപുഴകിവീഴുന്നതുമൊക്കെ കേട്ട് ജനങ്ങൾ ഭീതികൊണ്ട് പുറത്തിറങ്ങിയില്ല. ലോകം അവസാനിക്കുവാൻ പോവുകയാണെന്നും അടുത്ത പ്രഭാതം കാണുവാൻ തങ്ങളാരും ഉണ്ടാകില്ലെന്നും, ഉറപ്പിച്ച അവർ, അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി. ക്രമേണ ശബ്ദഭീകരത കുറഞ്ഞുകുറഞ്ഞു വന്നു.
പിറ്റേന്ന് എന്താണ് സംഭവി ച്ചതെന്നറിയാൻ അന്വേഷണം ആരംഭിച്ച അവരൊക്കെയും ആ കാഴ്ചകണ്ട് ഭയത്തോടും അമ്പരപ്പോടും സന്തോഷത്തോടും കൂടി സ്തബ്ധരായി നിന്നുപോയി. തലേന്നുവരെ തങ്ങളുടെ പേടിസ്വപ്നമായിരുന്ന മുരനെന്ന അസുരന്റെ ഭീമാകാരമായ ശരീരം ഛിന്നഭിന്നമായി പൊട്ടിച്ചിതറിത്തെറിച്ചു കിടക്കുന്നു. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറിയപ്പോൾ, ആരായിരിക്കും മുരന് ഘാതകനായി മാറിയത് എന്നുള്ള ചിന്തയായി ജനങ്ങൾക്ക്. അപ്പോഴാണ് വടക്കിടത്ത് ഇല്ലത്തെ ബ്രാഹ്മണമാതാവ് തലേദിവസം സന്ധ്യയ്ക്ക് ഒരു ബാലൻ തന്റെ വീട്ടിലെത്തുകയും, എത്ര നിർബന്ധിച്ചിട്ടും അകത്തുകിടക്കാതെ വരാന്തയിൽ തന്നെ കിടന്ന കാര്യവും പറഞ്ഞത്. അതോടെ ഒരു കാര്യം എല്ലാവർക്കും പിടികിട്ടി. ആ ബാലൻ മറ്റാരുമായിരുന്നില്ല. തങ്ങളുടെ പ്രാർത്ഥന കേട്ട്, മുരാസുരനിൽനിന്നും തങ്ങളെ രക്ഷിക്കുവാനായി ഭഗവാൻ മഹാവിഷ്ണു ബാലകവേഷത്തിലെത്തിയതാണ്. അതോടെ, നാടിന്റെ രക്ഷകനായി വന്ന്,
മുരനെ വധിച്ച ഹരിയെ ശ്രീകോവിൽ പണിത് കുടിയിരുത്തി ആരാധിക്കണമെന്ന് അവർ തീരുമാനിക്കുകയും, അതനുസരിച്ച് ക്ഷേത്രം പണിത് ചതുർബാഹുവായ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം.
അതോടെ മുരനെ ഹരിച്ച ഹരി മുരഹരിയുമായി, മുഖവും തലയും വീണ സ്ഥലം മുഖത്തലയുമായി. കണ്ണുവീണ സ്ഥലം കണ്ണനല്ലൂരും, മുട്ടുവീണ സ്ഥലം മുട്ടക്കാവും, ഇമവീണിടം ഉമയനല്ലൂരും, ചോര വീണിടം ചോര ക്കോണവും(ചേരിക്കോണം) ആയി അറിയപ്പെടുന്നു.
വൈഷ്ണവ തേജസ്സിൽ വന്ന് തങ്ങളെ രക്ഷിച്ചത് ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസമുള്ളതിനാൽ മുരഹരിയെ (മുരാരിയെ) ശ്രീകൃഷ്ണനായിട്ടാണ് കരുതപ്പെട്ട് ആരാധിച്ചുപോരുന്നത്. ഏതാണ്ട് 2000 വർഷങ്ങൾക്കുമുൻപ് നിർമ്മിച്ച ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ടുവെന്നും, അപ്പോൾ വിഗ്രഹവും നശിപ്പിക്കപ്പെട്ടു എന്നുമാണ് അനുമാനം. ദേശിംഗനാട്ടുരാജാവിന്റെ സാമന്തനായിരുന്ന കട്ടവിള രാജാവ് ആ വിവരം കൊട്ടാരത്തിൽ അറിയിച്ചതിൻപ്രകാരം രാജാകേശവദാസ് ക്ഷേത്രം പുതുക്കിപ്പണിയുന്നതിന് ഏർപ്പാടുണ്ടാക്കിയപ്പോൾ, ക്ഷേത്രത്തിന് തെക്കുള്ള താഴ്ചയിൽ വിഗ്രഹം കിടപ്പുണ്ടെന്നും അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും രാജാവിന് സ്വപ്നമുണ്ടായി. അതനുസരിച്ച് താമരക്കുഴി യിൽനിന്ന് കണ്ടെടുത്ത് പ്രതിഷ്ഠിച്ചതാണ് മുൻപുണ്ടായിരുന്ന ചതുർബാഹു വിഷ്ണുവിഗ്രഹം. ആ വിഗ്രഹത്തിന് കാലിൽ അൽപ്പം അപാകതയുണ്ടായിരുന്നതിനാൽ 1966 ജൂലൈയിൽ പുനഃപ്രതിഷ്ഠ നടത്തി.
പൂജാസമയങ്ങൾ
രാവിലെ
04.30 പള്ളിയുണർത്താൽ
05.00 നടതുറക്കൽ, നിർമാല്യം
05.10 അഭിഷേകം, അലങ്കാരം, മലർ നിവേദ്യം
05.30 ഗണപതിഹോമം
06.30 ഉഷഃപൂജ
06.50 എതിരേറ്റു പൂജ
07.10 ശീവേലി
07.30 കലശപൂജ
08.30 പന്തീരടി പൂജ
10.00 പഞ്ചഗവ്യ അഭിഷേകം, നവകാഭിഷേകം
10.50 ഉച്ചപൂജ
11.15 ഉച്ച ശീവേലി
11.30 നടയടക്കൽ
വൈകുന്നേരം
05.00 നട തുറക്കൽ
06.30 ദീപാരാധന
06.45 ഭഗവതിസേവ
07.30 അത്താഴപൂജ
07.45 അത്താഴശീവേലി
08.00 നടയടക്കൽ
ഉത്സവം
മേടമാസത്തിലെ അത്തം നാളിൽ കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തു നാൾ ഉത്സവം എല്ലാ അർത്ഥത്തിലും ദേശത്തിന്റെ ഉത്സവം തന്നെയാണ്. കൊടിയേറ്റിന് തലേന്നുതന്നെ ആനന്ദവല്ലീശ്വരത്തുനിന്നും ആഘോഷപൂർവ്വം തിരുവാഭരണം എഴുന്നെള്ളിച്ചുകൊണ്ടുവരുന്നത് ഒരു കാഴ്ച തന്നെയാണ്. നൂറുകണക്കിന് ബാലികമാരുടെ താലപ്പൊലി, ഗജവീരന്മാരുടെയും നിശ്ചലദൃശ്യ ങ്ങളുടെയും അകമ്പടി, വിവിധ വാദ്യമേളങ്ങൾ എന്നിവയോടുകൂടി 4 മണിക്ക് ആരംഭിക്കുന്ന തിരുവാഭരണ – ഘോഷയാത്ര, 10 കി.മീറ്റർ കാൽനട യായി സഞ്ചരിച്ച് ക്ഷേത്രത്തിലെത്തുമ്പോൾ നേരം പുലർന്നിരിക്കും.
ശബരി മല ധർമ്മശാസ്താവിന്റെ തിരുവാഭരണഘോഷയാത്ര കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള തിരുവാഭരണ ഘോഷയാത്ര മുഖത്തലയിലേതാണ്. ഉത്സവാരംഭത്തിന്റെ തലേ വൈകുന്നേരം അത്താഴ ശീവേലി കഴിഞ്ഞ് നടത്തുന്ന നായവെയ്പ് ഇവിടെ മാത്രം കാണപ്പെടുന്ന ഒരു വിശേഷാചാരമാണ്. മണ്ണുകൊണ്ടുള്ള നായയുടെ രൂപം കന്നിമൂലയിൽ വയ്ക്കുന്ന ചടങ്ങാണിത്. മോഹിനി രൂപം സ്വീകരിച്ച മഹാവിഷ്ണുവിൽ
പരമശിവന് ജനിച്ച മകനാണല്ലോ ധർമ്മ ശാസ്താവ്. മുഖത്തലയിൽ മഹാ വിഷ്ണുവിന്റെ വിളിപ്പുറത്തുതന്നെയാണ് ഈ മകനും കുടികൊള്ളുന്നത്. ഓലയിൽ കാവിൽ. കൊടിയേറുന്നതിന് മുൻപായി, മഹാവിഷ്ണുവിന്റെ പ്രതിനിധി ആനപ്പുറത്ത് എഴുന്നെള്ളി ഓലയിൽ കാവിൽ ചെന്ന് മകനെ ഉത്സവം അറിയിക്കുന്ന ഒരു ചടങ്ങുണ്ട്. അതുമായി ബന്ധപ്പെട്ടുള്ളതാണ് നായവയ്പ്പ് എന്നാണ് ഐതിഹ്യം.
60-70 ദിവസങ്ങളിൽവരേ കളഭാഭിഷേകം നടത്തപ്പെടുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. രാജഭരണകാലത്ത് ആയില്യം തിരുനാൾ മഹാരാജാവ് ഇവിടെ ദർശനത്തിനായി എത്തിയെന്നും, എന്നാൽ ഉഷ്ണത്തിന്റെ ആധിക്യം മൂലം ഉറക്കത്തിന് ഭംഗം നേരിട്ടപ്പോൾ, ശിവരാത്രി മുതൽ 12 ദിവസത്തെ കളഭാഭിഷേകം നേർന്നപ്പോൾ വേദന പാടെ ശമിച്ചു എന്നുമാണ് വാമൊഴി. തുടർന്ന് എല്ലാവർഷവും 12 ദിവസത്തെ കളഭാഭി ഷേകവും നേർന്നിട്ടാണ് മഹാരാജാവ് പോയത്. ആ സ്ഥാനത്ത് ഇന്നിപ്പോൾ വർഷത്തിൽ 100 -150-200 എന്ന കണക്കിലാണ് കളഭാഭിഷേകം നടത്തുന്നത്. മധ്യതിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് പരിസമാപ്തിയാകുന്നത് മുഖത്തല ക്ഷേത്രത്തിലെ കൊടിയിറങ്ങുന്നതോടെയാണെന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്ഷേത്രട്രസ്റ്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ ബോർഡിനെ സഹായിക്കാനായി 13 അംഗങ്ങളുള്ള ക്ഷേത്ര ഉപദേശക സമിതിയുമുണ്ട്.
ക്ഷേത്രത്തിലേക്ക് എങ്ങനെ എത്താം
കൊല്ലം നഗരത്തിൽനിന്ന് 10 കി.മീറ്റർ വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കൊല്ലം കുളത്തൂപ്പുഴ റൂട്ടിൽ തൃക്കോവിൽവട്ടം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ എട്ടു കിലോമീറ്റർ അകലെയുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ ആണ്.
ക്ഷേത്രത്തിലെ ഫോൺ നമ്പറുകൾ
ഓഫീസ്: 94003 00447
പ്രസിഡണ്ട്: 94461 59827
സെക്രട്ടറി: 94473 23322