ക്ഷേത്ര വാർത്തകൾ
മൂവാറ്റുപുഴ റാക്കാട് തൃക്ക ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം

മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവിന് സമീപമുള്ള തൃക്ക ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച (ചിങ്ങം 19) വിപുലമായ ചടങ്ങുകളോടെ കൊണ്ടാടുന്നു. ലോകത്തിന് സ്‌നേഹവും ജ്ഞാനവും ധൈര്യവും പകര്‍ന്നുനല്‍കിയ ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനാഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 5:30-ന് ഗണപതിഹോമം, രാവിലെ 6 മണിക്ക് വിഷ്ണുദേവന് മുഴുകാപ്പ് എന്നിവ നടക്കും. റാക്കാട് നെല്ലാട്ടുപുത്തന്‍പുരയില്‍ കുടുംബമാണ് മുഴുകാപ്പ് വഴിപാടായി സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് 6:45 മുതല്‍ പൂജാവഴിപാടുകളും ഗണപതിക്ക് ഉണ്ണിയപ്പ നിവേദ്യവും ഉണ്ടായിരിക്കും.

വൈകിട്ട് 5 മണിക്ക് ക്ഷേത്രനട തുറക്കും. 6 മണിക്ക് ദീപാരാധനയും 7:30 മുതല്‍ അത്താഴപൂജയും അഷ്ടാഭിഷേകവും നടക്കും. ഇതിന് ശേഷം പ്രശസ്ത കലാകാരന്‍ കറുകടം സന്തോഷ് മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതവും അരങ്ങേറും.

ഭക്തര്‍ക്കായി ഉണ്ണിയപ്പം, പാല്‍പായസം, അവല്‍ നിവേദ്യം, അഷ്ടാഭിഷേകം തുടങ്ങിയവ വഴിപാടായി നടത്തുന്നതിനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിപാട് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 98469 96896 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Related Posts