
മൂവാറ്റുപുഴ പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തില്‍ 25-ാമത് കാര്‍ത്തിക മഹോത്സവത്തിന് നവംബര്‍ 22-ന് തുടക്കമാകും
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര ശ്രീ പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിലെ 25-ാമത് കാര്‍ത്തിക മഹോത്സവവും ദീപക്കാഴ്ചയും നവംബര്‍ 22 മുതല്‍ 24 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ നടക്കുന്നത്.
ഒന്നാം ദിവസമായ നവംബര്‍ 22-ന് രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പൂമൂടല്‍, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. വൈകിട്ട് 5.30-ന് മൂവാറ്റുപുഴ സുദേവ് നയിക്കുന്ന പഞ്ചാരിമേളം, തുടര്‍ന്ന് ദീപാരാധന, വെടിക്കെട്ട്, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവ നടക്കും. രാത്രി 8 മണിക്ക് തൃശൂര്‍ ചിന്മയ മിഷന്‍ അവതരിപ്പിക്കുന്ന ‘ചിന്മയാമൃതം’ ഭജന്‍സും, 10 മണിക്ക് പായിപ്ര കലാ കൂട്ടായ്മയുടെ കരോക്കെ ഗാനമേളയും അരങ്ങേറും.
രണ്ടാം ദിവസമായ നവംബര്‍ 23-ന് വൈകിട്ട് മാസ്റ്റര്‍ വേദമിത്ര രാമന്‍ നയിക്കുന്ന തായമ്പക, തിരുവാതിരകളി, തുള്ളല്‍ദ്വയം എന്നിവ നടക്കും. രാത്രി 10 മണിക്ക് സിനി ആര്‍ട്ടിസ്റ്റ് ശാലു മേനോന്‍ സംവിധാനം ചെയ്ത് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന ‘ഗരുഡധ്വജന്‍’ എന്ന ബാലെ ഉണ്ടായിരിക്കും.
കാര്‍ത്തിക ദിനമായ നവംബര്‍ 24-നാണ് സമാപന ചടങ്ങുകള്‍. രാവിലെ 9 മണിക്ക് തൃക്കളത്തൂര്‍ ഉണ്ണികൃഷ്ണമാരാര്‍ നയിക്കുന്ന കാഴ്ചശ്രീബലിയും തുടര്‍ന്ന് മഹാപ്രസാദ ഊട്ടും നടക്കും. വൈകിട്ട് ദീപാരാധന, കാര്‍ത്തിക പൂജ, വെടിക്കെട്ട്, മഹാതാലപ്പൊലി എന്നിവയാണ് പ്രധാന ചടങ്ങുകള്‍. രാത്രി 10 മണിക്ക് തിരുവനന്തപുരം സൗപര്‍ണ്ണിക അവതരിപ്പിക്കുന്ന ‘പടയോട്ടം’ എന്ന നാടകത്തോടെ ഉത്സവം സമാപിക്കും. താലപ്പൊലിയെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള താലം ക്ഷേത്രത്തില്‍ ഒരുക്കുന്നതാണെന്നും, ഉത്സവ പരിപാടികള്‍ക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്നും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


