ക്ഷേത്ര വാർത്തകൾ
മൂവാറ്റുപുഴ കാരണാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍

മൂവാറ്റുപുഴ: കാരണാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബര്‍ 11 മുതല്‍ 18 വരെ നവരാത്രിയുമായി ബന്ധപ്പെട്ട ഭാവരൂപത്തിലുള്ള വിശേഷപൂജകള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 18 ഞായറാഴ്ചയാണ് പൂജവെപ്പ്. അന്ന് രാവിലെ കാളിദേവിക്ക് പതിവ് പൂജകളും, വൈകിട്ട് 5.30 മുതല്‍ പൂജവെപ്പും തുടര്‍ന്ന് സരസ്വതി പൂജയും നടക്കും. വൈകിട്ട് 6.30-ന് ദീപാരാധനയും അത്താഴപൂജയും സോപാന സംഗീതവും, 7 മണിക്ക് കൈകൊട്ടിക്കളിയും അരങ്ങേറും.

ഒക്ടോബര്‍ 19 തിങ്കളാഴ്ച ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ രാവിലെ പൂജാമണ്ഡപത്തില്‍ വിശേഷ പൂജയും ദുര്‍ഗ്ഗാപുജയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തില്‍ രാവിലെ പൂജാമണ്ഡപത്തില്‍ അതിവിശേഷ നവമിപൂജ നടക്കും. അന്ന് വൈകിട്ട് 7 മണി മുതല്‍ വിജയദശമി സന്ദേശവും, ഭജനയും (മനമോഹനനാമരസം) ഉണ്ടായിരിക്കും. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി ദിനങ്ങളില്‍ വൈകിട്ട് 6 മണിക്ക് സരസ്വതി പൂജയും തുടര്‍ന്ന് ദീപാരാധനയും നടക്കും.

ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ പൂജാമണ്ഡപത്തില്‍ സരസ്വതി പൂജ, അവല്‍ നിവേദ്യം, സാരസ്വതം പുഷ്പാഞ്ജലി എന്നിവ നടക്കും. രാവിലെ 9 മണിക്ക് പൂജയെടുപ്പും, തുടര്‍ന്ന് മാല്‍പ്പിള്ളിമന നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിന് ഇരുത്തലും (വിദ്യാരംഭം) ഉണ്ടായിരിക്കുന്നതാണ്. 9.30-ന് പഞ്ചാരിമേളവും ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും നടക്കും.

Related Posts