
മിഥുനമാസ പൂജ; ശബരിമല നടതുറന്നു
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയില്‍ അഗ്‌നി ജ്വലിപ്പിച്ചു. മാളികപ്പുറം നട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി തുറന്നു.
മിഥുനം ഒന്നിന് രാവിലെ 5ന് നട തുറന്ന് നിര്‍മാല്യദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടക്കും.
നെയ്യഭിഷേകം, ഉഷപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കു ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നട തുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടക്കും. മിഥുന മാസപൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും.