നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ?

അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായ ബുധന്റെ കന്നി രാശി സംക്രമണം 2020 സെപ്റ്റംബര്‍ 2ന് 12:03 മണിക്ക് നടക്കും. ഇത് 2020 സെപ്റ്റംബര്‍ 22 വരെ ഇത് തുടരുകയും ചെയ്യും. തുടര്‍ന്ന് അത് തുലാം രാശിയിലേക്ക് സഞ്ചരിക്കും. ഈ മാറ്റം ഓരോരുത്തര്‍ക്കുമുളവാക്കുന്ന ഫലങ്ങളാണ് ഇവിടെ പറയുന്നത്.

മേടം

ഈ രാശിക്കാര്‍ക്ക് തൊഴില്‍പരമായി നല്ലഫലങ്ങളാണ് ലഭിക്കുക. ജോലിയില്‍ ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നുചേരും. റിസ്‌ക് എടുക്കാന്‍ തയാറായേക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്കും യോഗമുണ്ട്. ബിസിനസുകാര്‍ വായ്പകള്‍ എടുക്കേണ്ടത് ഈ സമയം ഒഴിവാക്കേണ്ടതാണ്. നിലവിലുളള നിങ്ങളുടെ അവസ്ഥ ഉയര്‍ത്താന്‍ ശ്രമിക്കണം.

ഇടവം

ഈ രാശിയില്‍ ജനിച്ച വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കു നേട്ടമുണ്ടാക്കാനാകും. അതോടൊപ്പം, ഫിനാന്‍സ്, മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പഠിക്കുന്നവര്‍ക്ക് ഈ കാലയളവ് മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്കിത് മികച്ച സമയമാണ്. നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ഭാവിയെ മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയകാലമാണിത്.

മിഥുനം

പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ കഴിയും. അമ്മയുടെ ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി കാണും. വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും ഈ കാലം അനുയോജ്യമാണ്. പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരില്‍ നിന്ന് നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും. വിവാഹിതരായവര്‍ക്കു അവരുടെ പങ്കാളിയിലൂടെ ആനുകൂല്യങ്ങള്‍ നേടാനാകും.

കര്‍ക്കിടകം

ആശയവിനിമയ കഴിവുകള്‍ വര്‍ധിക്കും. സമൂഹത്തില്‍ നിങ്ങളുടേതായ ഒരു ഇടം കണ്ടെത്താന്‍ കഴിയും. പുതിയ ആളുകളെ കണ്ടുമുട്ടാനും അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും യോഗമുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച കാലമാണിത്. ആരോഗ്യപരമായും ഇത് നല്ല കാലമാണ്. ജീവിത ദുരിതങ്ങളില്‍ നിന്നു മുക്തിനേടാന്‍ വിഷ്ണു ഭഗവാനെ ആരാധിക്കുക.

ചിങ്ങം

സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും സമയം അനുകൂലമാകും. കുറഞ്ഞ പരിശ്രമത്തിലൂടെ അനുകൂല ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടിവരും. ദാമ്പത്യജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. കുടുംബത്തിലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ശരിയായി പാലിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുമായിട്ടുളള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

കന്നി

ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മെച്ചപ്പെട്ട കാലമാണിത്. ബിസിനസ് വര്‍ധിക്കും. ബുദ്ധിമുട്ടുള്ള നിരവധി സാഹചര്യങ്ങളില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനാകും. ഈ സമയം ശുഭചിന്തയോടുകൂടി പ്രവര്‍ത്തിക്കാനും അതുവഴി ചുറ്റുമുള്ള അന്തരീക്ഷവും സന്തോഷകരമാക്കുകയും ചെയ്യും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാണിത്.

തുലാം

നിര്‍ണായകമായ തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് മനസിന് സമാധാനം നല്‍കും. സാമ്പത്തികമായ ചിലവുകള്‍ വര്‍ധിക്കും. ഇത് മാനസിക സമ്മര്‍ദ്ദത്തിന് ഇടവയ്ക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ചിലരോഗദുരിതങ്ങള്‍ക്കും യോഗം കാണുന്നു. മനസ് സ്വസ്ഥമാക്കിവയ്ക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കു ഈ സമയത്ത് ഏകാഗ്രത നഷ്ടപ്പെട്ടേക്കാം.

വൃശ്ചികം

ജോലിക്കാര്‍ക്ക് പുരോഗതിയുടെ കാലമാണിത്. ഒരു ജോലിയില്‍ തന്നെ ശ്രദ്ധിക്കുന്നതാണ് ഉത്തമം. ബിസിനസുകാര്‍ക്ക് കഠിനാധ്വാനത്തെ അടിസ്ഥാനമാക്കി നല്ല ഫലങ്ങള്‍ ലഭിക്കും. സന്തോഷകരമായ കുടുംബാന്തരീക്ഷമായിരിക്കും. സഹോദരങ്ങളുടെ പിന്തുണലഭിക്കുന്ന കാലമാണിത്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധിക്കും. ഇപ്പോള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ലാഭകരമാകാന്‍ സാധ്യതയുണ്ട്.

ധനു

ജോലിക്കാര്‍ക്ക് അനുകൂലമായ കാലമാണിത്. മേലുദ്യാഗസ്ഥര്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും അതുവഴി തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കും യോഗമുണ്ട്. വീട്ടിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പിതാവിന്റെ പിന്തുണ നിങ്ങള്‍ക്കു ലഭിക്കും. ബിസിനസുകള്‍ മെച്ചപ്പെടാന്‍ യോഗമുണ്ട്.

മകരം

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കും. ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടാനാകും. തൊഴില്‍പരമായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും. സഹപ്രവര്‍ത്തകരുമായി ബന്ധം മെച്ചപ്പെടുത്തും.

കുംഭം

പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ബന്ധുക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അപ്രതീക്ഷിതമായ നേട്ടത്തിനും യോഗമുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കാലം അനുകൂലമാണ്. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മീയമായി ചിന്തിക്കാന്‍ ഇടനല്‍കുന്ന കാലമാണിത്.

മീനം

ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ക്കു യോഗമുണ്ട്. തൊഴില്‍പരമായി ഉയര്‍ച്ചയും അംഗീകാരങ്ങളും ലഭിക്കും. സന്തോഷകരമായ ദാമ്പത്യമായിരിക്കും. കഠിനാധ്വാനത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങും. ജീവിതപങ്കാളിക്കും തൊഴില്‍പരമായ നേട്ടങ്ങള്‍ക്കു യോഗമുണ്ട്.

Related Posts