
പാലക്കാട് മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസത്ര അമൃതോത്സവത്തിന് നവംബര്‍ 26-ന് തുടക്കമാകും
പാലക്കാട്: മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി നടന്നുവന്നിരുന്ന ശ്രീമദ് ഭാഗവതസപ്താഹം 12-ാം വര്‍ഷമായ ഇത്തവണ ശ്രീമദ് ഭാഗവതസത്ര അമൃതോത്സവമായി ആഘോഷിക്കുന്നു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 6 വരെയാണ് അമൃതോത്സവം നടക്കുക.
കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ പെരികമന ബ്രഹ്‌മശ്രീ ശ്രീധരന്‍ നമ്പൂതിരിയാണ് സത്രാചാര്യന്‍. നവംബര്‍ 26-ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ അമൃതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് നവംബര്‍ 29-ന് നടക്കുന്ന വിഷ്ണുസഹസ്രനാമ ലക്ഷാര്‍ച്ചനയുടെ ഉദ്ഘാടനം വാരണാസി ജുനാ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ശ്രീമദ് ആനന്ദവനം ഭാരതിസ്വാമികള്‍ നിര്‍വ്വഹിക്കും.
ഡിസംബര്‍ 6-ന് നടക്കുന്ന സമാപന സമ്മേളനവും ആചാര്യസംഗമവും തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സംപൂജ്യ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യും. അമൃതോത്സവത്തോടനുബന്ധിച്ച് നാരായണീയ പാരായണ യജ്ഞം, വിഷ്ണുസഹസ്രനാമ ലക്ഷാര്‍ച്ചന, ലളിതാസഹസ്രനാമ പാരായണ യജ്ഞം, ദേവീമാഹാത്മ്യ പാരായണം, വിദ്യാഗോപാല യജ്ഞം, യോഗാഭ്യാസം, രാജയോഗ മെഡിറ്റേഷന്‍, മാതൃപൂജ, സന്ന്യാസി സംഗമം, സെമിനാറുകള്‍, യുവതിയുവാക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികള്‍, കലാസാംസ്‌കാരിക പരിപാടികള്‍, ആദരിക്കല്‍ ചടങ്ങുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ എല്ലാദിവസവും മഹാ അന്നദാനവും നടക്കും.
ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി മാവേലിക്കര ബ്രഹ്‌മശ്രീ ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഗോഷ്ടീശ്വരന്‍, ക്ഷേത്ര ട്രസ്റ്റിമാരായ ജയബാല്‍, പ്രഭാകരന്‍ (ശെല്‍വന്‍), അയ്യാസ്വാമി എന്നിവര്‍ നേതൃത്വം നല്‍കും. സവിതൃമണ്ഡലം ഗായത്രി ഉപാസന കേന്ദ്രത്തിലെ എം.സുധാകരബാബു ആണ് സ്വാഗതസംഘത്തിന്റെ മുഖ്യകാര്യദര്‍ശി.

