നക്ഷത്രവിചാരം
ജ്യോതിഷത്തിലൂടെ രോഗനിര്‍ണ്ണയം; തെങ്കര സുബ്രഹ്‌മണ്യന്‍ എഴുതുന്നു

ആധുനിക ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടുണ്ടെങ്കിലും ലോകജനതയില്‍ കൂടുതല്‍ ആളുകളും ഭയത്തോടെ കാണുന്ന ഒരു രോഗമാണ് കാന്‍സര്‍. പണ്ട് കാന്‍സര്‍ വന്നു എന്ന് കേട്ടാല്‍ മരണം ഏകദേശം ഉറപ്പിക്കാം എന്ന അവസ്ഥയില്‍ നിന്നും ഇന്ന് പല കാന്‍സറുകളും തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന അവസ്ഥയില്‍ ആധുനിക ശാസ്ത്രം വികസിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 3, 4 സ്റ്റേജുകളിലാവും പലപ്പോഴും രോഗാവസ്ഥമനസ്സിലാക്കുന്നത്. അതിനാല്‍ ഇത്തരം കേസ്സുകളില്‍ രോഗി രോഗത്തിനു കീഴടങ്ങുകയാണ് മിക്കവാറും സംഭവിക്കുക. അവിടെയാണ് രോഗ നിര്‍ണ്ണയ കാര്യത്തില്‍ ജ്യോതിഷത്തിന്റ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഒരാളുടെ ജാതകത്തിലെ ഗ്രഹസ്ഥിതി വെച്ച് അറിവുള്ള ഒരു ജ്യോതിഷിക്ക് രോഗ നിര്‍ണ്ണയം നടത്താന്‍ കഴിയും എന്നത് വ്യക്തവും സ്പഷ്ടവുമാണ്. ഒരു വ്യക്തിക്ക് കാന്‍സര്‍ ബാധിക്കുമോ ഇല്ലയോ എന്ന് ജ്യോതിഷത്തിലൂടെ കണ്ടെത്താവുന്നതാണ്. നവഗ്രഹങ്ങളില്‍ എല്ലാഗ്രഹങ്ങളും രോഗഹേതുവായ സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ രോഗാവസ്ഥ പറയാമെങ്കിലും ശനി, രാഹു ,കേതു , ചൊവ്വ എന്നീഗ്രഹങ്ങള്‍ പ്രത്യേകിച്ച് രോഗത്തെ കൂടുതല്‍ സ്വാധീനിക്കുന്നതായി കാണാം.

കാന്‍സര്‍ എന്നത് നമ്മുടെ ശരീരത്തിലെ അനിയന്ത്രിതമായ കോശ വളര്‍ച്ചയാണ്. ശരീരത്തിലെ അസാധാരണമായ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുകയും ശരീരകലകളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയെയാണ് കാന്‍സര്‍ എന്നു പറയുന്നത്. ഇത്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ (രോഗങ്ങള്‍ )മുന്‍കൂട്ടി കണ്ടെത്താന്‍ സമഗ്രമായ ജാതക നിരൂപണത്തിലൂടെ സാധിക്കുന്നതാണ്. ജനിതകമാറ്റങ്ങള്‍, പാരമ്പര്യ ജനിതകശാസ്ത്രം.(ജന്മാന്തര ദുരിതം), അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുമായുള്ള നിരന്തര സമ്പര്‍ക്കം, വിഷവാതകങ്ങളുടെ അമിതമായ ശ്വസനം, തെറ്റായ ഭക്ഷണക്രമം, ഉറക്കക്കുറവ്, വ്യായാമക്കുറവ്, അനിയന്ത്രിത ചിന്തകള്‍ മൂലം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷാംശങ്ങളുടെ പരിണിത ഫലം, ആവശ്യത്തിനും അനാവശ്യത്തിനുമായി ശരീരത്തില്‍ നടത്തുന്ന ഹോര്‍മോണ്‍ ചികിത്സകള്‍ ഇതെല്ലാം ഒരാളെ കാന്‍സര്‍ എന്ന രോഗാവസ്ഥയിലേക്കു എത്തിക്കാന്‍ വളരെയധികം സഹായിക്കുന്നു. ജാതകത്തിന്റെ സമഗ്രമായ പരിശോധനയിലൂടെ ഏത് കാലത്ത് എപ്പോള്‍, എവിടെ രോഗാവസ്ഥ ഉണ്ടാകുമെന്ന് പരിശോധിച്ചു കണ്ടെത്താവുന്നതാണ്. താഴെപറയുന്ന ഗ്രഹങ്ങളുടെ യോഗവും ജാതകവശാല്‍ ഉണ്ടെങ്കില്‍ അര്‍ബുദത്തിന് കാരണം ആവും എന്ന് അനുമാനിക്കാം. ജ്യോതിഷത്തിലൂടെ രോഗം വരാനുള്ള സാദ്ധ്യത കണ്ടെത്തുന്നതിലൂടെ അങ്ങനെയുള്ളവര്‍ക്ക് രോഗങ്ങള്‍ വരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനും സാധിക്കുന്നതാണ്.

ജാതക പരിശോധനയിലൂടെ വ്യക്തിക്കുള്ള ക്യാന്‍സര്‍ സാധ്യതയെക്കുറിച്ചും അതിന്റെ പരിണതിയെക്കുറിച്ചും വ്യക്തമായ സൂചന നല്‍കാന്‍ കഴിയും. രോഗബാധിതന്റെ(ആറ് ,എട്ട് ഭാവങ്ങള്‍ )രാശി, ഗൃഹദോഷങ്ങള്‍, പീഡിപ്പിക്കുന്ന ഗ്രഹങ്ങള്‍ എന്നിവ പരിശോധിച്ച് കാന്‍സര്‍ ഉത്ഭവ കോശം കണ്ടെത്താന്‍ സാധിക്കും – നക്ഷത്രം ,രാശി ,ഗ്രഹങ്ങള്‍ എന്നിവയെല്ലാം ബാഹ്യവും ആന്തരികവുമായ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഹു-കേതുക്കളുടെ സ്വാധീനം ഈ രോഗത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം.

ഒരു ജാതകത്തില്‍ പല ഗ്രഹങ്ങളും ഒരു പ്രത്യേക ഭാവത്തില്‍ സ്വാധീനം ചെലുത്തുന്നുവെങ്കില്‍, ആ ഭാവവുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്നനു മാനിക്കാം. നക്ഷത്ര ദശയിലെ മോശമായ കാലങ്ങള്‍ പരിശോധിക്കണം. ദശാകാല സമയം, ദോഷകാലം അല്ലെങ്കില്‍ യോഗകാരക ഗ്രഹങ്ങളുടെ ദശാകാലം ആണെങ്കില്‍, രോഗം വളരെ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിക്കാം. പൊതുവേ ശനിയുടേയും, ചൊവ്വയുടേയും പ്രത്യേക സ്ഥിതി ക്യാന്‍സറിനുള്ള സാദ്ധ്യതയെ കൂട്ടുന്നു.

രാഹു ഏതെങ്കിലും ഭാവവുമായോ അതിന്റെ അധിപനോടോ ബന്ധപ്പെട്ടിരിക്കുകയും, അത് ലഗ്‌നമോ ലഗ്‌നാധിപനോട് ചേര്‍ന്ന ഭാവമോ ആണെങ്കില്‍, ശരീരത്തില്‍ വിഷത്തിന്റെ അളവ് വര്‍ദ്ധിക്കുമെന്ന് ഉറപ്പാക്കാം. ആറാം ഭാവാധിപന്‍ ലഗ്‌നത്തിലോ എട്ടാം ഭാവത്തിലോ പത്താം ഭാവത്തിലോ രാഹുവിനോടു ചേര്‍ന്നോ നില്‍ക്കുകയാണെങ്കില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു. പന്ത്രണ്ടാം ഭാവത്തില്‍ ശനി-രാഹു, ശനി-കേതു, അല്ലെങ്കില്‍ ശനി-ചൊവ്വ എന്നിവയുടെ സംയോജനം ഉണ്ടെങ്കില്‍ അത് ക്യാന്‍സര്‍ ഉണ്ടാക്കാം. രാഹുവിന് അനിഷ്ട രാശിയുടെ ഭാവനാധിപനോട് യോഗമോ,അതിന്റെ അധിപനോടു ചേര്‍ന്ന് നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ ക്യാന്‍സറിനുള്ള സാദ്ധ്യത പറയാം.

ആറാം ഭാവമോ ആറാം ഭാവാധിപനോ അശുഭകരങ്ങളായ ഗ്രഹങ്ങളുടെ രാശിയില്‍ വരികയോ ചെയ്താല്‍ ക്യാന്‍സറിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ബുധന്‍ ചര്‍മ്മത്തെ പ്രതിനിധീകരിക്കുന്നു, അതിനാല്‍ ബുധന്‍ അശുഭഗ്രഹങ്ങളോടു ചേര്‍ന്നു നിന്നാലും രാഹുവിനോടു ചേര്‍ന്ന് നിന്നുലും ക്യാന്‍സര്‍ സാധ്യതയുണ്ട്. ബുധന്‍ 6, 8 ഭാവാധിപനോടു കൂടി ചേര്‍ന്നു നില്‍ക്കുകയും അവിടെ രാഹുനില്‍ക്കുകയും ചെയ്താല്‍ കാന്‍സറിനുള്ള സാധ്യത പറയാം. ആറാം ഭാവത്തില്‍ ശനിയും രാഹുവും നിന്നാല്‍ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ ഉണ്ടാകാം.

12 ലഗ്‌നങ്ങളില്‍ വെച്ച് കര്‍ക്കിടക ലഗ്‌ന ജാതകര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. കര്‍ക്കടക ലഗ്‌നത്തിന്റ ആറാം ഭാവപതി വ്യാഴമാണ്. അതിന് ലഗ്‌നസ്ഥിതി കൂടാതെ മറ്റു ശനി, ചൊവ്വാ രാഹു എന്നീ ഗ്രഹങ്ങള്‍ക്ക് 6, 8, ഭാവസ്ഥിതി ഉണ്ടാകുകയും ചെയ്താല്‍ ക്യാന്‍സറിന് സാദ്ധ്യത പറയാം. ഇതിനു പുറമെ പ്രത്യേകിച്ച് രാഹുവിന്റെ ദൃഷ്ടി, യോഗം എന്നിവ ഉണ്ടാകുകയും വേണം. വ്യാഴം ആറിലോ എട്ടിലോ പന്ത്രണ്ടിലോ രണ്ടാം ഭാവത്തിലോ കൂടാതെ ചൊവ്വയോടും ശനിയോടും കൂടിച്ചേരുകയോ അതിന്റെ നാഥനുമായി ബന്ധപ്പെട്ടിരിക്കുകയോ ചെയ്താല്‍ സാധ്യതകള്‍ കൂടുതലാണ്. ഏതെങ്കിലും ജാതകത്തില്‍, ശനിയോ ചൊവ്വയോ രാഹുവിനോടും കേതുവിനോടുമൊപ്പം ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു.

നമ്മുടെ മുനീശ്വരന്‍മാര്‍ ഭാരതത്തിനു നല്‍കിയ അപൂര്‍വ്വ സമ്പത്താണ് ജ്യോതിഷം. മനുഷ്യ ജീവിതത്തിന്റെ വരാനിരിക്കുന്ന കാലത്തിന്റെ മുന്‍കൂട്ടിയുള്ള അറിവുപകര്‍ന്നു നല്‍കുന്ന സ്‌കാനറായി നമുക്ക് ജ്യോതിഷത്തെ കണക്കാക്കാം. ഈശ്വരാനുഗ്രവും, ഗുരുവിനാല്‍ അനുഗൃഹീതനുമായ ഒരു ജ്യോതിഷിക്ക് ഈ ശാസ്ത്രത്തിലൂടെ രോഗനിര്‍ണ്ണയം നടത്താനാവുമെന്നത് ഉറപ്പാണ്. ശരീമാദ്യം ഖലു ധര്‍മ്മ സാധനം എന്ന ആപ്തവാക്യത്തിലൂന്നി ശരീരത്തെ സംരക്ഷിച്ചു ജീവിക്കുകയും, ജ്യോതിഷ നിരൂപണത്തിലൂടെ ജീവിതത്തിലെ ചീത്ത കാലങ്ങളെ മനസ്സിലാക്കുകയും തദ്വാരാ ആ കാലങ്ങളില്‍ ഈശ്വരസേവയും , ജപ ,ഹോമ, തര്‍പ്പണാദികളും , ദാനങ്ങളും അനുഷ്ഠിച്ച് മുന്നോട്ടു പോയാല്‍ രോഗങ്ങളെ അതിജീവിച്ച് അനായാസമായി ജീവിതത്തെ തരണം ചെയ്യാന്‍ പറ്റുമെന്നതുറപ്പാണ്.

ജ്യോത്സ്യന്‍
തെങ്കര സുബ്രഹ്‌മണ്യന്‍
9447840774

(ലേഖനത്തിലെ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകനുമാത്രമാണ്.)
Related Posts