പൈതൃകം
ഇന്ന്‌ മത്സ്യാവതാര വിഷ്ണുവിനെ ഇങ്ങനെ ഭജിച്ചാല്‍

ഹൈന്ദവ ഐതിഹ്യപ്രകാരം ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ആദ്യത്തെ അവതാരമാണ് മത്സ്യാവതാരം. ഹിന്ദു കലണ്ടര്‍ പ്രകാരം ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിലെ ത്രിതീയ തിഥിയില്‍ ആണ് ശ്രീ മത്സ്യ അവതാര ജയന്തി ആഘോഷിച്ചു വരുന്നത്. ഈ വര്‍ഷത്തെ മത്സ്യാവതാരജയന്തി ഏപ്രില്‍ 28 വ്യാഴാഴ്ചയാണ്. ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ പ്രധാനപ്പട്ട പത്ത് അവതാരങ്ങളില്‍ പ്രഥമ അവതാരമാണ് മത്സ്യാവതാരം. ഹിന്ദു പുരാണമനുസരിച്ച് പുതുവര്‍ഷത്തിലെ പ്രഥമ ആഘോഷമെന്ന പ്രത്യേകതയുമുണ്ട് ശ്രീ മത്സ്യാവതാര ജയന്തിക്ക്.

വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് ശ്രീ മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്.ലോകത്തെ രക്ഷിക്കാനായി ഭഗവാന്‍ ശ്രീ മഹാവിഷ്ണു ഈ അവതാരം എടുത്തു എന്നാണ് വിശ്വാസം.

ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് അദിതി എന്ന ഭാര്യയില് വിവസ്വാന് എന്ന പുത്രന് ജനിച്ചു. വിവസ്വാന്റെ പുത്രനായി വൈവത്വതമനു എന്നുകൂടി പേരുള്ള സത്യവ്രതമനു ജനിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് വിഷ്ണുഭഗവാന് മത്സ്യമൂര്‍ത്തിയായി അവതരിച്ചത്.
ഹയഗ്രീവന് എന്ന അസുരനെ നിഗ്രഹിച്ച് വേദങ്ങളെ വീണ്ടെടുക്കുവാനായിരുന്നു ഭഗവാന്‍ മത്സ്യാവതാരത്തെ സ്വീകരിച്ചത്.
ഹയഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മാവിന്റെ പക്കല്‌നിന്നും വേദങ്ങളെല്ലാം അപഹരിച്ച് സമുദ്രത്തിന്റെ അടിയില്‌ചെന്ന് ഒളിച്ചിരുന്നു.
തന്മൂലം ലോകത്ത് യാഗയജ്ഞങ്ങള്‍ ഒന്നുംതന്നെ നടക്കാതായി. അക്കാലത്ത് സത്യവ്രതമനു കൃതമാലാനദിയുടെ തീരത്തുള്ള ബദരി എന്ന പുണ്യസ്ഥലത്ത് വസിച്ചുകൊണ്ട് തപസ്സനുഷ്ഠിക്കുകയുണ്ടായി. ഒരുനാള്‍ സ്‌നാനം ചെയ്യുന്നതിനായി നദിയില്‍ ഇറങ്ങിയ മനുവിന്റെ കൈയില്‍ ഒരു ചെറിയ മത്സ്യം വന്നുപെട്ടു.

രാജാവ് അതിനെ വീണ്ടും ജലത്തിലേക്ക് നിക്ഷേപിക്കുവാന്‍ തുനിഞ്ഞപ്പോള്‍ മത്സ്യം പറഞ്ഞു, ‘ രാജാവേ, എനിക്ക് വലിയ മത്സ്യങ്ങളെ ഭയമാണ്. അതുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ച് പോകരുത്’. ഇതുകേട്ട് രാജാവ് മത്സ്യത്തെ ഒരു ചെറിയ കുടത്തിലാക്കിവെച്ചു. ഏതാനും ദിവസങ്ങള്‍ കൊണ്ട് മത്സ്യം വളരെയധികം വളര്‍ന്നുവലുതായി. അപ്പോള്‍ രാജാവ് അതിനെയെടുത്ത് ഒരു കുളത്തിലാക്കി.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മത്സ്യം വളര്‍ന്നുവലുതായി കുളം ആവാസത്തിന് അനുയോജ്യമല്ലാതായിതീര്‍ന്നു. അപ്പോള്‍ രാജാവ് മത്സ്യത്തെ എടുത്ത് ഗംഗാനദിയില്‍ കൊണ്ടുചെന്നാക്കി. ഏതാനും ദിവസങ്ങള്‍ക്കകം മത്സ്യം വളര്‍ന്നുവരികയും അപ്പോള്‍ രാജാവ് അതിനെയെടുത്ത് സമുദ്രത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. തിരികെ പോകുവാന്‍ തുനിഞ്ഞ രാജാവിനോട് ചോദിച്ചു.

”രാജാവേ, അവിടുന്ന് എന്നെ ഉപേക്ഷിച്ചു പോവുകയാണോ”. ഇതുകേട്ട രാജാവ് ചോദിച്ചു.” അല്ലയോ മത്സ്യരാജന്‍, അവിടുന്ന് ആരാണെന്നു പറഞ്ഞാലും”. അപ്പോള്‍ മത്സ്യം ശംഖുചക്രഗദാദ്മാദികളോടുകൂടിയ തന്റെ വൈഷ്ണവ സ്വരൂപത്തെ രാജാവിന് പ്രദര്‍ശിപ്പിക്കുകയും ഇപ്രകാരം അരുളിചെയ്യുകയുമുണ്ടായി.

”രാജാവേ, ഞാന്‍ ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുക്കുന്നതിനായി അവതരിച്ചിരിക്കുകയാണ്. ഏഴുദിവസത്തിനകം മഹാപ്രളയം സംഭവിക്കും. അവിടുന്ന് ഒരു തോണിയുണ്ടാക്കി ചരാചരങ്ങളുടെ ബീജത്തെയെടുത്ത് സപ്തര്‍ഷികളെ അതില്‍ കയറ്റി രക്ഷപ്പെടുക. ഞാന്‍ അങ്ങയെ സഹായിക്കുന്നതാണ്”.

രാജാവ് മത്സ്യമൂര്‍ത്തിയുടെ ഉപദേശപ്രകാരം പ്രവര്‍്ത്തിച്ചു ഏഴാംദിവസം കഴിഞ്ഞ് ഉണ്ടായ പ്രളയത്തില്‍ ലോകത്തിലെ ചരാചരങ്ങളൊക്കെ നശിച്ചുപോയി. ഭഗവാന്റെ അനുഗ്രഹംകൊണ്ട് മനുവും, സപ്തര്‍ഷികളും ജീവജാലങ്ങളുടെ ബീജങ്ങളും മാത്രം രക്ഷപ്പെട്ടു. മനു തോണിയെ മത്സ്യമൂര്‍ത്തിയുടെ കൊമ്പുമായി ബന്ധിച്ചു. മത്സ്യം തോണിയുമായി ഹിമാലയത്തിന്റെ ശൃംഗത്തിലെത്തിച്ചേര്‍ന്നു. പിന്നെ തോണിയെ ആ ശൃംഗത്തില്‍ ബന്ധിക്കുകയും ചെയ്തു. അതിനുശേഷം മത്സ്യമൂര്‍ത്തി സമുദ്രത്തിന്റെ അടിയിലേക്കു ചെന്ന് ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിന് നല്കി.

മത്സ്യമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് മത്സ്യപുരാണം. കേരളത്തില്‍ മത്സ്യമൂര്‍ത്തിക്ക് പ്രതിഷ്ഠയുള്ള അപൂര്‍വക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന മത്സ്യാവതാര ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചുറ്റുമായി 3 കുളങ്ങള്‍ ഉണ്ടായിരുന്നുവത്രേ. അതിലൊന്നില്‍ സ്വര്ണവര്‍ണത്തോടുകൂടിയ മത്സ്യത്തെ കണ്ടിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലും മുഖ്യപ്രതിഷ്ഠ മത്സ്യരൂപിയായ വിഷ്ണുവാണ്.

മത്സ്യ ജയന്തി ദിനത്തിലാണ് നിര്‍ജല വ്രതം അനുഷ്ഠിക്കുകയും അന്നം ദാനം ചെയ്യുകയും ചെയ്യേണ്ടുന്നത്. ഈ ദിവസം വിധിയാംവണ്ണം വ്രതംആചരിക്കുന്ന വ്യക്തി തന്റെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം നേടുകയും ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും സൗഭാഗ്യങ്ങളും നേടുകയും ചെയ്യുന്നു. കൂടാതെ വിഷ്ണു ഭഗവാന്റെ കൃപയും അനുഗ്രഹവും വേണ്ടുവോളം ലഭിക്കും എന്നാണ് വിശ്വാസം.

Related Posts