
വിവാഹം നടക്കാത്തതിന്റെയും വൈകുന്നതിന്റെയും കാരണങ്ങള്‍; തെങ്കര സുബ്രഹ്‌മണ്യന്‍ എഴുതുന്നു
ജനിച്ചു കഴിഞ്ഞാല്‍ ബാല്യം, കൌമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്ന നാല് അവസ്ഥാന്തരങ്ങളെ തരണം ചെയ്ത് വേണം ഒരു മനുഷ്യന് ഇഹലോക വാസം വെടിഞ്ഞ് ഈശ്വരസാക്ഷാത്കാരം ലഭിക്കാന്‍. അതില്‍ യൗവ്വന കാലത്താണ് ഓരോ മനുഷ്യരും വിവാഹ ജീവിതം അഥവാ ഗാര്‍ഹസ്ഥ്യ ജീവിതത്തിലേക്ക് കടക്കുന്നത്. ഭാര്യഭര്‍ത്താവിനും,ഭര്‍ത്താവ് ഭാര്യക്കും പരസ്പരം താങ്ങായും തണലായും ജീവിതാവസാനം വരെ ഒരുമിച്ച് വര്‍ത്തിക്കാമെന്ന് പരസ്പരം മനസ്സുകൊണ്ട് കൈയ്യൊപ്പിടുന്ന ഉടമ്പടി അതു തന്നെയാണ് വിവാഹജീവിതം കൊണ്ട് അന്വര്‍ത്ഥമാക്കുന്നത്. ഒരാളുടെ ജീവിതചക്രം മുന്‍കൂട്ടിവരച്ചുകാട്ടാനായി നമ്മളുടെ മഹാതപസ്വികളായ ഋഷീശ്വരന്മാര്‍ ലോകനന്മക്കായി നവഗ്രഹങ്ങളെ അടിസ്ഥാനമാക്കി തപഃശക്തിയിലൂടെ കണ്ടെത്തിയതാണ് വേദത്തിന്റെ കണ്ണായി കരുതുന്ന ജ്യോതിഷം.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ നിമിഷങ്ങളയും ഒരു കണ്ണാടിയില്‍ നാം നമ്മുടെ പ്രതിബിംബം കാണുന്നതുപോലെ അത്രയും വ്യക്തമായി ജ്യോതിഷത്തെ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ പഠിച്ച് മനസ്സിലാക്കിയ ഒരു വ്യക്തിക്ക് കൃത്യമായി അതിനെ മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നോട്ടു നീങ്ങാന്‍ സമൂഹത്തെ പ്രാപ്തമാക്കാന്‍ സാധിക്കും. ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുക എന്നത്. പരസ്പരം രണ്ടുസ്ഥലങ്ങളില്‍ ജീവിക്കുന്ന രണ്ടു പേര്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുന്ന ജീവിതം അതാണ് വിവാഹജീവിതം. ഈ വിവാഹ ജീവിതത്തെ നമുക്ക് ജ്യോതിഷത്തിന്റെ സഹായത്താല്‍ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി കുറ്റ മറ്റതാക്കാന്‍ കഴിയും. ഇന്ന് വിവാഹത്തിന് ജാതക പൊരുത്തം നോക്കുന്നത് വെറും ഒരു പ്രഹസനം മാത്രമായി മാറിയിരിക്കുന്നു എന്നുമാത്രമല്ല അതിനുശേഷം വരുന്ന എല്ലാ ജീവിത പ്രശ്‌നങ്ങള്‍ക്കും കുറ്റം ജ്യോതിഷത്തിനും.
ജാതകപ്പൊരുത്തത്തിലൂടെ കണ്ടെത്തി വിവാഹ ജീവിതം തുടങ്ങുന്നവര്‍ക്ക് വരുന്ന ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് എല്ലാം യഥാര്‍ത്ഥകാരണം ജ്യോതിഷമല്ല മറിച്ച് ശാസ്ത്രബോധമില്ലാതെ സാമ്പത്തിക ലാഭത്തിനായി മാത്രം ജ്യോതിശാസ്ത്രത്തെ ഉപയോഗിച്ചു ജീവിക്കുന്ന അഭിനവജ്യോത്സ്യന്മാരാണ്. ജാതകപ്പൊരുത്തം നോക്കുമ്പോള്‍ എട്ടില്‍ ആറോ അഥവാ എട്ടില്‍ എട്ടോ പൊരുത്തങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ മറിച്ച് പരസ്പരം ഒന്നിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന നല്ല ദാമ്പത്യ ജീവിതവും, അടുത്ത തലമുറ നിലനിര്‍ത്താനുള്ള സന്താന യോഗവും, കുടുംബത്തില്‍ എല്ലാവരോടുമായി പരസ്പരം ഒത്തൊരുമിച്ചു പോകാനുള്ള യോഗവും, ആയുസ്സും, ആരോഗ്യവും, അങ്ങിനെ നിരവധികാര്യങ്ങള്‍ സൂഷ്മമായി നോക്കിയിട്ടു മാത്രമെ രണ്ടു ജാതകങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ പാടുകയുള്ളു. അങ്ങിനെ കൃത്യമായി ജാതകവിശകലനം ചെയ്ത് വിവാഹജീവിതം ആരംഭിച്ചാല്‍ നല്ല ദാമ്പത്യ ജീവിതം ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാല്‍ പൊതുവായി നാം വിവാഹത്തിന് അടിസ്ഥാന യോഗ്യതകളായി കരുതുന്ന വിദ്യാഭ്യാസം,ജോലി, പണം, ആരോഗ്യം സൗന്ദര്യം കുലമഹിമ ഇവ എല്ലാം ഉണ്ടായിട്ടും ചിലര്‍ക്കു വിവാഹം നടക്കാതെ വരികയും, എന്നാല്‍ മേല്‍ പറഞ്ഞവ ഒന്നും തന്നെയില്ലാതെ തന്നെ ചിലരുടെ വിവാഹം നടക്കുകയും ചെയ്യാറുണ്ടല്ലോ! അതിനെയാണ് യോഗം എന്ന വാക്കിനാല്‍ അന്വര്‍ത്ഥമാക്കുന്നത്.
വിവാഹം നടക്കാത്തതിന്റേയും, വൈകുന്നതിന്റേയും ജ്യോതിഷപരമായ കാരണങ്ങള്‍ എന്താണെന്ന് നമുക് പരിശോധിക്കാം.
മുന്‍ജന്മ കര്‍മ്മഫലങ്ങളുടെ സ്വാധീനവും, ജാതക പ്രകാരമുള്ള ദോഷങ്ങളും പലപ്പോഴും കാരണങ്ങള്‍ ആകാറുണ്ട്. ഒരു ജാതകന്റെ ഗ്രഹനിലയിലെ ഏഴാം ഭാവാധിപനാണ് വിവാഹത്തിനു സഹായിക്കുന്നത്. ഏഴാം ഭാവാധിപന് പാപത്വവും മൗഢ്യവും നീചത്വവും വരുമ്പോള്‍ വിവാഹം മുടങ്ങാന്‍ ഉള്ള സാധ്യത കൂടുതലാണ്. ഏഴാം ഭാവത്തെ പോലെ തന്നെ ജാതകത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് വിവാഹ കാരകനായ ശുക്രന്‍. ഗ്രഹനിലകള്‍ തന്നെയാണ് വിവാഹ തടസത്തിനും മിക്കവാറും ഹേതുവാകാറുള്ളത്. തടസമായി നില്‍ക്കുന്ന ഗ്രഹത്തെ തൃപ്തിപ്പെടുത്തുകയാണ് ഏക പരിഹാര മാര്‍ഗ്ഗം. ഗ്രഹനില കൃത്യം ആണെങ്കില്‍ മാത്രമെ ജ്യോതിഷ ഫലപ്രവചനം സത്യവും കൃത്യവും ആകുകയുള്ളു. ജാതകത്തെ സൂക്ഷ്മമായി ഗണിച്ചാല്‍ വിവാഹം എപ്പോള്‍, എവിടെ നിന്ന് നടക്കും എന്നും, വിവാഹം താമസിക്കുന്നതിനുള്ള കാരണങ്ങളേയും അറിയാന്‍ കഴിയും.
വിവാഹ സമയം: (ഒരാളുടെ കൃത്യമായ വിവാഹ യോഗ സമയം)
ജാതകന്റെ ലഗ്‌നത്തിന്റെ ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം ,ഏഴാം ഭാവാധിപനായ ഗ്രഹം , ഏഴാം ഭാവാധിപന്‍ നില്ക്കുന്ന രാശിയുടെ അധിപനായ ഗ്രഹം , ഏഴാം ഭാവാധിപന്റെ നവാംശകരാശിനാഥനായ ഗ്രഹം , ശുക്രന്‍ , ചന്ദ്രന്‍ ഇവയില്‍ ബലമുള്ള ഗ്രഹത്തിന്റെ ദശയിലോ അല്ലെങ്കില്‍ മറ്റുള്ളവയുടെ അപഹാരത്തിലോ വിവാഹം നടക്കും.
രാഹുവിന്റെ ദശാപഹാരകാലം:-
രാഹുവിന്റെ ദശാപഹാരങ്ങളിലും വിവാഹം നടക്കാം. ഒരു വ്യക്തിയില്‍ വിവാഹത്തിന് മോഹം ജനിപ്പിക്കുന്നതിന്റെ കാരകനാണ് രാഹു. സ്ത്രീപുരുഷന്മാരെ കൂട്ടിയിണക്കുന്നതിനുള്ള കഴിവ് രാഹുവിനെപ്പോലെ മറ്റൊരു ഗ്രഹത്തിനുമില്ല. ഏഴിലോ ഇഷ്ട ഭാവത്തിലോ രാഹു നിന്നാല്‍ വിവാഹം നടക്കാന്‍ സാധ്യത കൂടുതല്‍ ആണ്.
ചന്ദ്രലഗ്‌നാധിപന്‍ :
ലഗ്‌നം, ഏഴാം ഭാവം, ഏഴാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, അതിന്റെ ഏഴാം രാശി അഞ്ച് ഒന്‍പത് (5,9) ഈ രാശികളില്‍ ഏതെങ്കിലും ഒരു രാശിയില്‍ ലഗ്‌നാധിപനോ ചന്ദ്രാലഗ്‌നാധിപനോ ശുക്രനോ ഏഴാം ഭാവാധിപനോ ചാരവശാല്‍ സഞ്ചരിക്കുന്ന കാലത്ത് വിവാഹം നടക്കുന്നതാണ്.
ശുക്രന്‍ :
ശുക്രനോടു യോഗം ചെയ്തു നില്‍ക്കുന്ന ഏഴാം ഭാവാധിപന്റെ ദശാപഹാരങ്ങളിലോ രണ്ടാം ഭാവാധിപന്‍ നില്‍ക്കുന്ന രാശ്യാധിപന്റെ ദശാപഹാരങ്ങളിലോ വിവാഹം നടക്കാം.
വിവാഹത്തിനു തടസ്സമായി നില്‍ക്കുന്നതും എന്നാല്‍ പരിഹാരമുള്ളതുമായ ലഗ്‌നങ്ങള്‍ :
മേടം ലഗ്‌നം:
മേടം ലഗ്‌നത്തിന്റെ ഏഴാം ഭാവാധിപന്‍ ശുക്രനാണ്. രണ്ടും ഏഴും ഭാവാധിപത്യം ശുക്രനെ പാപനാക്കുന്നത് വിവാഹത്തിനു തടസവും കാലതാമസവും ഉണ്ടാകാന്‍ കാരണമാകുന്നു. എന്നാല്‍ ശുക്രദശാകാലം, മറ്റു ദശാസന്ധികളിലെ ശുക്രന്റെ അപഹാരകാലം ,ശുക്രന്റെ സ്വക്ഷേത്ര സ്ഥിതി,ഈ കാലഘട്ടങ്ങളില്‍ തടസം മാറി വിവാഹം നടക്കും.
മിഥുന ലഗ്‌നം :
മിഥുനലഗ്‌നത്തിന്റെ ഏഴാം ഭാവാധിപനായ വ്യാഴം കേന്ദ്രാധിപത്യം കൊണ്ട് പാപനാണ്. നീചം,ദു:സ്ഥാന സ്ഥിതി ഇവയെല്ലാം ജാതകന് വിവാഹതടസ്സം ഉണ്ടാക്കാം. എന്നാല്‍ ജാതകത്തിലെ ചില യോഗങ്ങള്‍ വിവാഹം തടസ്സം മാറ്റും എന്നു മാത്രമല്ല വിവാഹത്തോടെ ജാതകന്റെ സാമ്പത്തിക സ്ഥിതി ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യുന്നു.
കന്നിലഗ്‌നം:
കന്നി ലഗ്‌നത്തിന്റെ ഏഴാം ഭാവാധിപനും വ്യാഴമാണ്. വ്യാഴവും വിവാഹ കാര്യത്തില്‍ തടസങ്ങള്‍ ഉണ്ടാക്കുമെങ്കിലും ജാതകന്റെ മറ്റു ചില യോഗങ്ങള്‍ വിവാഹ തടസ്സം മാറാന്‍ സഹായകരമാകുന്നു.
വിവാഹം തടസ്സം വരുത്തുന്ന ലഗ്‌നങ്ങള്‍ :
വൃശ്ചിക ലഗ്‌നം:
വൃശ്ചിക ലഗ്‌നത്തിന് ശുക്രന്‍ പാപനായി പന്ത്രണ്ടും ഏഴും ഭാവാധിപത്യം.
ശുഭഗ്രഹങ്ങള്‍ക്ക് കേന്ദ്രാധിപത്യദോഷം ശക്തമായത് കൊണ്ടു തന്നെ വൃശ്ചിക ലഗ്‌നത്തില്‍ വിവാഹത്തിന് തടസങ്ങള്‍ ഉണ്ടാകാം.
ധനു ലഗ്‌നം:
ധനു ലഗ്‌നത്തിന് ബുധന്‍ ഏഴും പത്തും ഭാവാധിപത്യം വഹിച്ച് പാപനാകുന്നു.കൂടാതെ ബുധന്റെ മൗഢ്യവും വിവാഹ തടസ്സം ഉണ്ടാക്കുന്നു.
മകരം ലഗ്‌നം:
മകര ലഗ്‌നത്തിന് ഏഴാം ഭാവാധിപനായ ചന്ദ്രന്‍ പാപനാണ്. ചന്ദ്രബല വ്യത്യാസവും ഭാവസ്ഥിതിയും വിവാഹത്തിന് തടസമായി വരാം.
മീനലഗ്‌നം:
മീനലഗ്‌നത്തിന് ഏഴാം ഭാവാധിപനായ ബുധന്‍ പാപനാണ് .ബുധന്റെ ബലവും ഭാവസ്ഥിതിയും, നീചം ,മൗഢ്യം മുതലായ കാര്യങ്ങളും വിവാഹ തടസം ഉണ്ടാക്കും.
പുനര്‍ വിവാഹ യോഗം :
ചില ജാതകര്‍ക്ക് രണ്ട് വിവാഹത്തിനുള്ള യോഗം ഉണ്ടാകാറുണ്ട്.
മിശ്രവിവാഹം:
എട്ടാം ഭാവാധിപനും എട്ടാം ഭാവത്തിന് രാഹു,കേതു, കുജന്‍,ശനി ഇവരുടെ യോഗ ദൃഷ്ടികള്‍ സമൂഹം അംഗീകരിക്കാത്ത വിവാഹം ഉണ്ടാകാമെന്നു സൂചിപ്പിക്കുന്നു. ഏഴാം ഭാവത്തില്‍ പാപന്മാര്‍ നില്‍ക്കുമ്പോള്‍ ശുക്രന്‍ രാഹു യോഗം ദൃഷ്ടി വന്നാലും അന്യമതത്തില്‍ നിന്ന് ഉള്ള വിവാഹത്തിനു സാധ്യത ഉണ്ടെന്നു കരുതാം.
നവാംശക ചക്രത്തിലെ ലഗ്‌നത്തിലോ ചന്ദ്രനിലോ എട്ടാം ഭാവത്തിന് രാഹു, കേതു,ശനി കുജന്‍ ഇവരുടെ സ്ഥിതി ഉണ്ടെങ്കിലും അന്യജാതിയില്‍ നിന്ന് വിവാഹം ഉണ്ടാകും.
കളത്ര നാശ യോഗങ്ങള്‍
പാപ ദൃഷ്ടി ഉള്ള പാപന്‍, ബലഹീനതയുള്ള പാപന്‍, അഞ്ചാം ഭാവാധിപന്‍, പാപ വര്‍ഗ്ഗ സ്ഥിതിയിലുള്ള പാപന്‍, അഷ്ടമാധിപന്‍, ഗുളിക രാശ്യാധിപന്‍, നീചത്തില്‍ നില്‍ക്കുന്ന വ്യാഴം, പാപനോട് കൂടിയ ശുക്രന്‍, വൃശ്ചിക രാശിയില്‍ നില്‍ക്കുന്ന ശുക്രന്‍ ഇങ്ങനെ ഒമ്പത് വിധത്തില്‍ ഉള്ളവരില്‍ ഒരു ഗ്രഹം ഏഴാം ഭാവത്തില്‍ നില്‍ക്കുകയും ആഗ്രഹത്തിന് ശുഭ യോഗമോ ദൃഷ്ടിയോ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഭാര്യ മരണപ്പെടുക വരെ ചെയ്യാം.
ഓരോ ലഗ്‌നത്തിന്റെയും പൊതുവായ കാര്യങ്ങളാണ് ഇതുവരെ സൂചിപ്പിച്ചിരിക്കുന്നത്. ജാതകന്റെ ഗൃഹനിലയിലെ ഗ്രഹങ്ങളുടെ സ്ഥിതിയും, ദൃഷ്ടിയും, ജാതകത്തിലെ യോഗവും അനുസരിച്ച് ഫലങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. ജനിച്ച വര്‍ഷം മാസം ദിവസം കൃത്യമായ സമയം എന്നിവ ഉണ്ടെങ്കില്‍ ജാതക നിരൂപണത്തിലൂടെ വിവാഹത്തിനുള്ള തടസ്സങ്ങളെ കൃത്യമായി കണ്ടുപിടിച്ച് വിവാഹത്തിലെത്തിച്ച് നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും എന്നത് സത്യമാണ്.