ക്ഷേത്ര വാർത്തകൾ
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നാരായണീയ യജ്ഞത്തിന് നവംബര്‍ 5-ന് തുടക്കമാകും

 

കൊച്ചി: മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രസന്നിധിയില്‍ നടക്കുവാന്‍ പോകുന്ന 43-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് മുന്നോടിയായി 41 ദിവസം നീണ്ടുനില്‍ക്കുന്ന നാരായണീയ പാരായണ യജ്ഞത്തിന് നവംബര്‍ 5 വ്യാഴാഴ്ച തുടക്കമാകും. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി 82 നാരായണീയ സമിതികള്‍ ഈ പാരായണ യജ്ഞത്തില്‍ പങ്കെടുക്കും.

യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര നവംബര്‍ 5-ന് വൈകുന്നേരം 5 മണിക്ക് ദേശനാഥനായ ശ്രീപൂര്‍ണ്ണത്രയീശന്റെ സന്നിധിയില്‍ നിന്നും പുറപ്പെടും. ഭാഗവതാചാര്യന്‍ ബ്രഹ്‌മശ്രീ എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ ഭദ്രദീപം തെളിയിച്ച് വിഗ്രഹ ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി/തിരുവിതാംകൂര്‍ ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ നാരായണീയ പാരായണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാല്‍ ഗ്രന്ഥസമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തും.

സത്ര നിര്‍വ്വഹണ സമിതി ചെയര്‍മാന്‍ അഡ്വ. ജി. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കെ. നായര്‍ സ്വാഗതം ആശംസിക്കും. യജ്ഞാചാര്യന്‍ ആലപ്പാട്ട് രാമചന്ദ്രന്‍ നാരായണീയസന്ദേശം നല്‍കും.

സത്ര നിര്‍വ്വഹണ സമിതി രക്ഷാധികാരി അജിത നന്ദകുമാര്‍, ഗുരുവായൂര്‍ സത്രസമിതി പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീകുമാര്‍, സെക്രട്ടറി ടി. ജി. പത്മനാഭന്‍നായര്‍, ഖജാന്‍ജി എസ്. ശ്രീനി, വൈസ് പ്രസിഡന്റ് എസ്. നാരായണസ്വാമി, മരട് എന്‍.എസ്.എസ് വനിതാസമാജം പ്രസിഡന്റ് ലിജി ഭരത് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

ഉണ്ണിമായയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. സത്ര നിര്‍വ്വഹണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍. സി. ബാലഗംഗാധരന്‍ നെല്ലിക്കല്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. കെ. സുരേഷ്ബാബു എന്നിവര്‍ ചടങ്ങുകളിലേക്ക് മുഴുവന്‍ ഭക്തജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

 

 

Related Posts