
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവം: തിങ്കളാഴ്ച കൊടിയേറും
എറണാകുളം ജില്ലയിലെ പ്രമുഖ നാലമ്പല ക്ഷേത്രമായ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് 2026 ഫെബ്രുവരി 9 തിങ്കളാഴ്ച കൊടിയേറും. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ഫെബ്രുവരി 16-ന് ആറാട്ടോടുകൂടി സമാപിക്കും.
ഫെബ്രുവരി 9 തിങ്കളാഴ്ച (മകരം 26) രാത്രി 8.15-നും 9.00-നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. ഫെബ്രുവരി 8-ന് കൊടിയേറ്റിന് മുന്നോടിയായി വാസ്തു പുണ്യാഹം, പ്രാസാദശുദ്ധി ക്രിയകള്‍ എന്നിവയും നിശ്ചയിച്ചിട്ടുണ്ട്.
ഉത്സവബലി: ഫെബ്രുവരി 13 വെള്ളിയാഴ്ച (കുംഭം 1) ഉച്ചയ്ക്ക് 11.00-ന് ഉത്സവബലി ദര്‍ശനം നടക്കും.
പള്ളിവേട്ട: ഫെബ്രുവരി 15 ഞായറാഴ്ച രാത്രി 9.30-നാണ് പള്ളിവേട്ട.
ആറാട്ട്: ഫെബ്രുവരി 16 തിങ്കളാഴ്ച (കുംഭം 4) തിരുവോണം നാളിലാണ് ആറാട്ട് മഹോത്സവം.
സമാപന ദിവസമായ ഫെബ്രുവരി 16-ന് വൈകിട്ട് രാമമംഗലം പെരുംതൃക്കോവില്‍ ദേവസ്വം കടവിലേക്കുള്ള ആറാട്ട് ഘോഷയാത്ര നടക്കും. തുടര്‍ന്ന് തിരിച്ചുവരവില്‍ സര്‍വ്വോത്തര ചെണ്ട വാദ്യ കലാശ്രീ പാഴൂര്‍ ഉണ്ണിച്ചന്ദ്രന്‍ പ്രമാണം വഹിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.
ഉത്സവ ദിവസങ്ങളില്‍ വിപുലമായ കലാപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. മേജര്‍ സെറ്റ് പഞ്ചവാദ്യം, തായമ്പക, നൃത്തസന്ധ്യ, കോട്ടയം വായ്‌മൊഴി അവതരിപ്പിക്കുന്ന ഫോക്ക് മ്യൂസിക് ബാണ്ട്, പൂഞ്ഞാര്‍ ദേവകലയുടെ ‘അല്ലിപ്പൂങ്കാവില്‍ ഇന്നാറാട്ട്’ ബാലെ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാകും. കൂടാതെ ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്ര നവീകരണത്തിനും ഉത്സവ വിജയത്തിനും ഭക്തജനങ്ങള്‍ നല്‍കി വരുന്ന സഹകരണത്തിന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് സുരേഷ്‌കുമാര്‍ പി.പി., സെക്രട്ടറി അനില്‍കുമാര്‍ കെ. എന്നിവര്‍ നന്ദി അറിയിച്ചു.

