
മള്ളിയൂർ വിനായകചതുര്‍ഥി തീർഥാടനത്തിന് സമാപനം എട്ടുദിവസത്തെ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി
മള്ളിയൂർ: മള്ളിയൂരിലെ വിനായകചതുര്‍ഥി തീർഥാടനകാലത്തിന് സമാപനം. എട്ടുദിവസത്തെ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വിനായകചതുര്‍ഥി ദിനത്തിൽ ഇതുവരെയില്ലാത്ത ഭക്തജനപ്രവാഹത്തിനാണ് മള്ളിയൂർ സാക്ഷ്യംവഹിച്ചത്. പുലർച്ചെ നാലുമുതൽ രാത്രി വൈകുംവരെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു.
ക്ഷേത്രാങ്കണത്തിലെ വിശാലമായ മൈതാനത്തിലും സമീപത്തെ വീടുകളിലും പൊതുഇടങ്ങളിലും വാഹനങ്ങൾ നിറഞ്ഞു. രണ്ട് കിലോമീറ്റർ അകലെയുള്ള റെയിൽവേ ഗേറ്റ് മുതൽ മള്ളിയൂർ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പോലീസും സന്നദ്ധപ്രവർത്തകരും സുരക്ഷാ ജീവനക്കാരും ഏറെ പ്രയത്‌നിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. കുടമാറ്റവും മേളവും കാണാനും വൻ തിരക്കായിരുന്നു.

ക്ഷേത്രദർശനത്തിനുള്ള ക്യൂവിലും പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. വൈഷ്ണവ ഗണപതിയെ തൊഴുത് നാളികേരം ഉടച്ച് പ്രാർഥിച്ചശേഷമാണ് ഭൂരിഭാഗം ഭക്തരും മടങ്ങിയത്. വഴിപാടുകൾ ശീട്ടാക്കുന്നതിനും നീണ്ട നിരയുണ്ടായി.
ആറാട്ടുദിനം പുലർച്ചെ അഞ്ചിന് പള്ളിയുണർത്തലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് നാലിന് കൊടിയിറക്കി. തുടർന്ന് ആഘോഷപൂർവമായ ആറാട്ടുഘോഷയാത്ര പുറപ്പെട്ടു. സന്ധ്യയോടെ ആറാടിയെത്തിയ മള്ളിയൂരപ്പനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് പരമ്പരാഗത ആചാരവിധിപ്രകാരം പൂജകൾ നടത്തി.
രാമപുരം ബാലാജിയുടെയും ശ്രീകുമാർ വാര്യരുടെയും നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് ആറാട്ടുകഴിഞ്ഞെത്തിയ മള്ളിയൂരപ്പനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ആറാട്ടുസദ്യയോടെയാണ് ഉത്സവത്തിന് സമാപനമായത്.

ഉത്സവകാലത്ത് രണ്ട് വേദികളിലായി പ്രമുഖ കലാകാരന്മാർ പങ്കെടുത്ത വിവിധ പരിപാടികളും അരങ്ങേറി. പുലർച്ചെ മുതൽ രാത്രി വൈകുംവരെ കലാപരിപാടികൾ നീണ്ടു. പ്രധാന വേദിയായ ഗണേശമണ്ഡപത്തിൽ ആറാട്ടുദിനം നൃത്തങ്ങളുടെ ദിനമായിരുന്നു. പ്രമുഖ കലാകാരന്മാർക്കൊപ്പം നിരവധി യുവകലാപ്രതിഭകൾക്കും അരങ്ങേറ്റത്തിനും കഴിവ് തെളിയിക്കാനും അവസരം ഒരുക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.

