ക്ഷേത്ര വാർത്തകൾ
ദര്‍ശന പുണ്യ ദിനങ്ങളിലേക്ക് മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവം. തിങ്കളാഴ്ച്ച വിനായക ചതുര്‍ഥി, ഗജപൂജ ആനയൂട്ട്

മള്ളിയൂരിലെ വിനായക ചതുര്‍ഥ മഹോത്സവം പരിപൂര്‍ണതയിലേക്ക്.മള്ളിയൂരിലെ വിനായക ചതുര്‍ഥ മഹോത്സവം പ്രധാന ദിനങ്ങളിലേക്കു കടക്കുന്നു. മേളപകലിന്റെ ഞായര്‍, വിനായക ചതുര്‍ഥിയുടെ തിങ്കള്‍. പഞ്ചവാദ്യം, ഇരട്ടത്തായമ്പക, പഞ്ചാരിമേളം, മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ ഈ ചതുര്‍ഥി മഹോത്സവത്തിന് നിറച്ചാര്‍ത്തേകും

ഞായറാഴ്ച പുലര്‍ച്ചെ 5ന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് ചോറ്റാനിക്കര വിജയന്‍ മാരാര്‍, ചേര്‍പ്പുളശ്ശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറും. തിമില, ഇലത്താളം, കൊമ്പ്, ഇടയ്ക്ക, മദ്ദളം എന്നിവയിലായി 42 കലാകാരന്മാര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം നടക്കും. വൈകുന്നേരം 5ന് ഇരട്ടത്തായമ്പകയും 7ന് ചെറിയ വിളക്കും നടക്കും. ദീപാരാധനയ്ക്കുശേഷം കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.

തിങ്കളാഴ്ചയാണ് മള്ളിയൂരിലെ വിനായക ചതുര്‍ഥി. ശ്രീഗണേശ സന്നിധിയില്‍ പുണ്യം പെയ്യുന്ന ദിനത്തില്‍ പുലര്‍ച്ചെ 4ന് നിര്‍മാല്യദര്‍ശനം നടക്കും. രാവിലെ 5.30ന് ഗണേശപ്രീതിക്കും ഐശ്വര്യത്തിനുമായി 10,008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം സമാരംഭിക്കും. പിന്നെ അഞ്ചുമണിക്കൂര്‍ ഹോമാഗ്നികുണ്ഠത്തില്‍ സര്‍വവിഘ്‌നങ്ങളും അകറ്റുന്നതിനു നിലയ്ക്കാത്ത മന്ത്രോച്ചാരണത്തോടെയുളള സമര്‍പ്പണം.

ഭാഗവതാചാര്യനും വേദജ്ഞനുമായ മണിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികനാകും. രാവിലെ 10.30ന് ഗജപൂജയും ആനയൂട്ടും നടക്കും. കേരളത്തിലെ തലയെടുപ്പുള്ള 12 ഗജപ്രമാണിമാര്‍ ആനയൂട്ടില്‍ പങ്കെടുക്കും.

രാവിലെ 11ന് മഹാഗണപതിഹോമ ദര്‍ശനം നടക്കും. ക്ഷേത്രാങ്കണത്തിലെ ഹോമകുണ്ഡത്തിനു മുന്നില്‍ ഭക്തര്‍ക്ക് വിഘ്‌നങ്ങള്‍ അകറ്റാന്‍ തൊഴുതു പ്രാര്‍ഥിക്കാം. തുടര്‍ന്ന് വലിയ ശ്രീബലി നടക്കും. പദ്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന മേള അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കും .ഗണേശമണ്ഡപത്തില്‍ പ്രശസ്ത നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരക്കച്ചേരിയും.അന്ന് വൈകിട്ട് നടക്കും.

Related Posts