
മള്ളിയൂര്‍ വിനായക ചതുര്‍ഥിമഹോത്സവത്തിന് നാളെ കൊടിയേറും; 14ന് ഗജപൂജ ആനയൂട്ട്. 10,008 നാളികേര അഷ്ടദ്രവ്യ മഹാഗണപതി ഹോമം
കോട്ടയം: വിഘ്‌നേശ്വരനായ മഹാഗണപതിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ഒഴുകിയെത്തുന്ന മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായകചതുര്‍ഥി മഹോത്സവത്തിന് നാളെ (ചൊവ്വ) കൊടിയേറും. എട്ടുനാൾ നീളുന്ന ഭക്തിസാന്ദ്രമായ ആഘോഷങ്ങൾക്ക് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 14ന് വിനായകചതുര്‍ഥി. 15ന് ആറാട്ടോടെ ഉത്സവ സമാപനവും നടക്കും.
വൈഷ്ണവ ഗണപതിയുടെ തിരുസന്നിധിയിലെ ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 10.30ന് കൊടിക്കൂറ പൂജയ്ക്കുശേഷം തൃക്കൊടിയേറ്റ് നടക്കും. രണ്ടാം ദിവസം മുതൽ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ശിവേലിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനവും ഉണ്ടായിരിക്കും. വൈകിട്ട് കൊടിപ്പുറത്ത് വിളക്ക് നടക്കും.
വിനായക ചതുര്‍ഥി ദിനമായ 14ന് മള്ളിയൂർ ഗജപൂജയുടെയും ആനയൂട്ടിന്റെയും പുണ്യവേദിയാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഗജവീരന്മാർ അണിനിരക്കും. രാവിലെ 5.30ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10,008 നാളികേരങ്ങൾ അഗ്നിശുദ്ധിയിൽ അർപ്പിക്കുന്ന മഹാഗണപതി ഹോമം ആരംഭിക്കും. അഷ്ടദ്രവ്യങ്ങളോടെ മന്ത്രോച്ചാരണപൂർവം നടക്കുന്ന മഹാഗണപതി ഹോമത്തിനുശേഷമാണ് ഗജപൂജയും ആനയൂട്ടും.
ശ്രീബലി എഴുന്നള്ളത്ത്, പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, കാഴ്ചശ്രീബലി, വലിയവിളക്ക്, വേലകളി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം എന്നിവ വിനായകചതുര്‍ഥി ദിനത്തിലെ പ്രധാന ആകർഷണങ്ങളാകും.
13ന് മള്ളിയൂരിൽ പഞ്ചവാദ്യ വിസ്മയം
സെപ്റ്റംബർ 13 ഞായറാഴ്ച മള്ളിയൂർ പഞ്ചവാദ്യത്തിന്റെ അപൂർവ മേളലയത്തിൽ ഉണരും. 42-ലേറെ കലാകാരന്മാർ അണിനിരന്ന് തിമില, മദ്ദളം, ഇലത്താളം, കൊമ്പ്, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളുടെ സമന്വയത്തിലൂടെ ഗണപതിക്ക് മേളവിരുന്നൊരുക്കും. ചോറ്റാനിക്കര വിജയൻ മാരാർ, മായന്നൂർ രാജു, ചെറുപ്പളശേരി ശിവൻ, ചോറ്റാനിക്കര സുരേന്ദ്രൻ മാരാർ, മിട്ട്ന രാധാകൃഷ്ണൻ, മുണ്ടത്തിക്കോട് സന്തോഷ്, വരവൂർ മണികണ്ഠൻ, തിരുവില്വാമല ഹരി, കാവിൽ അജയൻ മാരാർ തുടങ്ങിയ പ്രമുഖ മേളകലാകാരന്മാർ പങ്കെടുക്കും.
ഭക്തിയുടെ കലാസന്ധ്യകള്‍
സെപ്റ്റംബർ 9 മുതൽ 13 വരെ നിർമാല്യദർശനം, ഉഷഃപൂജ, ഗണപതിഹോമം, ശ്രീബലി എഴുന്നള്ളത്ത്, വിശേഷാൽ അഭിഷേകം, ഉത്സവബലി, ദീപാരാധന, വിളക്ക് എഴുന്നള്ളത്ത് തുടങ്ങിയ ക്ഷേത്രചടങ്ങുകൾ നടക്കും. ഭക്തിഗാനസന്ധ്യ, ഇരട്ടക്കേളി, ഇരട്ടത്തായമ്പക, കഥകളി, സംഗീതസന്ധ്യ, കർണാടക സംഗീതക്കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
സെപ്റ്റംബർ 11ന് പിന്നണിഗായകൻ കെ. എസ്. ഹരിശങ്കറിന്റെ ഭക്തിഗാനസന്ധ്യയും 12ന് പ്രമുഖ കർണാടക സംഗീതജ്ഞൻ ടി. എം. കൃഷ്ണയുടെ സംഗീതസദസ്സും നടക്കും. വിനായകദിനത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നർത്തകരും നൃത്തസംഘങ്ങളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
സെപ്റ്റംബർ 15ന് ആറാട്ടോടെ ഉത്സവം പരിസമാപിക്കും.
വിനായക ചതുര്‍ഥി ദിനത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തർ മളളിയൂരിലെത്തും. ഉത്സവത്തോടനുബന്ധിച്ചുള്ള വഴിപാടുകൾ, പൂജകൾ, അന്നദാനം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് ക്ഷേത്രം ഓഫീസ് സമീപിക്കാം : 6282671793 , 8590966606

