
മള്ളിയൂരപ്പന്റെ തിരുനാള്‍, മേളപെരുമയില്‍ പൂരപൊലിമയില്‍ പൂത്തുലഞ്ഞ് മള്ളിയൂര്‍
കോട്ടയം: ഗണേശഭഗവാന്റെ തിരുനാളിലേക്ക്് മള്ളിയൂര്‍ ഉണരുകയായി.ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥി നാളിൽ ആചാരത്തനിമയും പാരമ്പര്യനിഷ്ഠയും കാത്തുസൂക്ഷിച്ച് മള്ളിയൂർ വിനായകചതുര്‍ഥി സെപ്റ്റംബര്‍ 14ന് ആഘോഷിക്കും. ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ടയും 14ന് നടക്കും.
പുലർച്ചെ നാലിന് നിർമാല്യദർശനത്തോടെ വിനായകചതുര്‍ഥി ചടങ്ങുകൾക്ക് തുടക്കമാകും. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ആത്മീയ സാന്നിധ്യത്താൽ പവിത്രമായ സന്നിധിയിൽ ഉപാസനാമൂർത്തിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിലൊന്നായ മഹാഗണപതി ഹോമം പ്രധാന ചടങ്ങായി നടക്കും. ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ അഗ്നികുണ്ഡത്തിൽ അനുഷ്ഠാനക്രമവും ആചാരനിഷ്ഠയും അണുവിട ചോരാതെ ചടങ്ങുകൾ..
പുലർച്ചെ 5.30 മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഹോമാഗ്നി ജ്വലിപ്പിക്കും. ഐശ്വര്യവും സമൃദ്ധിയും സുഖവും സന്തോഷവും ലഭിക്കണമെന്ന പ്രാർഥനയോടെ മന്ത്രോച്ചാരണങ്ങൾക്കിടയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിക്കും. ഭഗവത് പ്രീതിയ്ക്കായി 10,008 നാളികേരങ്ങൾ സമർപ്പിക്കും. മധുരപദാർഥങ്ങൾ, ധാന്യങ്ങൾ, ഫലങ്ങൾ എന്നിവയുൾപ്പെടുന്ന എട്ടു ദ്രവ്യങ്ങളാണ് ഹോമകുണ്ഡത്തിൽ അർപ്പിക്കുക. വിഘ്നങ്ങൾ അകറ്റി വിജയം നേടാൻ അനുഗ്രഹിക്കണമെന്ന പ്രാർഥനയോടെ വ്രതനിഷ്ഠയോടെ ഭക്തരും ഹോമത്തിൽ പങ്കുചേരും. ഹോമപൂർത്തീകരണത്തെ തുടർന്നുള്ള പ്രത്യേക ദർശനം രാവിലെ 11ന്.
ഗജമുഖനെ പ്രണമിക്കാൻ 13 ഗജവീരന്മാർ
മള്ളിയൂരിന്റെ മണ്ണിൽ ഗജവീരന്മാരുടെ സംഗമം കൂടിയാണ്. മള്ളിയൂരപ്പന്റെ തിരുനാളിൽ ഗജമുഖനെ പ്രണമിക്കാനും പ്രസിദ്ധമായ ഗജപൂജയ്ക്കും ആനയൂട്ടിനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 13 ഗജപ്രമാണിമാർ എത്തും. തലയെടുപ്പിന്റെ തമ്പുരാക്കന്മാരായ പ പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ തുടങ്ങിയ ഗജകേസരികൾ ഉത്സവപ്പറമ്പിന് പൂരപ്രൗഢി പകരും.
ഗജപൂജയ്ക്കെത്തുന്ന ആനകൾ: പാമ്പാടി രാജൻ
ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, ഗുരുവായൂർ ബൽറാം, തിരുവാണിക്കാവ് രാജഗോപാൽ, പാമ്പാടി സുന്ദരൻ, കാളിയാർമഠം ശേഖരൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, കുളമാക്കിൽ പാർഥസാരഥി, മച്ചാട് ശ്രീഅയ്യപ്പൻ, പരിമണം വിഷ്ണു, വാഴപ്പിള്ളി മഹാദേവൻ, ചുരൂർമഠം രാജശേഖരൻ, മഹാലക്ഷ്മി കുട്ടികൃഷ്ണൻ.
പെരുവനവും മട്ടന്നൂരും ; മേളപ്പെരുമയുടെപൂരപൊലിമയുടെദിനം
ലോകപ്രശസ്ത മേളപ്രമാണിമാരുടെ സംഗമദിനം കൂടിയാണ് വിനായകചതുര്‍ഥി. മലയാളക്കരയുടെ മേളസാരഥികളായ പെരുവനം കുട്ടൻമാരാരും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മള്ളിയൂരിൽ വിസ്മയം തീർക്കും.
ഗജപൂജയും ആനയൂട്ടും നടക്കുമ്പോൾ ക്ഷേത്രത്തിൽ വലിയ ശ്രീബലി അരങ്ങേറും. പഞ്ചാരിമേളത്തിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 120ഓളം കലാകാരന്മാർ അണിനിരക്കും. താളവും മേളവും സംഗമിക്കുന്ന പൂരപ്രൗഢിയിൽ മള്ളിയൂരിന്റെ ഉത്സവവേദി മുഖരിതമാകും.
വൈകുന്നേരം പള്ളിവേട്ട എഴുന്നള്ളിപ്പിന് മുന്നോടിയായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 120ലധികം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം . കേരളത്തിന്റെ തനത് മേളപ്പെരുമ പൂത്തുലയുന്ന സന്ധ്യയ്ക്കുശേഷം പള്ളിവേട്ട എഴുന്നള്ളിപ്പ്.
പ്രമുഖ നാഗസ്വര വിദ്വാൻമാരായ മൈലായ് കാർത്തികേയനും കോലേരി വിനോദ്കുമാറും കാഴ്ചശ്രീബലിക്ക് നാദപ്രപഞ്ചം തീർക്കും. പ്രത്യേക തവിൽവാദ്യത്തിൽ വെളിയാംപക്കം ഗണപതി, തിടനാട് അനു വേണുഗോപാൽ എന്നിവർ അണിനിരക്കും.
തൃശൂർ പൂരത്തിന്റെ കുടമാറ്റച്ചന്തം മള്ളിയൂരിലും
വൈകുന്നേരം കുടകളുടെ വർണവിസ്മയം തീർക്കുന്ന കുടമാറ്റവുംഅരങ്ങേറും. പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ച മള്ളിയൂരിന്റെ ആകാശത്ത് വിരിയും. ഗജപൂജ, ആനയൂട്ട്, വലിയ ശ്രീബലി, പഞ്ചാരിമേളം, പാണ്ടിമേളം, പള്ളിവേട്ട, നാഗസ്വരമേളം, കുടമാറ്റം എന്നിവയോടെ മള്ളിയൂർ ഭക്തിയുടെയും ആചാരത്തിന്റെയും കലാവിസ്മയത്തിന്റെയും സംഗമവേദിയാകും.

