
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സമാധി ദിനാചരണം ഓഗസ്റ്റ് 2, ഞായറാഴ്ച
കോട്ടയം : ഭഗവാനും ശ്രീമദ് ഭാഗവത പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സമാധി ദിനാചരണം ഓഗസ്റ്റ് 2, ഞായറാഴ്ച നടക്കും. 2011 ആഗസ്റ്റ് 2-നാണ് അദ്ദേഹം സമാധിലീനനായത്. കുറുപ്പന്തറയിലെ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രസന്നിധിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രത്യേക പൂജകൾ, പ്രാർഥനകൾ, നാമജപം, ശ്രീമദ് ഭാഗവത പാരായണം എന്നിവ നടക്കും. ഭാഗവതാചാര്യൻ പരമപദം പൂകിയ ദിനത്തിൽ, ഭക്തന്റെ സമർപ്പണമായി 1008 നാളികേര മഹാവഴിപാടും ഭഗവത് സന്നിധിയിൽ നടത്തും.
2,500-ലധികം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞങ്ങൾക്ക് നേതൃത്വം നൽകിയ മള്ളിയൂർ ശങ്കരൻ നമ്പൂതിരി, ഭാഗവത സന്ദേശം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരിലേക്ക് എത്തിച്ച ആത്മീയ ആചാര്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതസന്ദേശമായ ഭക്തിയും ഭാഗവതധർമ്മവും പ്രചരിപ്പിക്കുകയാണ് സമാധി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.

