ക്ഷേത്ര വാർത്തകൾ
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഭക്തജന തിരക്കേറുന്നു

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവബലി ദർശനത്തിന് ഭക്തജനത്തിരക്കേറുന്നു. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ ആരംഭിച്ച ഉത്സവബലി തൊഴാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.

വ്യാഴാഴ്ച നടന്ന ഉത്സവബലിക്ക് തന്ത്രി മനയത്താറ്റില്ലത്ത് നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

പുലർച്ചെ നടതുറക്കുമ്പോഴുള്ള നിർമ്മാല്യദർശനം മുതൽ വൈകിട്ട് നടയടയ്ക്കുന്നതുവരെ വിവിധ പൂജകളിലും ഭക്തജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

ദർശനത്തിനൊപ്പം മേളം ആസ്വദിക്കാനും നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്. ബുധനാഴ്ച രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ഇരട്ടക്കേളി ആസ്വദിക്കാൻ ഭക്തരുടെ വലിയ നിരതന്നെയുണ്ടായിരുന്നു. താളം പിടിച്ചും ആർപ്പുവിളികളോടെയും ഭക്തർ മേളത്തിന് ആവേശം പകർന്നു.

കലാമണ്ഡലം ശങ്കരവാര്യർ, ഏലൂർ അരുൺദേവ് വാര്യർ, കലാമണ്ഡലം ബലരാമൻ, മട്ടന്നൂർ ഉദയൻ നമ്പൂതിരി എന്നിവർ ഇരട്ടക്കേളിക്ക് നേതൃത്വം നൽകി.

Related Posts