ക്ഷേത്ര വാർത്തകൾ
ഭക്തിയുടെ നിറവിൽ മള്ളിയൂർ ഉത്സവത്തിന്റെ രണ്ടാം ദിനം; ഉത്സവ ബലിദർശനത്തിന് തുടക്കം

കോട്ടയം: മന്ത്രധ്വനികളും ഭക്തിസാന്ദ്രമായ അന്തരീക്ഷവും നിറഞ്ഞ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടാം ദിനം വിശ്വാസവും പാരമ്പര്യവും ഒത്തുചേരുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായി. നിരവധി ഭക്തരാണ് വിവിധ ചടങ്ങുകളിലും ഉത്സവബലി ദർശനത്തിനുമായി ക്ഷേത്രസന്നിധിയിലെത്തിയത്.

ആനപ്പുറത്ത് പരമ്പരാഗത രീതിയിൽ നടന്ന ശിവേലിയായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന ആകർഷണം. കാളിയാർമഠം ശേഖരൻ തിരുമള്ളിയൂരപ്പന്റെ തിടമ്പേറ്റി.

ആനപ്പുറത്തേറിയ തിരുമള്ളിയൂരപ്പന്റെ തിടമ്പും വാദ്യമേള അകമ്പടിയും ഭക്തിനിർഭരമായ അന്തരീക്ഷവും ചേർന്ന ഉത്സവബലി രണ്ടാം ദിനത്തിന് അപൂർവ്വ ശോഭ പകർന്നു.

കാളിയാർമഠം ശേഖരൻ തിരുമള്ളിയൂരപ്പന്റെ തിടമ്പേറ്റി. മള്ളിയൂരപ്പന് വഴിപാടായി സമർപ്പിച്ച മനോഹരമായ നെറ്റിപ്പട്ടവും പ്രത്യേകമായി ഒരുക്കിയ കുടയും അണിഞ്ഞായിരുന്നു എഴുന്നള്ളിപ്പ്. ശിവേലി ദർശിക്കാൻ ക്ഷേത്രസന്നിധിയിൽ അനവധി ഭക്തരെത്തി.

ഇരിങ്ങാലക്കുട സ്വദേശി തൊട്ടപ്പിള്ളി വേണുഗോപാൽ മേനോനാണ് മഹാഗണപതിക്ക് ഈ ചമയങ്ങൾ വഴിപാടായി സമർപ്പിച്ചത്. എഴുന്നള്ളിപ്പാനകൾക്ക് ഉപയോഗിക്കുന്ന പരമ്പരാഗത ‘ചൂരപ്പൊളി’ തലേക്കെട്ടും, വൈഷ്ണവ ഗണപതിക്ക് പ്രത്യേകം ഒരുക്കിയ മൂഷികന്റെയും മയിൽപ്പീലിയുടെ ആലേഖനങ്ങളുള്ള കുടയുമാണ് അദ്ദേഹം സമർപ്പിച്ചത്.

വിശേഷാൽ നവകം, പഞ്ചഗവ്യാഭിഷേകം, ഗണപതി ഹോമം, മുളപ്പൂജ എന്നിവയും രണ്ടാം ദിനത്തിലെ ഉത്സവചടങ്ങുകളുടെ ഭാഗമായി നടന്നു.

കഥകളി രാവുകൾക്ക് വ്യാഴാഴ്ച തുടക്കം

മൂന്നാം ഉത്സവദിനമായ വ്യാഴാഴ്ച ഗണേശമണ്ഡപത്തിൽ കഥകളി രാവുകൾക്ക് തുടക്കമാകും. രാത്രി ഏഴിന് ദുര്യോധനവധം കഥകളി അരങ്ങേറും. കോട്ടയ്ക്കലിലെ പി.എസ്.വി. നാട്യസംഘമാണ് അവതരണം നടത്തുന്നത്.

108 കലാകാരികളുടെ ചുവടുകളിൽ ഭക്തിസാന്ദ്രമായി മള്ളിയൂർ തിരുസന്നിധി; മെഗാ തിരുവാതിര അരങ്ങേറി

ഉത്സവത്തിന്റെ രണ്ടാം ദിനത്തിൽ മള്ളിയൂർ ക്ഷേത്രസന്നിധിയിൽ അത്യാകർഷകമായി മെഗാ തിരുവാതിര അരങ്ങേറി. കോട്ടയത്തെ താളം തിരുവാതിര കൂട്ടായ്മയുടെ നേതൃത്വത്തിൽ 108 കലാകാരികളാണ് തിരുവാതിരയിൽ അണിനിരന്നത്.ഒരുമണിക്കൂറോളം നീണ്ടുനിന്ന അവതരണത്തിൽ താളത്തിനൊത്ത് ചുവടുവച്ച് കലാകാരികൾ തിരുസന്നിധിയെ ഭക്തിസാന്ദ്രമാക്കി.

പരമ്പരാഗത വേഷവിധാനത്തിൽ ഒരേ താളത്തിലും ചുവടുകളിലും 108 കലാകാരികൾ അണിനിരന്നപ്പോൾ തിരുവാതിര ഭക്തിയുടെയും കലാസൗന്ദര്യത്തിന്റെയും അപൂർവ സംഗമമായി മാറി.

Related Posts