ക്ഷേത്രായനം
ഈ വഴിപാടുകൾ ചെയ്തു നോക്കൂ, ഫലം ഉറപ്പ്!

ക്ഷേത്രത്തിൽ പോകുമ്പോൾ ഏതു വഴിപാട് കഴിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നിരവധി സംശയങ്ങളാണ്. ചില വഴിപാടുകൾ ക്ഷേത്രത്തിലെ ദേവനെയോ ദേവിയെയോ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാൽ പൊതുവായി ചില വഴിപാടുകൾ ഉണ്ട്. അവയുടെ ഫലം അറിഞ്ഞ് വഴിപാട് കഴിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കും. ദേവന്/ ദേവിക്ക് ഏറ്റവും വില കൂടിയ വഴിപാട് കഴിച്ചാൽ മാത്രമേ പ്രീതി ലഭിക്കൂ എന്ന ധാരണ തെറ്റാണ്. വഴിപാടുകളൊന്നും കഴിക്കാൻ ശേഷിയില്ലെങ്കിൽ ഒരു നാണയമോ പുഷ്പമോ സമർപ്പിക്കാം. മനസ്സറിഞ്ഞു സമർപ്പിക്കുന്ന എന്തും ഭഗവാന് പ്രിയങ്കരമാണ്.

വഴിപാടുകളും അവയുടെ ഗുണങ്ങളും

ഓരോ വഴിപാടുകൾക്കും ഓരോ ഗുണങ്ങളാണ്. ക്ഷേത്രങ്ങളിൽ സാധാരണയായി നടത്താറുള്ള വഴിപാടുകളും അവയുടെ ഗുണങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

വിളക്ക്

ദുഃഖനിവാരണത്തിനായാണ് വിളക്ക് കൊളുത്തുന്നത്. എണ്ണ, നെയ്യ് എന്നിവ നിറച്ച വിളക്കുകൾ കത്തിക്കാം. എണ്ണയോ നെയ്യോ കത്തി തീരുന്നതിനൊപ്പം സങ്കടങ്ങളും എരിഞ്ഞു തീരും എന്നാണ് സങ്കൽപം. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നെയ്‌വിളക്ക് വളരെ പ്രധാനമാണ്.

പിൻ വിളക്ക്

പിൻ വിളക്ക് കൊളുത്തുന്നത് മംഗല്യസിദ്ധിക്കായാണ്. ശിവക്ഷേത്രങ്ങളിലാണ് പിൻവിളക്കിന് പ്രാധാന്യം. പിൻവിളക്ക് പാർവതിദേവിയുടെ സാന്നിധ്യമായാണ് കണക്കാക്കുന്നത്. മംഗല്യദോഷങ്ങൾ തീർക്കുന്നതിനും ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശിവക്ഷേത്രങ്ങളിൽ പിൻവിളക്ക് കത്തിക്കുന്നത് ഗുണം ചെയ്യും. പ്രണയസാഫല്യത്തിനും പ്രണയം വിവാഹത്തിൽ എത്തുന്നതിനും പിൻവിളക്ക് കത്തിക്കുന്നത് വളരെ നല്ലതാണ്.

കെടാവിളക്ക്

മഹാക്ഷേത്രങ്ങളിലാണ് കെടാവിളക്ക് കണ്ടുവരുന്നത്. ക്ഷേത്ര ചൈതന്യത്തെ നിലനിർത്തുന്നതിൽ കെടാവിളക്കിന് വലിയ പ്രാധാന്യം ഉണ്ട്. കെടാവിളക്കിൽ എണ്ണ പകരുന്നത് രോഗശാന്തിക്ക് ഉത്തമമാണ്.

ചുറ്റുവിളക്ക്

ദേവീക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ് ചുറ്റുവിളക്ക്. നയനാന്ദകരമായ ഒരു കാഴ്ച് കൂടിയാണ് ചുറ്റുവിളക്ക്. ക്ഷേത്രത്തിലെ നാലമ്പലത്തിനു ചുറ്റുമുള്ള വിളക്കുകൾ കുടുംബാംഗങ്ങളെല്ലാം കൂടി കത്തിച്ച് മനഃശ്ശാന്തിക്കും പാപവിമോചനത്തിനും യശസ്സിനും വേണ്ടി പ്രാർത്ഥിച്ചാൽ ഫലം ചെയ്യും എന്നാണ് വിശ്വാസം.

നാരങ്ങാ വിളക്ക്

രാഹുദോഷ നിവാരണത്തിനായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ദേവീക്ഷേത്രങ്ങളിലാണ് നാരങ്ങാവിളക്ക് സമർപ്പിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാഹുകാലത്താണ് നാരങ്ങാവിളക്ക് കത്തിക്കേണ്ടത്. നെയ്യോ നല്ലെണ്ണയോ ഉപയോഗിച്ച് വിളക്ക് കൊളുത്താം. വിളക്കിന്റെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം.

മാല

മനസ്സുഖം ലഭിക്കുന്നതിനായാണ് മാല വഴിപാട് കഴിക്കുന്നത്. വിളക്ക്, മാല എന്നിവ ഒരുമിച്ചു സമർപ്പിക്കുന്നതും ഗുണം ചെയ്യും.

കൂവളമാല

ശിവഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് കൂവളത്തിന്റെ ഇല. ശിവഭഗവാന് പൂജയ്ക്ക് സമർപ്പിക്കുന്നവയിൽ പ്രധാനമാണ് കൂവളം. കൂവളമാല ഭഗവാന് സമർപ്പിക്കുന്നത് പാപമോചനത്തിന് നല്ലതാണ്.

നിറമാല

ദേവീക്ഷേത്രങ്ങളിലെ പ്രധാനവഴിപാടാണ് നിറമാല. ദേവിക്ക് പ്രത്യേക നിവേദ്യങ്ങൾ സമർപ്പിച്ചുകൊണ്ടുള്ള ഈ വഴിപാട് കുടുംബാംഗങ്ങൾ ഒരുമിച്ചു ചെയ്യുന്നത് അഭീഷ്ടസിദ്ധിക്കും കുടുംബൈശ്വര്യത്തിനും പ്രധാനമാണ്.

ഗണപതി ഹോമം

വിഘ്നവിനാശകനാണ് ഗണപതി ഭഗവാൻ. ഏതു വിഘ്‌നത്തെയും തടയുവാനുള്ള ശക്തിയുണ്ട് ഗണപതി ഭഗവാന്. ഗണപതിക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഗണപതിഹോമം. ഏതു ശുഭകാര്യത്തിനു മുൻപും ഗണപതി ഹോമം നടത്തുന്നത് തടസ്സങ്ങൾ നീക്കുവാൻ നല്ലതാണ്.

ആയില്യപൂജ

നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലാണ് ആയില്യപൂജ നടത്തുന്നത്. സർപ്പപ്രീതിക്കായും സർപ്പദോഷങ്ങൾ തീർക്കുന്നതിനായും ആയില്യപൂജ നടത്താം. ആയില്യംനാൾ തോറും ആണ് പൂജ നടത്തേണ്ടത്. കന്നിമാസത്തിലെ ആയില്യം വളരെ പ്രധാനമാണ്.

പായസം വഴിപാട്

ക്ഷേത്രങ്ങളിൽ വഴിപാടായി പായസം കഴിക്കുന്നത് ധനധാന്യ വർദ്ധനവിന് വേണ്ടിയാണ്. കഠിനപായസം, പാൽപായസം എന്നിങ്ങനെ വ്യത്യസ്ത തരം പായസങ്ങൾ ഉണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പാൽപായസത്തിനാണ് പ്രാധാന്യം.

നീരാജനം

ശനിദോഷനിവാരണത്തിനായാണ് നീരാജനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലും ശനീശ്വരക്ഷേത്രങ്ങളിലും ഇത് നടത്താവുന്നതാണ്. ശനിദോഷത്താൽ കഷ്ടപ്പെടുന്നവർക്ക് ഈ വഴിപാട് നടത്തിയാൽ ദോഷം ശമിക്കും.

 

 

Related Posts