സ്പെഷ്യല്‍
മഹാശിവരാത്രി 2026: വ്രതം നോക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

ഹൈന്ദവ വിശ്വാസപ്രകാരം അതീവ പ്രാധാന്യമുള്ള പുണ്യദിനമാണ് മഹാശിവരാത്രി. ഭക്തര്‍ കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ പരമശിവനെ ആരാധിക്കുന്നു. 2026 ഫെബ്രുവരി 15-നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

ആദ്യമായി വ്രതം നോക്കുന്നവര്‍ക്കും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തവര്‍ക്കും വേണ്ടിയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍

ശിവരാത്രി വ്രതമെടുക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താനും ശിവപ്രീതി നേടാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. മാനസികമായും ശാരീരികമായും തയ്യാറെടുക്കുക

വ്രതം തുടങ്ങുന്നതിന് മുന്‍പ് ദൃഢമായ ഒരു സങ്കല്‍പ്പം എടുക്കുക. മനസ്സിനെയും ശരീരത്തെയും വ്രതത്തിനായി പാകപ്പെടുത്തുക. ധ്യാനം, യോഗ തുടങ്ങിയ ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ആഹാരം കുറച്ച് ശരീരത്തെ തയ്യാറാക്കുകയും ചെയ്യുക.

2. വ്രതരീതി തിരഞ്ഞെടുക്കുക

നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഏത് തരം വ്രതമാണ് വേണ്ടതെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. നിര്‍ജ്ജല വ്രതം (വെള്ളം പോലും കുടിക്കാത്തത്), ഫലാഹാര വ്രതം (പഴങ്ങള്‍ മാത്രം കഴിക്കുന്നത്), അല്ലെങ്കില്‍ ഭാഗികമായ വ്രതം എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കാം.

3. ജലാംശം നിലനിര്‍ത്തുക

നിര്‍ജ്ജല വ്രതമല്ല എടുക്കുന്നതെങ്കില്‍, ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് വ്രതസമയത്ത് ക്ഷീണം അനുഭവപ്പെടാതിരിക്കാനും ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.

4. ബ്രഹ്‌മചര്യം പാലിക്കുക

വ്രതസമയത്ത് ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂര്‍ണ്ണ ശുദ്ധി പാലിക്കേണ്ടത് അനിവാര്യമാണ്.

5. മന്ത്രങ്ങള്‍ ജപിക്കുക

ശിവപ്രീതിക്കായി ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുക. ‘ഓം നമ: ശിവായ’ (പഞ്ചാക്ഷരി മന്ത്രം), ‘മഹാമൃത്യുഞ്ജയ മന്ത്രം’ എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.

6. ക്ഷേത്ര ദര്‍ശനം

ശിവക്ഷേത്രദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതിനും ഈ ദിവസം വളരെ നല്ലതാണ്.

7. പാരണ സമയത്ത് വ്രതം അവസാനിപ്പിക്കുക

പഞ്ചാംഗം നോക്കി കൃത്യമായ ‘പാരണ’ സമയത്ത് വേണം വ്രതം മുറിക്കാന്‍. ഇത് വ്രതത്തിന്റെ പൂര്‍ണ്ണഫലം ലഭിക്കാന്‍ സഹായിക്കും.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

വ്രതത്തിന്റെ പരിശുദ്ധി കളങ്കപ്പെടാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക:

1. കഠിനമായ ജോലികള്‍ അരുത്

വ്രതസമയത്ത് കഠിനമായ ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. ഇത് ക്ഷീണത്തിന് കാരണമാകും. പകരം ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. നെഗറ്റീവ് ചിന്തകള്‍ പാടില്ല

ശിവരാത്രി ദിനം പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാനുള്ള സമയമാണ്. അതിനാല്‍ നിഷേധാത്മകമായ ചിന്തകളും പ്രവര്‍ത്തികളും ഒഴിവാക്കി മനസ്സ് ശാന്തമാക്കി വയ്ക്കുക.

3. താമസിക ആഹാരങ്ങളും ശീലങ്ങളും ഉപേക്ഷിക്കുക

മദ്യം, ലഹരിവസ്തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക. ഉള്ളി, വെളുത്തുള്ളി, മാംസാഹാരം തുടങ്ങിയ താമസിക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്.

4. രാത്രി ഉറങ്ങരുത്

ശിവരാത്രി നാളില്‍ രാത്രി ഉറങ്ങാതെ (ജാഗരണം) ശിവനാമം ജപിച്ചും ധ്യാനിച്ചും കഴിച്ചുകൂട്ടുന്നതാണ് ഉത്തമം.

5. ദേഷ്യം നിയന്ത്രിക്കുക

അഹങ്കാരം, ദേഷ്യം, അസൂയ, അത്യാഗ്രഹം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുക. മറ്റുള്ളവരോട് മോശമായി പെരുമാറരുത്.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഭക്തിപൂര്‍വ്വം വ്രതം അനുഷ്ഠിക്കുന്നത് പരമശിവന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങളെ സഹായിക്കും.

Related Posts