ക്ഷേത്ര വാർത്തകൾ
നാളെ കുറിച്ചിത്താനം പൂത്തൃക്കോവിലില്‍ ഏകാദശി തൊഴല്‍ അതിവിശേഷം

കുറിച്ചിത്താനം (കോട്ടയം): ഗുരുവായൂര്‍ ഏകാദശിയുടെ പുണ്യം തേടി നാളെ (2026 നവംബര്‍ 21, ശനിയാഴ്ച) ആയിരക്കണക്കിന് ഭക്തര്‍ കുറിച്ചിത്താനം പൂത്തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തും. മധ്യകേരളത്തില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറസാന്നിധ്യമായ ഈ ക്ഷേത്രത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായാണ് ഭഗവാന്‍ കുടികൊള്ളുന്നത്.

എന്തുകൊണ്ട് ഇവിടെ ഏകാദശി തൊഴല്‍ വിശേഷം?

‘ഗുരുശ്രീസ്ഥാനം’ എന്ന വാക്കില്‍ നിന്നാണ് ‘കുറിച്ചിത്താനം’ എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് വിശ്വാസം. ഭക്തശിരോമണിയായ വില്വമംഗലം സ്വാമിയാരാണ് ഇവിടെ ഭഗവാന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചതെന്ന ഐതിഹ്യം ക്ഷേത്രത്തിന്റെ പവിത്രതയും മാഹാത്മ്യവും വിളിച്ചോതുന്നു.

കഴിഞ്ഞ 148 വര്‍ഷമായി ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ അതേ നാളില്‍ തന്നെയാണ് ഇവിടെയും ഏകാദശി വിളക്ക് ആചരിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്രം ‘ദക്ഷിണ ഗുരുവായൂര്‍’ എന്ന് അറിയപ്പെടുന്നത്. ഏകാദശി ദിനത്തില്‍ ഗുരുവായൂരിലെത്തി കണ്ണനെ തൊഴാന്‍ കഴിയാത്ത ഭക്തര്‍ ആ കുറവ് നികത്താന്‍ ഇവിടെയെത്തി ദര്‍ശനം നടത്തുന്നു.

ഇന്നത്തെ (നാളത്തെ) ചടങ്ങുകള്‍

രാവിലെ

4.00: നിര്‍മ്മാല്യദര്‍ശനം
4.15: സമൂഹശയന പ്രദക്ഷിണം
4.30: ഉത്സവച്ചടങ്ങുകള്‍
7.30: നവകാഭിഷേകം
6.00: ഏകാദശിപായസ നിവേദ്യം. തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ അനില്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു. സമര്‍പ്പണം: സഞ്ജയ് സിംഗ്, ന്യൂഡല്‍ഹി
8.30: ശ്രീബലി, ഏകാദശി പഞ്ചവാദ്യത്തോടെ. ശ്രീ. അയിലൂര്‍ അനന്തനാരായണ ശര്‍മ്മയുടെ (സ്വാമിക്കുട്ടി) പ്രമാണത്തില്‍ അങ്ങാടിപ്പുറം ദേവന്‍ മാരാരും ഉദയനാപുരം ഹരിയും ഉള്‍പ്പെടെ 51-ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു.
11.00: പഞ്ചാരിമേളം. പൂത്തൃക്കോവില്‍ വാദ്യരത്‌ന അവാര്‍ഡ് ജേതാവ് ശ്രീ. തിരുമറയൂര്‍ ഗിരിജന്‍മാരാരും സംഘവും

ഉച്ചയ്ക്ക്

12.30: മഹാഏകാദശി ഊട്ട്

വൈകിട്ട്

5.00: കാഴ്ചശ്രീബലി, പൂത്തൃക്കോവില്‍ പഞ്ചാരി മേജര്‍സെറ്റ് പഞ്ചാരിമേളത്തോടെ. മേളകലാനിധി ശ്രീ. പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ പെരുവനം ശിവന്‍മാരാര്‍ ഉള്‍പ്പെടെ 101 തീപരം കലാകാരന്മാര്‍ പങ്കെടുക്കുന്നു.
8.00: കലാവേദിയില്‍ നൃത്തസംഗീതനാടകം ‘ശ്രീമഹാമൃത്യുഞ്ജയന്‍’. അവതരണം: ചങ്ങനാശ്ശേരി ഹരിലക്ഷ്മി

രാത്രി

11.00: പള്ളിവേട്ട, തുടര്‍ന്ന് തിരുഏകാദശിവിളക്ക്
പള്ളിവേട്ടയും പള്ളിക്കുറുപ്പും

വൈകിട്ടത്തെ ശ്രീബലിക്കു ശേഷമുള്ള ഏകാദശി വിളക്ക് തൊഴാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് പതിവ്. നാല് പ്രദക്ഷിണങ്ങള്‍ക്കു ശേഷം പ്രസിദ്ധമായ പള്ളിവേട്ടയ്ക്കായി ഭഗവാനെ മൈതാനത്തേക്ക് എഴുന്നള്ളിക്കുന്ന കാഴ്ച അതിമനോഹരമാണ്. പള്ളിവേട്ട കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണവും പൂര്‍ത്തിയാക്കിയാണ് ഭഗവാന്‍ ശ്രീകോവിലിലേക്ക് മടങ്ങുന്നത്.

തുടര്‍ന്ന് ആലവട്ടം, വെഞ്ചാമരം, മുളപൂജയുടെ മുളകള്‍ എന്നിവകൊണ്ട് അലങ്കരിച്ച മുഖമണ്ഡപത്തിലെ പട്ടുമെത്തയില്‍ ഭഗവാന്റെ ‘പള്ളിക്കുറുപ്പോടെ’ ഏകാദശി വിളക്ക് ചടങ്ങുകള്‍ക്ക് സമാപ്തിയാകും.

ഏകാദശി വിളക്ക് വഴിപാട്

ഭക്തര്‍ക്ക് പേരും നക്ഷത്രവും നല്‍കി ‘ഏകാദശി വിളക്ക് വഴിപാട്’ നടത്താവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94007 62152

Related Posts