കുംഭഭരണി; വെട്ടിക്കാവിലെ ഗുരുതി അതിവിശേഷം, ബുക്കിംഗ് ആരംഭിച്ചു
ആശ്രിത വത്സലയും അഭീഷട വരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള വേദക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം അശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയ സങ്കേതമാണ്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രമാണിത്. ആഗ്രഹ സാഫല്യത്തിനും ജീവിത വിജയത്തിനും വെട്ടിക്കാവ് ഭഗവതിയെ പ്രീതിപ്പെടുത്തിയാല്‍ മതി എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്. എന്നാല്‍, മഹിഷാസുരന്റെ തലയില്‍ ചവുട്ടി നിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഉഗ്ര കോപിയുടേതല്ല. മറിച്ച് ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണത്.
ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുംഭഭരണി തിരുന്നാള്‍ ഫെബ്രുവരി 15 വ്യാഴാഴ്ച നടക്കും. രാവിലെ വിശേഷാല്‍പൂജകളും ദേവീമാഹാത്മ്യപാരായണവും നടക്കും. തുടര്‍ന്ന് ഭരണിയൂട്ട്. വൈകിട്ട് ഗുരിതിയും നടക്കും.
ഇവിടുത്തെ ഗുരുതി വളരെ പ്രശസ്തമായ ഒരു വഴിപാടാണ്. എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റാനായി സഹായിക്കുന്ന വഴിപാടാണ് ഗുരുതി. കാര്യസിദ്ധിക്കായി നടത്തുന്ന ഗുരുതി പ്രസിദ്ധമാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധര്‍മ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകലാന്‍ ഇവിടുത്തെ ഗുരുതി വഴിപാടിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. രോഗങ്ങളില്‍ നിന്ന് മുക്തി നേടാനായും അനവധി ആളുകള്‍ ഗുരുതി വഴിപാട് നടത്തിപ്പോരുന്നു. വേദഭൂമിയായ വെട്ടിക്കാവില്‍ മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുളള ഭഗവതിക്കുമുന്നില്‍ നടക്കുന്ന ഗുരുതി അതിവിശേഷമാണ്.
ഗുരുതിയുടെ മഹാത്മ്യം അറിഞ്ഞ് ദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശത്രുബാധ ഇല്ലാതായി കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കുകയും ഉദ്ദിഷ്ടകാര്യസിദ്ധിയുമാണ് ഗുരുതിവഴിപാടിന്റെ ഫലമായി പറയുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ ഗുരുതി വഴിപാട് നടത്താന്‍ സാധിക്കുകയെന്നതു തന്നെ ഭഗവതിയുടെ അനുഗ്രഹമുളളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. ഈ ഗുരുതിവഴിപാടിനുള്ള ബുക്കിംഗ് ഇപ്പോള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ – 8547178755, 9249796100.
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ദിനവും നിരവധി ഭക്തരാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നതും. അതി വിശേഷപ്പെട്ട ധാരാളം പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലുണ്ട്. ഗുരുതികൂടാതെ ത്രികാലപൂജ, ഉദയാസ്തമായ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.